ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ഉജ്ജ്വല ബൗളിങിലൂടെ കൈയടി നേടിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. സമാപിച്ച ടി20 പരമ്പരയിലും അതിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലുമെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയതിന്റെ പേരില്‍ അര്‍ഷ്ദീപ് ഏറെ പഴി കേട്ടിരുന്നു. എന്നാല്‍ ആദ്യ ഏകദിനത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഇതിന്റെ ക്ഷീണം തീര്‍ത്തിരിക്കുകയാണ് അദ്ദേഹം.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയ്ക്കു തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ചത് അര്‍ഷ്ദീപായിരുന്നു. ആദ്യത്തെ നാലു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. എല്ലാം പവര്‍പ്ലേയില്‍ തന്നെയായിരുന്നു. അഞ്ചോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്. ഈ പ്രകടനത്തോടെ വമ്പന്‍ റെക്കോര്‍ഡ് അര്‍ഷ്ദീപ് തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ പവര്‍പ്ലേയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണിത്. മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥായിരുന്നു നേരത്തേ രണ്ടാംസ്ഥാനത്ത്. അദ്ദേഹത്തെ പിന്തള്ളി അര്‍ഷ്ദീപ് രണ്ടാമനായിയിരിക്കുകയാണ്.
ഇതേ വേദിയില്‍ നേരത്തേ ശ്രീലങ്കയ്‌ക്കെതിരേ 20 റണ്‍സിനു നാലു വിക്കറ്റുകളെടുത്താണ് ശ്രീനാഥ് രണ്ടാംസ്ഥാനത്തു നിന്നത്. ഇന്നു ഒരു റണ്‍സ് കുറച്ചു വഴങ്ങി നാലു പേരെ പുറത്താക്കിയതോടെ അര്‍ഷ്ദീപ് ഇതു തിരുത്തുകയായിരുന്നു. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. നേരത്തേ ഓവലില്‍ ഇംഗ്ലണ്ടിനെതിരേ പവര്‍പ്ലേയില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു പേരെ പുറത്താക്കുകയായിരുന്നു.
ഇതു കൂടാതെ 2022 മുതലുള്ള കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ പവര്‍പ്ലേയിലെ മികച്ച അഞ്ചാമത്തെ മികച്ച പ്രകടനം കൂടിയാണ് അര്‍ഷ്ദീപ് തന്റെ പേരിലാക്കിയത്. മുഹമ്മദ് സിറാജാണ് തലപ്പത്ത്. ശ്രീലങ്ക്‌ക്കെതിരേ പവര്‍പ്ലേയില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം കൊയ്തിരുന്നു.

ശ്രീലങ്കയ്‌ക്കെതിരേ തന്നെ ഏഴു റണ്‍സിനു നാലു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് രണ്ടാംസ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരേ ഒമ്പതു റണ്‍സിനു നാലു പേരെ പുറത്താക്കിയ ജസ്പ്രീത് ബുംറ മൂന്നാമതും ശ്രീലങ്കയ്‌ക്കെതിരേ 17 റണ്‍സിനു നാലു വിക്കറ്റെടുത്ത സിറാജ് നാലാമതുമുണ്ട്. അര്‍ഷ്ദീപ് അഞ്ചാംസ്ഥാനത്തും നില്‍ക്കുന്നു.
ഇന്ത്യക്കു 117 റണ്‍സ് വിജയലക്ഷ്യം
അര്‍ഷ്ദീപിന്റെയും ആവേശ് ഖാന്റെയും തകര്‍പ്പന്‍ ബൗളിങിന്റെ മികവില്‍ ആദ്യ ഏകദിനത്തില്‍ സൗത്താഫ്രിക്കയെ ഇന്ത്യ വെറും 116 റണ്‍സിനു ഓള്‍ഔട്ടാക്കിയിരിക്കുകയാണ്. 27.3 ഓവറില്‍ സൗത്താഫ്രിക്ക കൂടാരംകയറുകയായിരുന്നു. അര്‍ഷ്ദീപ് ഫൈഫറിനു അവകാശിയായപ്പോള്‍ ആവേശ് ഖാന്‍ നാലു വിക്കറ്റുകളും പോക്കറ്റിലാക്കി. ശേഷിച്ച ഒരു വിക്കറ്റ് കുല്‍ദീപ് യാദവിനായിരുന്നു.
വാലറ്റത്ത് ആന്‍ഡിലെ ഫെലുക്വായോയുടെയും (33) ഓപ്പണര്‍ ടോണി ഡി സോര്‍സിയുടെയും (28) ഇന്നിങ്‌സുകളാണ് സൗത്താഫ്രിക്കയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടക്ക സ്‌കോര്‍ തികച്ച മറ്റൊരു താരം. 10 ഓവറില്‍ 37 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഷ്ദീപ് അഞ്ചു പേരെ പുറത്താക്കിയത്. ആവേശ് എട്ടോവറില്‍ മൂന്നു മെയ്ഡനടക്കം 27 റണ്‍സിന് നാലു വിക്കറ്റുകളെടുക്കുകയും ചെയ്തു.