
വലിയ പ്രതീക്ഷ നല്‍കുന്ന താരം
കഴിയുന്നത്ര ടീമില്‍ വെങ്കടേഷിനെ നിലനിര്‍ത്താനാണ് പദ്ധതി. നിങ്ങള്‍ അവന്റെ ബൗളിങ് കഴിവും കണ്ടു. ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രതീക്ഷ നല്‍കുന്ന താരമായിട്ടാണ് വെങ്കടേഷ് കാണപ്പെടുന്നത്. ബൗളിങിലും അവനു നല്ല കഴിവുണ്ട്. കഴിയാവുന്നത്രയും മല്‍സരങ്ങളില്‍ കളിപ്പിച്ച് വെങ്കടേഷിന് കൂടുകല്‍ ആത്മവിശ്വാസം നല്‍കുകയാണ് ഇനി ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ടീമിനു വേണ്ടി മികച്ച സംഭാവനകള്‍ നല്‍കുവാന്‍ അവനു സാധിക്കുമോയെന്നു അറിയാനാവുകയുള്ളൂ. ഇപ്പോള്‍ അവന്‍ തുടങ്ങിയിട്ടേയുള്ളൂ. മൂന്നു മല്‍സരങ്ങളില്‍ മാത്രമേ വെങ്കടേഷ് കളിച്ചിട്ടുള്ളൂ, ഇംപാക്ടുണ്ടാക്കാന്‍ അവനു ഒരുപാട് അവസരങ്ങളും ലഭിച്ചിട്ടില്ല. പക്ഷെ മുന്നോട്ടുപോകവെ തീര്‍ച്ചയായും വെങ്കടേഷിനു മേല്‍ ഞങ്ങളുടെ ഒരു കണ്ണുണ്ടാവുമെന്നും രോഹിത് വിശദമാക്കി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിനിഷറുടെ റോള്‍
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഓപ്പണറായി ഇറങ്ങിയായിരുന്നു കന്നി സീസണില്‍ തന്നെ വെങ്കടേഷ് താരപദവിയിലേക്കുയര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ മധ്യനിരയിലോ, ലോവര്‍ ഓര്‍ഡറിലോയായിരിക്കും താരത്തിനു അവസരം നല്‍കുകയെന്നു രോഹിത് പറഞ്ഞു.
സാധാരണയായി ബാറ്റ് ചെയ്യാത്ത റോള്‍ വെങ്കടേഷിനു ഞങ്ങള്‍ നല്‍കേണ്ടതുണ്ട്. ഫ്രാഞ്ചൈസിക്കു വേണ്ടി അവന്‍ മുന്‍നിരയിലാണ് കളിക്കുന്നത്, എന്നാല്‍ ദേശീയ ടീമില്‍ മുന്‍നിരയില്‍ ബാറ്റ് ചെയ്യുകയെന്നത് അവനു ബുദ്ധിമുട്ടാവും. അതുകൊണ്ടു തന്നെ അഞ്ചാം നമ്പറിലോ ലോവര്‍ ഓര്‍ഡറിലോ (ആറ് അല്ലെങ്കില്‍ ഏഴ്) ബാറ്റ് ചെയ്യാനായിരിക്കും വെങ്കടേഷിനു ആവശ്യപ്പെടുക. ഈ റോളില്‍ ഞങ്ങള്‍ക്കു വേണ്ടി പെര്‍ഫോം ചെയ്യാന്‍ അവനു സാധിക്കുമോയെന്നു നോക്കും. മൂന്നാം ടി20യില്‍ വളരെ നന്നായി ബാറ്റ് ചെയ്യാന്‍ വെങ്കടേഷിനു സാധിച്ചു. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ അവനുണ്ടെന്നും സമീപനവും മികച്ചതാണെന്നും രോഹിത് വിലയിരുത്തി.

മധ്യനിര മെച്ചപ്പെടണം
ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ രോഹിത് പൂര്‍ണ സംതൃപ്തനല്ല. മധ്യനിര ഇനിയും മെച്ചപ്പെടാനുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ മല്‍സരത്തില്‍ റണ്‍ചേസില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ പതറിയിരുന്നു. മികച്ച തുടക്കം ലഭിച്ച ഇന്ത്യ അനായാസം ജയിക്കുമെന്നിരിക്കെയായിരുന്നു മധ്യനിര പതറിയത്. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം റണ്‍ചേസില്‍ പെട്ടെന്നു പുറത്തായിരുന്നു.
മധ്യനിര ബാറ്റിങിലാണ് നമ്മള്‍ ഇനിയും മെച്ചപ്പെടേണ്ടത്. മുന്‍നിരയില്‍ കെഎല്‍ രാഹുലിനെ നമ്മള്‍ മൂന്നാമത്തെ കളിയില്‍ നമ്മള്‍ കളിപ്പിച്ചില്ല, പക്ഷെ അവന്റെ ഫോം ടീമിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ കളിയിലൊഴികെ മധ്യനിരയ്ക്കു കാര്യമായ അവസരം ലഭിച്ചില്ല. പരമ്പരയിലുനീളം സ്പിന്നര്‍മാര്‍ നമുക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്തു. അശ്വിനും അക്ഷറും വളരെ മികച്ച ബൗളിങ് കാഴചവച്ചു, ചാഹലിന്റെ തിരിച്ചുവരവും എടുത്തു പറയേണ്ടതാണെന്നു രോഹിത് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











