For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിന്റെ കാലം കഴിഞ്ഞോ? നായകനായി ഭാവി എന്ത്? ഗംഭീര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ് രോഹിത് ശര്‍മ. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി തന്ത്രശാലിയായ നായകനാണ് രോഹിത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. തോല്‍വി അറിയാതെ 10 മത്സരം പൂര്‍ത്തിയാക്കി ഫൈനല്‍ കളിച്ച ഇന്ത്യക്ക് കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് മുട്ടുമടക്കേണ്ടി വന്നു.

എങ്കിലും നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് കൈയടി നേടി. എന്നാല്‍ ഫൈനലിലെ ഇന്ത്യയുടെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിലവില്‍ പരിമിത ഓവറില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തയ്യാറെടുക്കുകയാണ് രോഹിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്ക് സ്ഥാനമില്ല. അദ്ദേഹം വിശ്രമം എടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇൗ വര്‍ഷം ഒരു ടി20 പോലും കളിക്കാത്ത രോഹിത് അടുത്ത ടി20 ലോകകപ്പിലും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ രോഹിത് ശര്‍മയുടെ കാലം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും മികച്ച നായകനാണ് അദ്ദേഹമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. 'നായകനെന്ന നിലയില്‍ ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് രോഹിത് നടത്തിയിട്ടുള്ളത്. അഞ്ച് ഐപിഎല്‍ ട്രോഫി നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യ എത്ര ആധികാരികമായാണ് ഏകദിന ലോകകപ്പ് കളിച്ചത്.

ലോകകപ്പ് ഫൈനലില്‍ ഫലം പ്രശ്‌നമല്ല. ടീം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ചാമ്പ്യന്‍ നിരയെപ്പോലെയാണ് രോഹിത് കളിച്ചത്. ഒരു മോശം മത്സരംകൊണ്ട് രോഹിത് മോശം നായകനാവുകയോ ഇന്ത്യ മോശം ടീമാവുകയോ ഇല്ല. 10 മത്സരത്തിലൂടെ അവര്‍ തങ്ങളുടെ കരുത്ത് എന്താണെന്ന് കാട്ടിക്കൊടുത്തു. അപ്പോഴെല്ലാം പ്രശംസിച്ചവര്‍ ഒരു മോശം മത്സരം കൊണ്ട് രോഹിത് മോശം നായകനാവുമെന്ന് പറയുന്നത് നീതിയല്ല'- ഗംഭീര്‍ പറഞ്ഞു.

gautam gambhir

ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകനാക്കി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ഹാര്‍ദിക്കിന് പരിക്കേറ്റതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയായി. ഇപ്പോള്‍ രോഹിത്തിനെത്തന്നെ നായകനാക്കി മുന്നോട്ട് പോകാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ലെന്ന സൂചനയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നത്.

രോഹിത് ഐപിഎല്ലില്‍ മികച്ച ഫോമിലാണെങ്കില്‍ ടി20 ലോകകപ്പിലും അവനെ നായകനാക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. 'രോഹിത് ശര്‍മ മികച്ച ഫോമിലാണെങ്കില്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ അവന്‍ നയിക്കണം. മോശം ഫോമിലാണെങ്കില്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത്. നായകസ്ഥാനം ഒരു ഉത്തരവാദിത്തമാണ്. താരമെന്ന നിലയില്‍ ടീമിന്റെ ഭാഗമാവാന്‍ അനുയോജ്യനാണോയെന്ന് ആദ്യം തീരുമാനിക്കുക. എന്നിട്ട് നായകനാക്കാം.

നായകന് പ്ലേയിങ് 11ല്‍ സ്ഥിര സ്ഥാനമുണ്ടാവും. എന്നാല്‍ സ്ഥിരം സ്ഥാനം നിര്‍ണ്ണയിക്കേണ്ടത് ഫോമിന്റെ അടിസ്ഥാനത്തിലായിരിക്കണം. പ്രായമല്ല ഒരു താരത്തിനെ ടീമിലെടുക്കുന്നതിന്റേയും ഒഴിവാക്കുന്നതിന്റേയും അടിസ്ഥാനം. വിരമിക്കല്‍ വ്യക്തിയുടെ തീരുമാനമാണ്. ഒരു താരത്തെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവില്ല. ഫോമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. റണ്‍വേട്ടക്കാരില്‍ രോഹിത് രണ്ടാം സ്ഥാനത്തായിരുന്നു. 597 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 125ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍. എന്നാല്‍ അവസാന ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനായിരുന്നില്ല. എന്നാല്‍ വരുന്ന സീസണ്‍ അദ്ദേഹത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. തിളങ്ങാനായില്ലെങ്കില്‍ ടി20 കരിയറിനെയത് പ്രതികൂലമായി ബാധിച്ചേക്കും.

Story first published: Sunday, December 10, 2023, 9:54 [IST]
Other articles published on Dec 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+