IND vs NZ: ലാതം വെടിക്കെട്ട്, കൂട്ടിനു വില്ലിയും- ഇന്ത്യയെ തകര്‍ത്ത് കിവികള്‍
ഓക്ക്‌ലാന്‍ഡ്: ടി20 പരമ്പരയിലേറ്റ പരാജയത്തിനു ആദ്യ ഏകദിനത്തില്‍ പകരം ചോദിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ബാറ്റര്‍മാര്‍ അരങ്ങുവാണ ഹൈ സ്‌കോറിങ് മാച്ചില്‍ ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് കിവികള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 306 റണ്‍സ് അടിച്ചെടുത്തിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെയാണ് ശിഖര്‍ ധവാനും സംഘവും കനത്ത പരാജയത്തിലേക്കു കൂപ്പുകുത്തിയത്. 47.1 ഓവറില്‍ തന്നെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവികള്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
അഞ്ചാമനായി ഇറങ്ങിയ ടോം ലാതമിന്റെ (145*) ഇടിവെട്ട് സെഞ്ച്വറിയാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. 104 ബോളുകളില്‍ നിന്നും 19 ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. നായകന്‍ കെയ്ന്‍ വില്ല്യംസണാണ് (94*) മറ്റൊരു പ്രധാന സ്‌കോറര്‍.

ലാതം- വില്ലി കൂട്ടുകെട്ട്
ടോം ലാതം- കെയ്ന്‍ വില്ല്യംസണ്‍ ജോടിയാണ് ന്യൂസിലാന്‍ഡിനു ആധികാരിക ജയം സമ്മാനിച്ചത്. 307 റണ്‍സിലേക്കു ബാറ്റ് വീശിയ കിവികള്‍ ഒരു ഘട്ടത്തില്‍ മൂന്നിന് 88 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അപരാജിതമായ നാലാം വിക്കറ്റില്‍ ലാതം- വില്ലി ജോടി ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ നിസ്സഹായരാക്കി. 221 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. ഇവര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബൗളിങ് നിസ്സഹായരാവുകയും ചെയ്തു.
ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മല്‍സരം കളിച്ച യുവ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് രണ്ടു വിക്കറ്റുകളെടുത്തു. ശര്‍ദ്ദുല്‍ ടാക്കൂറിനു ഒരു വിക്കറ്റ് ലഭിച്ചു.

ഇന്ത്യന്‍ ഇന്നിങ്‌സ്
ഇന്ത്യയെ 300ന് പ്ലസ് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത് മൂന്നു പേരുകളുടെ ഫിഫ്റ്റികളായിരുന്നു. ശ്രേയസ് അയ്യര്‍ 80 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം നാലു വീതം ബൗണ്ടറിയും സിക്‌സറുമടിച്ചു.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (72), ശുഭ്മാന്‍ ഗില്‍ (50) എന്നിവരും ടീമിനായി ഫിഫ്റ്റികള്‍ കണ്ടെത്തി. ധവാന്‍ 77 ബോളില്‍ 13 ബൗണ്ടറിയും ഗില്‍ 65 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. സഞ്ജു സാംസണ്‍ (36), വാഷിങ്ടണ്‍ സുന്ദര്‍ (37*) എന്നിവരും നിര്‍ണാക ഇന്നിങ്‌സുകള്‍ നല്‍കി. വെറും 16 ബോളിലാണ് വാഷി 37 റണ്‍സ് അടിച്ചെടുത്തത്.
Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്

രണ്ടു പേര്‍ അരങ്ങേറി
പേസര്‍മാരായ അര്‍ഷ്ദീപ് സിങും ഉമ്രാന്‍ മാലിക്കും ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി. ടോസ് ലഭിച്ച ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 1-0നു പിടിച്ചെടുത്തിരുന്നു. ടി20 പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ നായകന്‍. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 1-0നായിരുന്നു ഹാര്‍ദിക്കും സംഘവും പിടിച്ചെടുത്തത്. ആദ്യ കളി മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അവസാന മല്‍സരം മഴ കാരണം പൂര്‍ത്തിയാക്കാനുമായില്ല. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം പ്രകാരം കളി ടൈയിലും കലാശിച്ചു.പക്ഷെ രണ്ടാം ടി20യില്‍ ഇന്ത്യ 65 റണ്‍സിന്റെ ആധികാരിക വിജയം ആഘോഷിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന്റെ (51 ബോളില്‍ 111*) വണ്‍മാന്‍ ഷോയായിരുന്നു ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്.
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, ഫിന്‍ അലെന്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications