കട്ടക്ക്: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സൂപ്പര്‍ ഷോയില്‍ സൗത്താഫ്രിക്കയെ തീര്‍ത്ത് ടീം ഇന്ത്യ. ആദ്യ ടി20യില്‍ 101 റണ്‍സിന്റെ ആധികാരിക വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും ആഘോഷിച്ചത്. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ 176 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് സൗത്താഫ്രിയ്ക്കു നല്‍കിയത്.
മറുപടിയില്‍ എട്ടോവര്‍ ആവുമ്പോഴേക്കും അഞ്ചു മുന്‍നിര വിക്കറ്റുകള്‍ കൈവിട്ട് സൗത്താഫ്രിക്ക തോല്‍വിയുറപ്പിക്കുകയും ചെയ്തു. 12.3 ഓവറില്‍ വെറും 74 റണ്‍സ് മാത്രമെടുത്ത് അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി. ടി20 ചരിത്രത്തില്‍ അവരുടെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്. സൗത്താഫ്രിക്കന്‍ നിരയില്‍ ഒരാളെ പോലും 25 റണ്‍സ് തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ് മാത്രമേ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. മറ്റാരും 20 പോലുമെത്തിയില്ല. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചകവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സൗത്താഫ്രിക്കയുടെ അന്തകരായത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.
രക്ഷകനായി ഹാര്‍ദിക്
വീണ്ടുമൊരിക്കല്‍ക്കൂടി ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 175 റണ്‍സെന്ന വിന്നിങ് ടോട്ടലിലെത്തിയത്. മുന്‍നിര ബാറ്റര്‍മാരെല്ലാം പതറിയ കളിയില്‍ ടീമിന്റെ രക്ഷകനായത് ഹാര്‍ദിക് പാണ്ഡ്യയാണ്. ഏഷ്യാ കപ്പിനു ശേഷം ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീര ഇന്നിങ്‌സോടെ അദ്ദേഹം ആഘോഷിക്കുകയായിരുന്നു.
ആറാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പുറത്താവാതെ 59 റണ്‍സാണ് അടിച്ചെടുത്തത്. വെറും 28 ബോളുകളിലാണിത്. ആറു ഫോറും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ കളിയില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഏക താരവും ഹാര്‍ദിക്കാണ്. തിലക് വര്‍മ (26), അക്ഷര്‍ പട്ടേല്‍ (23) എന്നിവരാണ് 20ന് മുകളില്‍ നേടിയ മറ്റു താരങ്ങള്‍.

ഓപ്പണിങില്‍ ശുഭ്മന്‍ ഗില്‍ (4) വീണ്ടും ദുരന്തമായപ്പോള്‍ പതിവുതെറ്റിച്ച് അഭിഷേക് ശര്‍മ (17) ഫ്‌ളോപ്പായി മാറി. ക്യാപ്റ്റന്‍ സൂര്യ (12) ഈ കളിയിലും ഫോം വീണ്ടെടുക്കാനായില്ല. 12ാം ഓവറില്‍ തിലകിനെ നഷ്ടമായി ഇന്ത്യ നാലിനു 78 റണ്‍സെന്ന നിലയുല്‍ പതറവെയാണ് ഹാര്‍ദിക് ക്രീസിലെത്തുന്നത്.
ആ സമയത്തു ഇന്ത്യ 150 റണ്‍സ് പോലും തികയ്ക്കുന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ മല്‍സരഗതി ത്‌ന്നെ മാറ്റുന്ന ഇന്നിങ്‌സാണ് ഹാര്‍ദിക് കാഴ്ചവച്ചത്. അഗ്രസീവ് ബാറ്റിബിലൂടെ അദ്ദേഹം ടീമിനെ 175ലേക്കുയര്‍ത്തുകയായിരുന്നു. ആറാം വക്കറ്റില്‍ ശിവം ദുബെയ്‌ക്കൊപ്പം 19 ബോളല്‍ 33ഉം ഏഴാം വിക്കറ്റില്‍ ജിതേഷ് ശര്‍മയ്‌ക്കൊപ്പം 17 ബോളില്‍ 38 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനു സാധിക്കുകയും ചേയ്തു.
ടോസിനു ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിനു ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം, പകരം ജിതേഷ്് ശര്‍മയ്ക്കാണ് നറുക്കുവീണത്. കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയും കളിപ്പിച്ചില്ല.
പ്ലെയിങ് 11
ഇന്ത്യ- ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, ലുതോ സിപംല, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ.