ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കവെ യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലിന്റെ ഈ ഫോര്‍മാറ്റിലെ മോശം ഫോം ഇന്ത്യക്കു വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20 മല്‍സരത്തില്‍ അദ്ദേഹം പൂജ്യത്തിനു പുറത്തായിരുന്നു. വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ ഗില്ലിനുണ്ടായുള്ളൂ. പേസര്‍ ലിസാര്‍ഡ് വില്ല്യംസിന്റെ ബൗളിങില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിന്റെ ഫൈനലിനു ശേഷം ഇന്ത്യക്കു വേണ്ടി ഗില്‍ കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു പിന്നാലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഗില്ലിനു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ടീമിലേക്കു തിരിച്ചെത്തിയ താരം മികച്ചൊരു ഇന്നിങ്‌സുമായി കസറുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ അതു സംഭവിച്ചില്ല.

അന്താരാഷ്ട്ര ടി20യില്‍ ഇതുവരെ കളിച്ച 12 ഇന്നിങ്‌സുകളെടുത്താല്‍ ഗില്ലിന്റെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ലെന്നു കാണാം. ഇവയില്‍ എട്ടു ഇന്നിങ്‌സുകളിലും അദ്ദേഹം ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്താവുകയായിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും മാറ്റിനിര്‍ത്തിയാല്‍ 12 ഇന്നിങ്‌സുകളില്‍ ഗില്ലിനു കാര്യമായൊന്നും ചൂണ്ടിക്കാണിക്കാനില്ല.
7, 5, 46, 7, 11, 126*, 3, 7, 6, 77, 9, 0 എന്നിങ്ങനെയാണ് താരത്തിന്റെ ടി20യിലെ സ്‌കോറുകള്‍. ടി20 ലോകകപ്പ് വരാനിരിക്കെ കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ഗില്ലില്‍ നിന്നു ടീമിനു ആവശ്യമാണ്. അല്ലെങ്കില്‍ മറ്റു ഓപ്ഷനുകളിലേക്കു പോവാന്‍ ഇന്ത്യ നിര്‍ബന്ധിതരായി തീരുകയും ചെയ്യും.
അടുത്ത ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ആറു മാസത്തോളം ടൂര്‍ണമെന്റിനായി ബാക്കിയുണ്ടെങ്കിലും ഇതിനിടെ ഇന്ത്യക്കു ഇനി ബാക്കിയുള്ളത് വെറും നാലു ടി20കളാണ്.
സൗത്താഫ്രിക്കയുമയുള്ള പരമ്പരയിലെ ഒരു മല്‍സരം കൂടാതെ ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേ മൂന്നു ടി20കളിലുമാണ് ഇന്ത്യ കളിക്കുക. അതുകൊണ്ടു തന്നെ ഈ മല്‍സരങ്ങളില്‍ ഗില്ലില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ കൂടിയേ തീരൂ. അദ്ദേഹത്തിനു അതിനു കഴിഞ്ഞില്ലെങ്കില്‍ പകരം റുതുരാജ് ഗെയ്ക്വാദ് പ്ലെയിങ് ഇലവനിലേക്കു വരാന്‍ സാധ്യത കൂടുതലാണ്.

മറ്റു രണ്ടു ഫോര്‍മാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടി20യില്‍ ഗില്ലിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കണക്കുകള്‍ പറയുന്നു. ടി20യില്‍ 12 മല്‍സരങ്ങളില്‍ നിന്നും 27.64 ശരാശരിയില്‍ 145.45 സ്‌ട്രൈക്ക് റേറ്റില്‍ 304 റണ്‍സ് മാത്രമേ താരത്തിനു നേടാനായിട്ടുള്ളൂ. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെയാണിത്.
പക്ഷെ ഏകദിനത്തില്‍ ഗില്ലിന്റെ റെക്കോര്‍ഡ് മികച്ചതാണ്. 44 മല്‍സരങ്ങളില്‍ നിന്നും 61.38 ശരാശരിയില്‍ 2271 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഡബിള്‍ സെഞ്ച്വറിയും ആറു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
ടി20യില്‍ ഗില്ലിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് റുതുരാജിന്റേത്. ഇതുവരെ കളിച്ച 17 ഇന്നിങ്‌സുകളില്‍ നിന്നും 35.71 ശരാശരിയില്‍ 500 റണ്‍സ് താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച പരമ്പരയിലായിരുന്നു റുതുരാജ് കന്നി സെഞ്ച്വറി കണ്ടെത്തിയത്. ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ ടി20യില്‍ ഗില്ലിനേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നത് റുതുരാജ് തന്നെയാണെന്നതില്‍ സംശയമില്ല.