ഗുവാഹത്തി: ഇന്ത്യന്‍ കുപ്പായത്തില്‍ ഡു ഓര്‍ ഡൈ പോരാട്ടത്തിന് ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (SANJU SAMSON) വന്‍ ദുരന്തമായി മാറി. ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായി നാണം കെട്ടിരിക്കുകയാണ് അദ്ദേഹം. മാറ്റ് ഹെന്‍ട്രിയെറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ ബോളില്‍ തന്നെയാണ് സഞ്ജുവിന്റെ കുറ്റി തെറിച്ചത്.
ആദ്യ രണ്ടു മല്‍സരങ്ങളിലും ഫ്‌ളോപ്പായിന്റെ ഇതിന്റെ ക്ഷീണം തീര്‍ക്കാനും ഓപ്പണിങ് റോള്‍ ഭദ്രമാക്കാനും വലിയൊരു ഇന്നിങ്‌സ് അദ്ദേഹത്തിനു ആവശ്യമായിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല. സഞ്ജു ക്രീസിലേക്കു വന്നതും മടങ്ങിയതുമെല്ലാം കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു.

എന്താണിത് സഞ്ജൂ?
വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലും ഐസിസി ടി20 ലോകകപ്പിലുമെല്ലാം സഞ്ജു സാംസണിനെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമാക്കിയത്, പക്ഷെ സെലക്ഷന്‍ കമ്മിറ്റിയുടെ പ്രതീക്ഷകള്‍ പാടെ തെറ്റിക്കുന്ന പ്രകടനമാണ് സഞ്ജു ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്
കിവികളുമായുള്ള പരമ്പര അദ്ദേഹത്തിനു ഓപ്പണിങില്‍ കസറാനും ആത്മവിശ്വാസത്തോടെ അടുത്ത മാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പിനു തയ്യാറെടുക്കാനുള്ള അവസരവുമായിരുന്നു. പക്ഷെ ഓപ്പണിങിലേക്കുള്ള രണ്ടാം വരവില്‍ സമ്പൂര്‍ണ ദുരന്തമായി മാറിയിരിക്കുകയാണ് സഞ്ജു. ആദ്യ ടി20യില്‍ 10 റണ്‍സിനും രണ്ടാമത്തേതില്‍ ആറും റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.
ഇതോയെ മൂന്നാം ടി20 സഞ്ജുവിനു അക്ഷരാര്‍ഥത്തില്‍ അഗ്നിപരീക്ഷയുമായിരുന്നു. ഫിഫ്റ്റിയോ, സെഞ്ച്വറിയോ നേടിയാല്‍ മാത്രമേ അദ്ദേഹത്തിനെ നിലനില്‍പ്പുണ്ടായിരുന്നുള്ളൂ. പക്ഷെ ടീം മാനേജ്‌മെന്റിനെയും ആരാധകരെയും സഞ്ജു ഒരുപോലെ നിരാശപ്പെടുത്തി. അഭിഷേക് ശര്‍മയ്‌ക്കൊപ്പം പതിവു പോലെ ഓപ്പണിങിനെത്തിയ അദ്ദേഹം തന്നെയാണ് ആദ്യം സ്‌ട്രൈക്കും നേരിട്ടത്.
പിച്ച് ചെയ്ത് അകത്തേക്കു വന്ന ലെങ്ത്ത് ബോളാണ് മാറ്റ് ഹെന്‍ട്രിയെറിഞ്ഞത്. ബോളിനു കാര്യമായ മൂവ്‌മെന്റൊന്നുമില്ലായിരുന്നു. കടുത്ത സമ്മര്‍ദ്ദത്തില്‍ കാണപ്പെട്ട സഞ്ജു ബാക്ക്ഫൂട്ടിലേക്കു വന്ന ശേഷം ബോള്‍ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ടൈമിങ് പാടെ പാളിയപ്പോള്‍ ബോള്‍ നേരെ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു. അവിശ്വസനീയതയോടെ നിന്ന സഞ്ജു നിരാശയോട മടങ്ങുകയും ചെയ്തു.

ഈ പുറത്താവലോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യന്‍ ടി20യുടെ ചരിത്രത്തില്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ പുറത്തായ നാലാമത്തെ താരമായി സഞ്ജു മാറിയിരിക്കുകയാണ്. സിംബാബ് വെയ്‌ക്കെതിരേ കെഎല്‍ രാഹുല്‍ (2016), ശ്രീലങ്കയ്‌ക്കെതിരേ പൃഥ്വി ഷാ (2021), വെസ്റ്റ് ഇന്‍ഡീസിനെതിരേ രോഹിത് ശര്‍മ (2022) എന്നിവരാണ് നേരത്തേ ഈ നാണക്കേട് കുറിച്ച കളിക്കാര്‍.
രൂക്ഷവിമര്‍ശനം
ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായതോടെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുമാണ് സഞ്ജു സാംസണ്‍ നേരിടുന്നത്. സഞ്ജു വെറും ഫ്രോഡാണെന്നും ഇന്ത്യക്കായി കളിക്കാന്‍ പോലും അര്‍ഹതയില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. ഇനി അദ്ദേഹത്തെ വാട്ടര്‍ ബോയ് ആയി കാണാം. ഇതിലും ഭേദം ശുഭ്മന്‍ ഗില്ലാണ്. 20-30 റണ്‍സെങ്കിലും അദ്ദേഹത്തില്‍ നിന്നും സംഭാവന ലഭിച്ചേനെ.
ഇഷാന്‍ കിഷനെ കണ്ടു പഠിക്കുകയാണ് സഞ്ജു സാംസണ്‍ ചെയ്യേണ്ടത്. ബാക്കപ്പ് കീപ്പറായി ടീമിലെത്തിയിട്ട് പോലും കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എത്ര മികച്ച രീതിയിലാണ് അദ്ദേഹം മുതലാക്കിയത്. ഇതോടെ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്- എന്നിങ്ങനെയാണ് വിവിധ പ്രതികരണങ്ങള്‍.