ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 19.3 ഓവറില്‍ 7 വിക്കറ്റിന് 180 റണ്‍സില്‍ നില്‍ക്കവെ മഴ വില്ലനായി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി കുറച്ചു. 7 പന്തും 5 വിക്കറ്റും ബാക്കിയാക്കിയാണ് ദക്ഷിണാഫ്രിക്കയുടെ ജയം.
ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക പരമ്പര ഉറപ്പിച്ചു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റീസ ഹെന്‍ഡ്രക്‌സ് (49), എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ തിളങ്ങി. ഇന്ത്യക്കായി റിങ്കു സിങ്ങും (68*) സൂര്യകുമാര്‍ യാദവും (56) അര്‍ധ സെഞ്ച്വറി നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് യശ്വസി ജയ്‌സ്വാളിനെ (0) നഷ്ടമായി. കട്ട് ഷോട്ടിന് ശ്രമിച്ച ജയ്‌സ്വാളിനെ ഡേവിഡ് മില്ലര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ തിലക് വര്‍മക്ക് ലൈഫ് ലഭിച്ചത് ഇന്ത്യക്ക് ആശ്വാസമായി. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ ശുബ്മാന്‍ ഗില്ലും അക്കൗണ്ട് തുറക്കാതെ മടങ്ങി.

ലിസാഡ് വില്യംസ് ശുബ്മാനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇന്ത്യയെ രക്ഷിച്ചത് തിലക് വര്‍മ-സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടാണ്. 49 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം തിലക് (20 പന്തില്‍ 29) പുറത്തായി. നാല് ഫോറും 1 സിക്‌സുമാണ് തിലകിന്റെ സമ്പാദ്യം. പിന്നീട് ഒത്തുകൂടിയ സൂര്യയും റിങ്കു സിങ്ങും അര്‍ധ സെഞ്ച്വറികളോടെ കസറി. 36 പന്ത് നേരിട്ട് 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.
ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചാണ് സൂര്യയുടെ മടക്കം. ജിതേഷ് ശര്‍മ (1) എയ്ഡന്‍ മാര്‍ക്രത്തിന് വിക്കറ്റ് നല്‍കി മടങ്ങി. രവീന്ദ്ര ജഡേജ 14 പന്തില്‍ 19 റണ്‍സാണ് നേടിയത്. റിങ്കു 39 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സോടെ പുറത്താവാതെ നിന്നു. 19.3 ഓവറില്‍ 7 വിക്കറ്റിന് 180 എന്ന മികച്ച സ്‌കോറില്‍ ഇന്ത്യ എത്തിനില്‍ക്കവെ മഴ വില്ലനായെത്തി. ഇതോടെ 15 ഓവറില്‍ 152 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം ചുരുക്കി.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചു. 42 റണ്‍സ് സ്‌കോര്‍ബോര്‍ഡിലുള്ളപ്പോള്‍ മാത്യു ബ്രീറ്റ്‌സ് പുറത്തായി. 7പന്തില്‍ 16 റണ്‍സെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു. പിന്നീടെത്തിയവരും കടന്നാക്രമിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 17 പന്തില്‍ 30 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രത്തെ മുകേഷ് യാദവും റീസ ഹെന്‍ഡ്രിക്‌സിനെ (48) കുല്‍ദീപ് യാദവും പുറത്താക്കി.
ഹെന്‍ റിച്ച് ക്ലാസനെ മുഹമ്മദ് സിറാജും മടക്കി. ഡേവിഡ് മില്ലറെ (17) മുകേഷ് കുമാര്‍ പുറത്താക്കി. എന്നാല്‍ 6 പന്തും 5 വിക്കറ്റും ബാക്കിനിര്‍ത്തി ദക്ഷിണാഫ്രിക്ക വിജയം നേടിയെടുത്തു.
പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക: മാത്യു ബ്രീറ്റ്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി ഫെലുക്ക്വായോ, ജെറാള്‍ഡോ കോയിറ്റ്‌സി, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി