ന്യൂസിലാന്‍ഡുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയോടെ ടി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ പടയൊരുക്കം പൂര്‍ത്തിയാവുകയാണ്. അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ജനുവരി 21നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ടി20 ലോകകപ്പിനുള്ള അതേ സ്‌ക്വാഡിനെ തന്നെ ഈ പരമ്പരയിലും ഇന്ത്യ നിലനിര്‍ത്തിയിട്ടുമുണ്ട്.
ലോകകപ്പിനു മുമ്പ് വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസാന അവസരം കൂടിയാവും ഈ പരമ്പര. അതുകൊണ്ടു തന്നെ സ്‌ക്വാഡിലുള്ളവര്‍ക്കെല്ലാം പരമാവധി അവസരം നല്‍കാനും കോച്ച് ഗൗതം ഗംഭീര്‍ ശ്രമിച്ചേക്കും. മൂന്നു കോമ്പിനേഷനുകള്‍ വരെ പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കാനിടയുണ്ട്. ഇതു ഏതൊക്കെയെന്നു നോക്കാം.

പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം
ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും പ്ലെയിങ് ഇലവനില്‍ ഇന്ത്യ പല പരീക്ഷണങ്ങളും നടത്തിയിരുന്നു. ഇനി ന്യൂസിലാന്‍ഡിനെതിരേയും നമുക്ക് ഇതു ഉറപ്പിക്കാം.
ആഭ്യന്തര ക്രിക്കറ്റിലെ വമ്പന്‍ റണ്‍വേട്ടയെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അഗ്രസീവ് ബാറ്ററായ ഇഷാന്‍ കിഷന്‍, ഫിനിഷര്‍ റോളില്‍ ടീമിലേക്കു മടങ്ങിയെത്തിയ റിങ്കു സിങ് എന്നിവരെയെല്ലാം ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ചില മല്‍സരങ്ങളില്‍ ഗൗതം ഗംഭീര്‍ പരീക്ഷിച്ചേക്കും.
എന്നാല്‍ ഇഷാന്‍ ഇലവനിലേക്കു വന്നാലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഭയപ്പെടാനില്ല. ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഭദ്രമായിരിക്കും. കാരണം അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ശുഭ്മന്‍ ഗില്‍ പുറത്തക്കപ്പെട്ടതോടെ അദ്ദേഹത്തിന് ഓപ്പണിങില്‍ ഭീഷണിയുമില്ല.
ടി20യില്‍ ഓപ്പണിങ് ജോടികള്‍ക്കു മാത്രമേ ഒരേ സ്ഥാനത്തു കളിക്കാന്‍ സാധിക്കൂയെന്നും തുടര്‍ന്നുള്ളവര്‍ എവിടെയും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവര്‍ ആവണമെന്നുമായിരുന്നു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേരത്തേ പറഞ്ഞത്. സഞ്ജുവിനു സന്തോഷിക്കാന്‍ വക നല്‍കുന്നതും ഇതുതന്നെയാണ്.
കിവികള്‍ക്കെതിരേ സഞ്ജു- അഭിഷേക് ജോടിയെ ഒഴികെ ബാക്കിയുള്ളവരെയെല്ലാം ഇന്ത്യ റൊട്ടേറ്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചാലും ഓപ്പണിങ് റോള്‍ ഇഷാന്‍ പ്രതീക്ഷിക്കേണ്ടതില്ല. പകരം മധ്യനിരയിലാവും അദ്ദേഹം ബാറ്റ് ചെയ്‌തേക്കുക.
ഇന്ത്യയുടെ ടോപ്പ് ഫോറിലേക്കു വന്നാല്‍ ഓപ്പണിങിനു ശേഷം മൂന്ന്, നാല് നമ്പറുകളില്‍ തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരിക്കും ബാറ്റിങിന് ഇറങ്ങുക. ഇതു ഇരുവരും പരസ്‌സരം മാറിയേക്കുകയും ചെയ്യും. അഞ്ചാം നമ്പറിലായിരിക്കും ഇഷാനെ പരീക്ഷിച്ചേക്കുക.
ഇഷാനെ കളിപ്പിക്കുകയാണെങ്കില്‍ ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരില്‍ ഒരാളെ പുറത്തിരുത്തേണ്ടി വരും. ഇനി രണ്ടാളെയും കളിപ്പിച്ചാല്‍ സ്പിന്‍ വിഭാഗത്തിലാവും വിട്ടുവീഴ്ച നടത്തേണ്ടി വരിക. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരിലൊരാളെ ഒഴിവാക്കേണ്ടി വരും.

എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ ഈ ജോടി എത്ര മാത്രം അപകടകാരികളാണെന്നു എല്ലാവര്‍ക്കുമറിയാം. അതിനാല്‍ കുല്‍ദീപിനെയും വരുണിനെയും ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാവും ഗംഭീര്‍ പരീക്ഷിച്ചേക്കുക.
ഇഷാനെയും റിങ്കു സിങിനെയും ഒരുമിച്ച് കളിപ്പിക്കുകയാണെങ്കില്‍ ദുബെ, അക്ഷര്‍ എന്നിവരിലൊരാളെയും വരുണ്‍, കുല്‍ദീപ് എന്നിവരിലൊരാളെയും ഇന്ത്യക്കു പുറത്തിരുത്തേണ്ടിയും വരും.
ഇന്ത്യയുടെ ആദ്യ ടീം കോമ്പിനേഷന്‍
സഞ്ജു (വിക്കറ്റ് കീപ്പര്‍), അഭിഷേക്, തിലക്, സൂര്യ (ക്യാപ്റ്റന്‍), അക്ഷര്‍, ഹാര്‍ദിക്, ദുബെ, വരുണ്‍, കുല്‍ദീപ്, ബുംറ, അര്‍ഷ്ദീപ്.
രണ്ടാമത്തെ ടീം കോമ്പിനേഷന്‍
സഞ്ജു (വിക്കറ്റ് കീപ്പര്‍), അഭിഷേക്, തിലക്, സൂര്യ (ക്യാപ്റ്റന്‍), ഇഷാന്‍, ഹാര്‍ദിക്, അക്ഷര്‍/ ദുബെ, വരുണ്‍, കുല്‍ദീപ്, ബുംറ, അര്‍ഷ്ദീപ്.
മൂന്നാമത്തെ ടീം കോമ്പിനേഷന്‍
സഞ്ജു (വിക്കറ്റ് കീപ്പര്‍), അഭിഷേക്, തിലക്, സൂര്യ (ക്യാപ്റ്റന്‍), ഇഷാന്‍, ഹാര്‍ദിക്, റിങ്കു, അക്ഷര്‍/ ദുബെ, വരുണ്‍/ കുല്‍ദീപ്, ബുംറ, അര്‍ഷ്ദീപ്.