Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 25ാം ഓവര്‍ വരെ അശ്വിനില്ല!! തോറ്റപ്പോള്‍ പന്ത് നല്‍കി, രോഹിത് ഇത്ര മണ്ടനോ?

ബെംഗളുരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വന്‍ പരാജയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങള്‍ക്കുമെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ടോസ് ലഭിച്ചതു മുതലുള്ള രോഹിത്തിന്റെ പല തീരുമാനങ്ങളും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. നായകനെന്ന നിലയില്‍ പല അബദ്ധങ്ങളും ഈ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ളതായി കാണാം.

അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് വെറ്ററന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനോടു രോഹിത് കാണിച്ച അവഗണനയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തെ രോഹിത് ബൗളിങില്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നു കാണാം. ഒരുപാട് അനുഭവസമ്പത്തുള്ള അശ്വിനെ എന്തുകൊണ്ട് അദ്ദേഹം ബൗളിങില്‍ വിശ്വസിച്ചില്ലെന്നതാണ് പ്രധാന ചോദ്യം.

ASHWIN

അശ്വിന് രണ്ടോവര്‍ മാത്രം

107 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു ഇന്ത്യന്‍ ടീം നല്‍കിയത്. സ്വാഭാവികമായും ഇത്ര ചെറിയൊരു ടോട്ടല്‍ പ്രതിരോധിച്ചു ജയിക്കുകയെന്നതു ഏറെക്കുറെ അസാധ്യം തന്നെയാണെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ബൗളിങില്‍ രോഹിത് ശര്‍മ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണ്ടതും ആവശ്യമായിരുന്നു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവുമധികം അനുഭവസമ്പത്തുള്ള, ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകളുള്ള ബൗളറാണ് അശ്വിന്‍. എന്നിട്ടും 25ാമത്തെ ഓവര്‍ വരെ ഒരോവര്‍ പോലും അദ്ദേഹത്തിനു രോഹിത് നല്‍കിയില്ലെന്നതു ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. അപ്പോഴേക്കും മല്‍സരം ഇന്ത്യ തോറ്റു കഴിയുകയും ചെയ്തിരുന്നു. കിവികള്‍ രണ്ടു വിക്കറ്റിനു 97 റണ്‍സില്‍ നില്‍ക്കെയാണ് അശ്വിനെ രോഹിത് പന്തെറിയാന്‍ വിളിച്ചത്.

അപ്പോള്‍ ന്യൂസിലാന്‍ഡിനു ജയിക്കാന്‍ വെറും 10 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. മറ്റു രണ്ടു സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ അപ്പോഴേക്കും ആറും കുല്‍ദീപ് യാദവ് മൂന്നും ഓവറുകള്‍ ബൗള്‍ ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ടും അശ്വിനെ മാത്രം പരീക്ഷിക്കാന്‍ രോഹിത് തയ്യാറായില്ല.

റണ്‍ചേസില്‍ ന്യൂസിലാന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ നായകന്‍ ടോം ലാതമിനെ ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. ഇന്ത്യക്കു കളിയില്‍ പിടിമുറുക്കാനുള്ള സമയമായിരുന്നു ഇത്. ഡെവന്‍ കോണ്‍വേയും വില്‍ യങുമായിരുന്നു അപ്പോള്‍ ക്രീസില്‍.

ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഗംഭീര റെക്കോര്‍ഡുള്ള ബൗളറാണ് അശ്വിന്‍. ടെസ്റ്റില്‍ ഏറ്റവുമധികം ഇടംകൈയന്‍മാരെ പുറത്താക്കിയതും അദ്ദേഹമാണ്. എന്നിട്ടും ഇടംകൈയനായ കോണ്‍വേയ്‌ക്കെതിരേ അശ്വിനെ പരീക്ഷിക്കാന്‍ രോഹിത് തയ്യാറായില്ല. രണ്ടാം വിക്കറ്റില്‍ കേണ്‍വേ- യങ് ജോടി 35 റണ്‍സ് നേടി. കോണ്‍വോയെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ ലഭിച്ചു.

തുടര്‍ന്നു പുതുതായി ക്രീസിലേക്കു വന്നത് മറ്റൊരു ഇടംകൈയന്‍ ബാറ്ററായ രചിന്‍ രവീന്ദ്രയാണ്. അപ്പോഴും അശ്വിനെ കൊണ്ടുവരാന്‍ രോഹിത് മടി കാണിച്ചു. ഒടുവില്‍ ടീം മല്‍സരം തോറ്റുവെന്നു ഉറപ്പായപ്പോഴാണ് അശ്വിനു അദ്ദേഹം പന്ത് നല്‍കിയത്. രണ്ടോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം വഴങ്ങിയത് ആറു റണ്‍സുമായിരുന്നു.

ROHIT SHARMA

ഓസീസിനെതിരായ പ്രകടനം

2017ല്‍ ഇതേ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയെ തനിച്ചു ജയിപ്പിച്ചിട്ടുള്ള ബൗളറാണ് ആര്‍ അശ്വിന്‍. അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോലി അദ്ദേഹത്തെ കളിയില്‍ ഗംഭീരമായി ഉപയോഗിക്കുകയും ചെയ്തു. 188 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഓസീസിനു ഇന്ത്യ നല്‍കിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഓസീസിനെതിരേ ഇതു മതിയാവില്ലെന്നായിരുന്നു പ്രതീക്ഷിച്ചത്.

പക്ഷെ അശ്വിന്റെ മാജിക്കല്‍ പ്രകടനം ഓസീസിന്റെ കഥ കഴിക്കുകയായിരുന്നു. വെറും 112 റണ്‍സിനു അവരെ എറിഞ്ഞിട്ട ഇന്ത്യ 75 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് ആഘോഷിച്ചത്. ഇതിനു ചുക്കാന്‍ പിടിച്ചത് അശ്വിനുമായിരുന്നു. 12.4 ഓവറില്‍ നാലു മെയ്ഡനടക്കം 41 റണ്‍സ് വിട്ടുകൊടുത്ത് ആറു പേരെയാണ് അദ്ദേഹം പുറത്താക്കിയത്.

പക്ഷെ ബെംഗളൂരു ടെസ്റ്റില്‍ അശ്വിനെ ഈ രീതിയില്‍ ഉപയോഗിക്കാന്‍ രോഹിത്തിനായില്ല. ഒരുപക്ഷെ പിച്ചിനെ ഈര്‍പ്പവും ആദ്യ ഇന്നിങ്‌സിലെ ശരാശരി പ്രകടനവുമായിരിക്കാം (16 ഓവറില്‍ 94ന് ഒരു വിക്കറ്റ്) ഇതിനു കാരണം. എങ്കിലും തോല്‍ക്കുമെന്നു ഉറപ്പായിരുന്ന ഈ ടെസ്റ്റില്‍ അശ്വിനെ വച്ച് ഒരു ചൂതാട്ടം രോഹിത്തിനു നടത്താമായിരുന്നു. പക്ഷെ അത്തരമൊരു നീക്കത്തിന് അദ്ദേഹം തയ്യാറായില്ല.

Story first published: Sunday, October 20, 2024, 16:18 [IST]
Other articles published on Oct 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+