അഹമ്മദാബാദ്: സ്വന്തം കാണികള്‍ക്കു മുന്നില്‍ തീപ്പൊരി ഇന്നിങ്‌സുമായി ഹാര്‍ദിക് പാണ്ഡ്യ കത്തിക്കയറിയപ്പോള്‍ അഞ്ചാം ടി20യില്‍ സൗത്താഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. 30 റണ്‍സിന്റെ മിന്നുന്ന ജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-1നു ഇന്ത്യ കൈക്കലാക്കുകയും ചെയ്തു.
232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. അഗ്രസീവ് ഫിഫ്റ്റിയോടെ ക്വിന്റണ്‍ ഡികോക്ക് (65) കസറിയെങ്കിലും മറ്റുവള്ളവരില്‍ നിന്നും കാര്യമായ പ്രകടനമുണ്ടായില്ല. ഇതോടെ എട്ടു വിക്കറ്റിനു 201 റണ്‍സിനു അവരുടെ പോരാട്ടവും അവസാനിച്ചു.

35 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഡികോക്കിന്റെ ഇന്നിങ്‌സ്. ഡെവാള്‍ഡ് ബ്രെവിസാണ് (17 ബോളില്‍ 31) മറ്റൊരു പ്രധാന സ്‌കോറര്‍. വേറെയാരും 20 റണ്‍സ് പോലും തികച്ചില്ല. നാലു വിക്കറ്റെടുത്ത സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് സൗത്താഫ്രിക്കയുടെ അന്തകനായത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും നേടി.
ഹാദിക് ഷോ, മിന്നിച്ച് തിലകും
ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 231 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ തിലക് വര്‍മയുടെയും (73) ഹാര്‍ദിക് പാണ്ഡ്യയുടെയും (63) അഗ്രസീവ് ഫിഫ്റ്റികളാണ്. 42 ബോളില്‍ 10 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് തിലകിന്റെ ഇന്നിങ്‌സ്.
എന്നാല്‍ ഹാര്‍ദിക്കായിരുന്നു യഥാര്‍ഥ ഹീറോ. വെറും 25 ബോളിലാണ് അദ്ദേഹം 63 റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു വീതം ഫോറും സിക്‌സറും ഇതിലുള്‍പ്പെടും. വെറും 16 ബോളിലായിരുന്നു ഹാര്‍ദിക്കിന്റെ ഫിഫ്റ്റി. ഈ ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാം ഫിഫ്റ്റി കൂടിയാണിത്.
നാലാം വിക്കറ്റില്‍ തിലക്- ഹാര്‍ദിക് സഖ്യം 44 ബോളില്‍ അടിച്ചെടുത്ത 105 റണ്‍സാണ് ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വീണ്ടും ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണ്‍ 22 ബോളില്‍ 37 റണ്‍സുമായി തന്റെ സാന്നിധ്യമറിയിച്ചു. 21 ബോളില്‍ 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയും മോശമാക്കിയില്ല.
ടോസിനു ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ടി20യിലെ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലേക്കു വന്നത്. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിനൊപ്പം സകുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ ടീമിനു പുറത്തു പോവുകയും ചെയ്തു.

മറുഭാഗത്തു സൗത്താഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റം വരുത്തി. ആന്‍ട്രിച്ച് നോര്‍ക്കിയക്കു പകരം ജോര്‍ജ് ലിന്‍ഡെ കളിക്കുകയായിരുന്നു. നേരത്തേ ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തില്‍ നടക്കാനിരുന്ന നാലാം ടി20 മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.
അതേസമയം, ഈ പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. കട്ടക്കിലെ ആദ്യ ടി20യില്‍ 101 റണ്‍സിനാണ് സൗത്താഫ്രിക്കയെ സൂര്യയും സംഘവും കെട്ടുകെട്ടിച്ചത്. വെറും 74 റണ്‍സിനു സൗത്താഫ്രിക്കയെ എറിഞ്ഞിടാനും ഇന്ത്യക്കു സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം ടി20യില്‍ ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
51 റണ്‍സിന്റെ മിന്നുന്ന ജയവുമായി സൗത്താഫ്രിക്ക തിരിച്ചടിക്കുകയായിരുന്നു. ബാറ്റിങിലും ബൗങിലും അവര്‍ ഒരുപോലെ ആധിപത്യം പുലര്‍ത്തിയ മല്‍സരമായിരുന്നു ഇത്. എന്നാല്‍ ധരംശാലയിലെ മൂന്നാം ടി20യില്‍ പിഴവുകള്‍ തിരുത്തി ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തി. ഏഴു വിക്കറ്റിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
അഞ്ചാം ടി20യിലെ 11
ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.