IND vs NZ: ദ്രാവിഡ് സ്‌പെഷ്യല്‍, ശാസ്ത്രിയെപ്പോലെയല്ല! വ്യത്യാസം ചൂണ്ടിക്കാട്ടി ഗംഭീര്‍
ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെന്ന നിലയില്‍ ആദ്യത്തെ പരമ്പര തന്നെ തൂത്തുവാരിയ രാഹുല്‍ ദ്രാവിഡിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര പുതിയ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ തൂത്തുവാരിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ്രാവിഡിനെ പുകഴ്ത്തുന്നതിനൊപ്പം മുന്‍ കോച്ച് രവി ശാസ്ത്രിയെ വിമര്‍ശിക്കാനും ഗംഭീര്‍ മറന്നില്ല. ഇരുവരും തമ്മിലുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പോടെയായിരുന്നു ഇന്ത്യന്‍ ടീമുമായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ മടങ്ങുകയും ചെയ്തിരുന്നു. ഒരു ഐസിസി കിരീടം പോലും ടീമിനു നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ശാസ്ത്രിയുടെ പരിശീലക കരിയറിലെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യാറുണ്ട്.

ശാസ്ത്രിയുടെ വീമ്പിളക്കല്‍
ഇന്ത്യന്‍ ടീമിനൊപ്പം കോച്ചെന്ന നിലയില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ പറഞ്ഞ് സ്വയം വീമ്പിളക്കുന്ന വ്യക്തിയാണ് ശാസ്ത്രിയെന്നു ഗംഭീര്‍ തുറന്നടിച്ചു. ഐസിസി കിരീടമില്ലെങ്കിലും തനിക്കു കീഴില്‍ വിദേശത്തു നേടിയ പരമ്പര വിജയങ്ങള്‍ നേരത്തേ അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഇതു ശരിയാണെന്നു തനിക്കു തോന്നുന്നില്ലെന്നു ഗംഭീര്‍ പറഞ്ഞു.
ശാസ്ത്രിയെക്കുറിച്ച് ഒരു കാര്യമാണ് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുള്ളത്. സാധാരണയായി നിങ്ങള്‍ നന്നായി കളിക്കുമ്പോള്‍ സ്വയം അതിനെക്കുറിച്ച് പൊക്കിപ്പറയാറില്ല. മറ്റുള്ളവര്‍ ഇതേക്കുറിച്ച് പറയുകയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ സ്വയം ഇതു വീമ്പിളക്കുന്നത് തെറ്റാണ്. 2011ല്‍ ഞങ്ങള്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് സ്വന്തമാക്കിപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങളുടേതാണെന്ന് ആരും പ്രസ്താവനയിറക്കിയിരുന്നില്ലെന്നും ഗംഭീര്‍ വിശദമാക്കി.

വലിയ നേട്ടങ്ങള്‍ തന്നെ
നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച സ്വയമല്ല പറയേണ്ടത്, അതിനെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കട്ടെ. ശാസ്ത്രിക്കു കീഴില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര വിജയിച്ചു. ഇംഗ്ലണ്ടിലും ടീം നന്നായി പെര്‍ഫോം ചെയ്തു. അതില്‍ സംശയമില്ല. എന്നാല്‍ മറ്റുള്ളവര്‍ നിങ്ങളെ പ്രശംസിക്കട്ടെ. രാഹുല്‍ ദ്രാവിഡ് ഒരിക്കലും ഇത്തരം പ്രസ്താവനകള്‍ നല്‍കില്ല. ഇന്ത്യന്‍ ടീം നന്നായി പെര്‍ഫോം ചെയ്താലും ഇല്ലെങ്കിലും വളരെ ബാലന്‍സ് ചെയ്തായിരിക്കും അദ്ദേഹത്തിന്റെ പ്രസ്താവന. ഇതു താരങ്ങളിലും പ്രതിഫലിക്കുമെന്നും ഗംഭീര്‍ വിലയിരുത്തി.
നേരത്തേ പല സന്ദര്‍ഭങ്ങളിലും 1983ലെ ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയത്തേക്കാള്‍ വലുതാണ് 2018-19ല്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നേടിയ ടെസ്റ്റ് പരമ്പര വിജയമെന്നു ശാസ്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്.

നല്ല മനുഷ്യരാക്കും
ഫലങ്ങള്‍ പരിഗണിക്കാതെ തന്നെ വിനയനെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ക്രിക്കറ്റില്‍ എല്ലാ കാലവും ഒരാള്‍ക്കു തുടരാന്‍ സാധിക്കില്ല. താരങ്ങളെ ആദ്യം നല്ല മനുഷ്യരാക്കി മാറ്റുകയെന്നതിലാവും രാഹുല്‍ ദ്രാവിഡിന്റെ പ്രധാന ശ്രദ്ധയെന്നാണ് താന്‍ കരുതുന്നതെന്നും ഗംഭീര്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ദ്രാവിഡിന്റെ അടുത്ത ദൗത്യം ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനെ ഒരുക്കുകയെന്നതാണ്. വ്യാഴാഴ്ച മുതല്‍ കാണ്‍പൂരിലാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരം ആരംഭിക്കുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരൊന്നും ടെസ്റ്റില്‍ കളിക്കുന്നില്ല. മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിക്കാന്‍ കോലി തിരിച്ചെത്തും.

ദ്രാവിഡ് നല്‍കിയ ഉപദേശം
ന്യൂസിലാന്‍ഡിനെതിരായ പരമ്പര നേട്ടത്തിനു ശേഷം ഈ വിജയത്തില്‍ മതിമറക്കരുതെന്നും കാലുകള്‍ നിലത്തു തന്നെ വയ്ക്കൂയെന്നുമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്കു ദ്രാവിഡ് നല്‍കിയ ഉപദേശം. വിജയം തീര്‍ച്ചയായും സന്തോഷം നല്‍കുന്നു. ജയത്തോടെ തുടങ്ങാനായത് നല്ല കാര്യവുമാണ്. പക്ഷെ യാഥാര്‍ഥ്യ ബോധത്തോടെയാണ് ഇതിനെ ടീം കാണേണ്ടത്. ഈ പരമ്പരയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ടു പോവേണ്ടതുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications