ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ വെല്ലാന്‍ മറ്റൊരു താരമില്ലെന്നു വീണ്ടുമൊരു കിടിലന്‍ ഇന്നിങ്‌സിലൂടെ തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ 360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20യില്‍ അഗ്രസീവ് ഫിഫ്റ്റി കുറിച്ചിരുന്നു. ടീം ബാക്ക്ഫൂട്ടില്‍ നില്‍ക്കവെയായിരുന്നു കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് കളിച്ച സ്‌കൈ 36 ബോളില്‍ 56 റണ്‍സ് അടിച്ചെടുത്തത്. അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്.
ഈ ഇന്നിങ്‌സോടെ ടി20യില്‍ 2000 റണ്‍സെന്ന നാഴികക്കല്ലും സൂര്യ പൂര്‍ത്തിയാക്കിയിരുന്നു. അതിവേഗം ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്ക് കൊണ്ട് തന്നെ സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സുമായിട്ടാണ് സൂര്യ താരതമ്യം ചെയ്യപ്പെടുന്നത്. യഥാര്‍ഥത്തില്‍ ആരാണ് കണക്കുകളില്‍ മുന്നില്‍?

അന്താരാഷ്ട്ര ടി20യില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ താരതമ്യം ചെയ്താല്‍ എബിഡിയേക്കാള്‍ ഏറെ മുന്നിലാണ് സൂര്യയെന്നു കാണാം. സൗത്താഫ്രിക്കയ്ക്കായി 10 വര്‍ഷത്തോളം ടി20യില്‍ കളിച്ചിട്ടും എബിഡിക്കു നേടാനായത് 1672 റണ്‍സാണ്. 75 ഇന്നിങ്‌സുകളില്‍ നിന്നാണിത്. 135 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിക്കാതെ പോയ എബിഡി 10 ഫിഫ്റ്റികളാണ് കുറിച്ചത്.
പക്ഷെ സൂര്യയുടെ ടി20 കരിയര്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഈ ഫോര്‍മാറ്റില്‍ എബിഡിയേക്കാള്‍ അദ്ദേഹം ബഹുദൂരം മുന്നിലാണെന്നു കണക്കുകള്‍ പറയുന്നു. രണ്ടു വര്‍ഷം കൊണ്ട് ടി20യില്‍ സ്‌കൈ 2041 റണ്‍സ് വാരിക്കൂട്ടിക്കഴിഞ്ഞു. വെറും 56 ഇന്നിങ്‌സുകള്‍ മാത്രമേ സൂര്യക്കു ഇതിനായി വേണ്ടിവന്നുള്ളൂ. 171 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. മൂന്നു സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞ സൂര്യ 17 ഫിഫ്റ്റികളും ടി20യില്‍ അടിച്ചെടുത്തു.
നേടിയ റണ്‍സിന്റെയും സെഞ്ച്വറികളുടെയും സ്‌ട്രൈക്ക് റേറ്റിന്റെയും കാര്യത്തില്‍ മാത്രമല്ല സിക്‌സറുകളുടെ എണ്ണത്തിലും എബിഡിയുടെ വല്ല്യേട്ടനാണ് സ്‌കൈ. 115 സിക്‌സറുകളാണ് രണ്ടു വര്‍ഷം കൊണ്ട് ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. എബിഡിക്കാവട്ടെ ടി20 കരിയറിലാകെ നേടാനായത് 60 സിക്‌സറുകള്‍ മാത്രമാണ്.
ടി20യില്‍ എബിഡിയെ സൂര്യ നിഷ്പ്രഭനാക്കുമെങ്കിലും ഏകദിനത്തില്‍ കാര്യങ്ങള്‍ നേരെ തിരിച്ചുമാണ്. ഏകദിന ളഫോര്‍മാറ്റില്‍ തികഞ്ഞ പരാജയമാണ് സ്‌കൈ. ടി20യിലെ തന്റെ മാജിക്കല്‍ പ്രകടനം ഏകദിനത്തില്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിച്ചിട്ടു പോലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 35 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും 25.77 ശരാശരിയില്‍ 773 റണ്‍സ് മാത്രമേ സൂര്യക്കു നേടാനായിട്ടുള്ളൂ. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

പക്ഷെ ഏകദിനത്തില്‍ എബിഡി വേറെ ലെവലാണ്. 218 ഇന്നിങ്‌സുകളില്‍ നിന്നും 53.5 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 9577 റണ്‍സ് നേടിയാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്. 25 സെഞ്ച്വറികളും 53 ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു.
ടെസ്റ്റിലും കിടിലന്‍ റെക്കോര്‍ഡാണ് എബിഡിക്കുള്ളത്. 191 ഇന്നിങ്‌സുകളില്‍ നിന്നും 50.66 ശരാശരിയില്‍ 8765 റണ്‍സ് താരം നേടിയിട്ടുണ്ട്. രണ്ടു ഡബിള്‍ സെഞ്ച്വറികളും 22 സെഞ്ച്വറികളും 46 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
സൂര്യയാവട്ടെ ടെസ്റ്റില്‍ ഒരേയൊരു മല്‍സരം മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും നേടാനായത് എട്ടു റണ്‍സ് മാത്രം. മൂന്നു ഫോര്‍മാറ്റുകളും കൂടി താരതമ്യം ചെയ്താല്‍ എബിഡിയുടെ ഏഴയലത്തു പോലും സൂര്യ എത്തില്ലെന്നു ഇതിലൂടെ വ്യക്തമാണ്. പക്ഷെ ടി20 മാത്രമെടുത്താല്‍ അവിടെ സ്‌കൈ തന്നെയാണ് കിങ് എന്ന കാര്യത്തില്‍ സംശയം വേണ്ട.