നാഗ്പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 പേരാട്ടത്തിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണ്‍ ആകാശ് ചോപ്ര. അതോടെ ടീമിന്റെ ഇപ്പോഴത്തെ ടോപ്പ് ഫോറില്‍ മുമ്പുണ്ടായിരുന്നതു പോലെ ആത്മവിശ്വാസം തനിക്കില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിന്റെ കാരണവും ചോപ്ര വിശദീകരിച്ചു.
വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മല്‍സരം നടക്കാനിരിക്കുന്നത്. ദൈര്‍ഘ്യമേറിയ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിജയത്തോടെ തുടങ്ങാനിയിരിക്കും രണ്ടു ടീമുകളുടെയും ലക്ഷ്യം. ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെയും കിവികളുടെയും അവസാന പടയൊരുക്കം കൂടിയാണിത്.

ഇലവനില്‍ ആരെല്ലാം?
സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ ആരൊക്കെയാണ് ഇന്ത്യക്കു വേണ്ടി കളിക്കേണ്ടതെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചത്. ടി20 സ്‌പെഷ്യലിസ്റ്റും ഫിനിഷറുമായ വെടിക്കെട്ട് താരം റിങ്കു സിങിനെ അദ്ദേഹം ഇലവനില്‍ നിന്നും തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുന്നത് സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ്. അതിനു ശേഷം മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനുണ്ട്. നാലില്‍ കളിക്കുക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. അതിനു ശേഷം അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരുമുണ്ടെന്നും ചോപ്ര വ്യക്തമാക്കി.
എട്ടാം നമ്പറില്‍ ഓള്‍റൗണ്ടറായി ഹര്‍ഷിത് റാണ കളിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ബൗളിങില്‍ അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടി.
എട്ടാം നമ്പറില്‍ ഹര്‍ഷിത് റാണയായിരിക്കും. അങ്ങെയെങ്കില്‍ പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറ, ഹര്‍ഷിത് എന്നിരുമായി മുന്നോട്ടു പോവാമെന്ന ഓപ്ഷനുണ്ട്. കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കും ഒരുമിച്ച് കളിക്കുകയും ചെയ്യാം. ഇതല്ലെങ്കില്‍ അര്‍ഷ്ദീപ് സിങ്, ബുംറ, വരുണ്‍ എന്നി കോമ്പിനേഷന്‍ ഉപയോഗിക്കാം. അപ്പോള്‍ കുല്‍ദീപിനു ഇടമുണ്ടാവില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ആദ്യ ടി20യില്‍ ചോപ്രയുടെ ഇന്ത്യന്‍ പ്ലെയിങ് 11
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്/ കുല്‍ദീപ് യാദവ്.

ടോപ്പ് ഫോറില്‍ വിശ്വാസക്കുറവ്
ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ മുമ്പത്തേതു പോലെ തനിക്കു ആത്മവിശ്വാസം നല്‍കുന്നില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
വളരെ സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യന്‍ കോമ്പിനേഷന്‍ കാണുമ്പോള്‍ എനിക്കു നേരത്തേയുണ്ടായിരുന്ന ആത്മവിശ്വാസമില്ല. തിലക് വര്‍മ കളിക്കുന്നില്ല (പരിക്കു കാരണം ആദ്യ മൂന്ന് മല്‍സരങ്ങള്‍ക്കില്ല).
സഞ്ജു സാംസണ്‍ ഓപ്പണിങ് പൊസിഷന്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. തിലക് ഇല്ലാത്തതിനാല്‍ തന്നെ അവന്റെ സ്ഥാനത്തേക്കു ഇഷാന്‍ കിഷനെത്തും. സൂര്യകുമാര്‍ യാദവാകട്ടെ അടുത്തൊന്നും റണ്ണെടുത്തിട്ടുമില്ല. ഇന്ത്യയുടെ ടോപ്പ് ഫോറെടുത്താല്‍ ഒരാള്‍ മാത്രമാണ് സ്ഥാനം നിലനിര്‍ത്തിയത്. ഒരാള്‍ (ഇഷാന്‍ കിഷന്‍) മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കളിക്കുകയുമാണ്.
ഒരാള്‍ക്കാവട്ടെ (സൂര്യ) ഫോമുമില്ല. കുറച്ചു കാലമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരു ഫിഫ്റ്റി പോലും നേടിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. 13നടുത്ത് മാത്രമേ സൂര്യക്കു ബാറ്റിങ് ശരാശരിയുമുള്ളു. അതു ആശങ്കപ്പെടുത്തുന്ന കണക്കുകളാണെന്നും ചോപ്ര പറയുന്നു.