ഗുവാഹത്തി: തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളഞ്ഞിരിക്കുകയാണ് ടീം ഇന്ത്യ. മൂന്നാമങ്കത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരകയില്‍ ഇന്ത്യ 3-0ന്റെ അഭേദ്യമായ ലീഡും കൈക്കലാക്കി.
154 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് കിവികള്‍ ഇന്ത്യക്കു നല്‍കിയത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിട്ടും വെറും 10 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലേക്കു കുതിച്ചെത്തി. അഭിഷേക് ശര്‍മയുടെയും (68*) നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും (57*) അഗ്രസീവ് ഫിഫ്റ്റികളുമാണ് ഇന്ത്യന്‍ വിജയം വേഗത്തിലാക്കിയത്.

വെറും 20 ബോളിലാണ് അഭിഷേക് 68 റണ്‍സ് വാരിക്കൂട്ടിയത്. ഏഴു ഫോറും അഞ്ചു കൂറ്റന്‍ സിക്‌സറുമടക്കമാണിത്. സൂര്യ 26 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടിച്ചു. ഫോമിലേക്കു മടങ്ങിയെത്തിയ സ്‌കൈയുടെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി കൂടിയാണിത്. ഇഷാന്‍ കിഷനാണ് (13 ബോളില്‍ 28) പുറത്തായ മറ്റൊരു താരം.
കിവികളെ എറിഞ്ഞൊതുക്കി
ആദ്യ രണ്ടു മല്‍സരങ്ങളെ അപേക്ഷിച്ച് ഗംഭീര ബൗളിങാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കാഴ്‌വച്ചത്. ഇതോടെ ഒമ്പതു വിക്കറ്റിനു വെറും 153 റണ്‍സില്‍ ന്യൂസിലാന്‍ഡിനു ഒതുങ്ങേണ്ടിയും നിന്നു. കിവി ബാറ്റിങ് ലൈനപ്പില്‍ ആരെയും ഫിഫ്റ്റി കുറിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.
48 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് കിവികളുടെ മാനംകാത്തത്. 40 ബോൡ ആറു ഫോറും ഒരു സിക്‌സറുമടക്കമാണിത്. മാര്‍ക്ക് ചാപ്മാന്‍ (32), നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ (27) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മൂന്നു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം പിഴുത ഹാര്‍ദിക് പാണ്ഡ്യയും രവി ബിഷ്‌നോയിയുമാണ് കിവികളുടെ കഥ കഴിച്ചത്.

തുടരെ രണ്ടാമത്തെ കളിയിലും ടോസ് ജയിച്ചപ്പോള്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യയിറങ്ങിയത്.
അര്‍ഷ്ദീപ് സിങിനും വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം നല്‍കിയ ഇന്ത്യ പകരം ജസ്പ്രീത് ബുംറയെയും രവി ബിഷ്‌നോയിയെയും കളിപ്പിക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് ടീമില്‍ ഒരു മാറ്റം വരുത്തി. സക്കാറി ഫോക്‌സിനു പകരം കൈല്‍ ജാമിസാണ് ടീമിലെത്തിയത്.
അതേസമയം, ആധികാരികമായിട്ടാണ് ആദ്യത്തെ രണ്ടു ടി20കളിലും ഇന്ത്യ ജയിച്ചുകയറിയത്. റണ്‍മഴ കണ്ട നാഗ്പൂരിലെ ആദ്യ മല്‍സരത്തില്‍ 48 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. അതിനു ശേഷം റായ്പൂരിലെ അടുത്ത കളിയിലവും ഇന്ത്യ ആധിപത്യം തുടര്‍ന്നു. റെക്കോര്‍ഡ് വേഗത്തിലാണ് 200ന് മുകളില്‍ ടോട്ടല്‍ വെറും മൂന്നു വിക്കറ്റിന് ഇന്ത്യ ചേസ് ചെയ്തു ജയിച്ചത്. 28 ബോളുകള്‍ ബാ്ക്കി നില്‍ക്കെയായിരുന്നു ടീമിന്റെ അവിശ്വസനീയ വിജയം.
ഇന്നത്തെ കളിയിലെ ഇലവന്‍
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ.
ന്യൂസിലാന്‍ഡ്- ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്‍ട്രി, ഇഷ് സോധി, ജേക്കബ് ഡഫി.