
ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് പോലും ചിന്തിച്ചിരുന്നു. ഗ്യാലറിയിലെ ഇന്ത്യന്‍ ആരാധകര്‍ നിരാശയോടെ തല താഴ്ത്തിയിരിക്കുന്ന അവസ്ഥ പോലും ഉണ്ടായി. എന്നാല്‍ ഹര്‍ദിക് എത്തിയതോടെ കളി മാറി. എല്ലാവരും റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ അനായാസമാണ് ഹര്‍ദിക് റണ്‍സുയര്‍ത്തിയത്. 17 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 33 റണ്‍സാണ് ഹര്‍ദിക് നേടിയത്. 194.11 സ്‌ട്രൈക്കറേറ്റിലുള്ള ഗംഭീര പ്രകടനം.
എല്ലാവരും സമ്മര്‍ദ്ദത്തിനടിമപ്പെട്ടപ്പോഴും ഒരു തരി സമ്മര്‍ദ്ദംപോലും പ്രകടമാക്കാത്ത മനോഭാവമായിരുന്നു ഹര്‍ദിക്കിന്റേത്. കുങ്ഫു പാണ്ഡ്യ മാത്രമല്ല കൂള്‍ പാണ്ഡ്യയാണ് താനെന്ന് തെളിയിക്കുന്ന ബാറ്റിങ്. ഒരു കാലത്ത് ധോണി ഇന്ത്യക്കായി നെഞ്ചുവിരിച്ച് ഫിനിഷ് ചെയ്തിരുന്നതിനെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭാവി നായകനെന്ന സ്ഥാനത്തോട് കൂടുതല്‍ അടുക്കുകയാണ് അദ്ദേഹമെന്ന് പറയാം.
ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

എഴുതിത്തള്ളിയവര്‍ക്ക് മുന്നിലൂടെയാണ് ഹര്‍ദിക്കിന്റെ മാസ് തിരിച്ചുവരവ്. 2018ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മത്സരത്തിലാണ് ഹര്‍ദിക്കിന്റെ തോളിന് പരിക്കേല്‍ക്കുന്നത്. പുറം വേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയയടക്കം നടത്തിയ അദ്ദേഹത്തിന് ഏറെ നാള്‍ പന്തെറിയാന്‍ സാധിച്ചിരുന്നില്ല. 2021ലെ ടി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ഹര്‍ദിക്കിനെ ഇന്ത്യ തഴയുകയും ചെയ്തു. പകരം വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവും നടത്തി.

എന്നാല്‍ താന്‍ തോറ്റുപോകില്ലെന്ന് ഉറപ്പിച്ച ഹര്‍ദിക് അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചാണ് വരവറിയിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ നട്ടെല്ലായി മാറി ടീമിന്റെ നായകനായാണ് ഹര്‍ദിക് ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ശേഷവും പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹര്‍ദിക് ഹീറോയായി മാറുന്നു.
ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവാണ് പാകിസ്താനെതിരേ ഇന്ത്യ വിജയത്തിലെത്തിച്ചതെന്ന് പറയാം. അതുകൊണ്ടാണ് കളിയിലെ താരമാവാനും അദ്ദേഹത്തിനായത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഹര്‍ദിക് വീഴ്ത്തിയത്. ഇന്ത്യ അടുത്ത ഐസിസി കിരീടം നേടുന്നുണ്ടെങ്കില്‍ അതില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈയൊപ്പ് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അത്രത്തോളം ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമായി ഹര്‍ദിക് പാണ്ഡ്യ മാറി.
പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

ഹര്‍ദിക് ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് പിന്നാലെ ദിനേഷ് കാര്‍ത്തിക് ഹര്‍ദിക്കിന് മുന്നില്‍ തലകുനിച്ചിരുന്നു. സത്യത്തില്‍ ഓരോ ഇന്ത്യന്‍ ആരാധകരും ചെയ്യാന്‍ ആഗ്രഹിച്ചതാണ് കാര്‍ത്തിക് ചെയ്തത്. ആരെയും ഭയമില്ലാത്ത ഹര്‍ദിക്കിനെപ്പോലെയുള്ള താരങ്ങള്‍ ഇന്ന് ലോകക്രിക്കറ്റില്‍ ചുരുക്കമാണ്. പരിമിത ഓവറിലെ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് തന്നെ ഹര്‍ദിക്കിനെ വിശേഷിപ്പിക്കാം.
ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഹര്‍ദിക്കിന്റെ പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ്. ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണെന്നാണ് പലരും ഹര്‍ദിക്കിനെ വിശേഷിപ്പിച്ചത്. പോരാളിയാണെയെന്നും പറയുന്നവര്‍ ഏറെ. ഹര്‍ദിക്കിനെപ്പോലൊരു താരം ഇന്ത്യക്കായി ഇങ്ങനെ മികവ് കാട്ടുമ്പോള്‍ ടി20 ലോകകപ്പെന്ന സ്വപ്‌നം കൂടുതല്‍ ഇന്ത്യയിലേക്കടുക്കുന്നു. എന്തായാലും വീണ്ടും ആരാധകരുടെ ഹീറോയായി മാറാന്‍ ഹര്‍ദിക്കിന് സാധിച്ചിരിക്കുകയാണ്.


Click it and Unblock the Notifications












