നാഗ്പൂര്‍: ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ ടീം ഇന്ത്യ വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. ആവേശകരമായ ആദ്യ ടി20യില്‍ 48 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 238 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യന്‍ ടീം ഡ്രൈവിങ് സീറ്റിലായിരുന്നു. ഏഴിന് 190 റണ്‍സുമായി കിവികള്‍ പോരാട്ടവുമവസാനിപ്പിച്ചു.
ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ സംബന്ധിച്ച് അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല ഈ മല്‍സരത്തിലെ പ്രകടനം. ഒരുപാട് പിഴവുകള്‍ ഈ കളിയില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ളതായി കാണാം. ഇതു സഞ്ജു വരും മല്‍സരങ്ങളില്‍ തീര്‍ച്ചയായും തിരുത്തുകയും വേണം.
അതിനായില്ലെങ്കില്‍ അദ്ദേഹത്തിനു പകരം ലോകകകപ്പില്‍ ഇഷാന്‍ കിഷന്‍ ഓപ്പണിങ്, വിക്കറ്റ് കീപ്പര്‍ റോളിലേക്കു വരാനുള്ള സാധ്യതയും കൂടുതലാണ്. ഈ മല്‍സരത്തില്‍ സഞ്ജുവിനു സന്തോഷിക്കാന്‍ വക നല്‍കുന്ന ഏക കാര്യവും സംഭവിച്ചിട്ടുള്ള പിഴവുുകളും എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സഞ്ജുവിന്റെ അബദ്ധങ്ങളിങ്ങനെ
ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ടി20യില്‍ സഞ്ജു സാംസണിനു അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരേയൊരു കാര്യത്തെ കുറിച്ച് ആദ്യം പറയാം. ഇതു ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയെ പുറത്താക്കിയ വണ്ടര്‍ ക്യാച്ചാണ്. അതിനു തീര്‍ച്ചയായും കൈയടിച്ചേ തീരൂ.
ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ തന്നെയാണ് അര്‍ഷ്ദീപ് സിങിന്റെ ബൗളിങിങില്‍ കോണ്‍വേ വീണത്. കവര്‍ഡ്രൈവിനു ശ്രമിച്ചെങ്കിലും അദ്ദേഹത്തിനു പിഴച്ചു. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ സ്ലിപ്പിലേക്ക്. പക്ഷെ ഫസ്റ്റ് സ്ലിപ്പ് ഫീല്‍ഡറേക്കാള്‍ ഏറെ മുന്നിലേക്കാണ് ഇതു വന്നത്. ഇക്കാര്യം മനസ്സിലാക്കിയ സഞ്ജു തന്റെ ഇടതു വശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ ബോള്‍ പിടിച്ചെടുക്കുകയായിരുന്നു.
അവിശ്വസനീയ ക്യാച്ച് തന്നെയാണ് ഇതെന്നതില്‍ സംശയമില്ല. കാരണം വലംകൈയനായ അദ്ദേഹത്തിന്റെ ഇടതു വശത്തേക്കാണ് ബോള്‍ വന്നത്. മാത്രമല്ല രണ്ടു കൈ കൊണ്ട് അതു പിടിക്കാനും കഴിയില്ല. അത്രയും താഴ്ന്നായിരുന്നു ബോളിന്റെ ലാന്‍ഡിങ്. ചെറുതായൊന്ന് പിഴച്ചിരുന്നെങ്കില്‍ സഞ്ജുവിന്റെ കൈയില്‍ നിന്നും അതു തെന്നിപ്പോവുകയും ചെയ്‌തേനെ.
ഈ വണ്ടര്‍ ക്യാച്ചിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. പക്ഷെ കളിയിയില്‍ സഞ്ജുവിനെ സംബന്ധിച്ച് ഒരേയൊരു പോസിറ്റീവും ഇതു മാത്രമേയുള്ളൂ. അതിനു ശേഷം ഇതേ ഓവറില്‍ തന്നെ അദ്ദേഹമൊരു അബദ്ധവും കാണിച്ചു. നാലാമത്തെ ബോളില്‍ ടിം റോബിന്‍സണിനെതിരായ എല്‍ബിഡബ്ല്യു റിവ്യു ടീമിനു നഷ്ടമായതില്‍ സഞ്ജുവിനും പങ്കുണ്ട്.
അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഈ റിവ്യു എടുത്തത്. സഞ്ജു നോ പറഞ്ഞിരുന്നെങ്കില്‍ ആ റിവ്യു ടീമിനു പാഴാവില്ലായിരുന്നു. അതിനു ശേഷം അക്ഷര്‍ പട്ടേലെറിഞ്ഞ എട്ടാം ഓവറില്‍ രണ്ടാമത്തെയും അവസാനത്തെയും റിവ്യുയും ഇന്ത്യ നഷ്ടപ്പെടുത്തി.

ഇതില്‍ തെറ്റുകാരന്‍ സഞ്ജു മാത്രമാണ്. മാര്‍ക്ക് ചാപ്മാനെതിരേ അംപയര്‍ വൈഡ് വിളിച്ച ബോളിനെതിരേ എഡ്ജുണ്ടെന്നു പറഞ്ഞ് അദ്ദേഹം സൂര്യയെ റിവ്യു എടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
സഞ്ജു ഉറപ്പ് പറഞ്ഞിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരിക്കലും ആ റിവ്യു എടുക്കില്ല. പക്ഷ റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റിലോ, ഗ്ലൗസിലോ എവിടെയും എഡ്ജ് കണ്ടില്ല അങ്ങനെ രണ്ടാമത്തെ റിവ്യു കൂടി ടീം കളഞ്ഞു കുളിച്ചു.
വൈകാതെ തന്നെ 10ാം ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു അനായാസ റണ്ണൗട്ട് ചാന്‍സും സഞ്ജു പാഴാക്കി. ശിവം ദുബെയെറിഞ്ഞ ഓവറിലെ ആദ്യ ബോളിലായിരുന്നു ഇത്. റിങ്കു സിങിന്റെ മികച്ച ത്രോ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിസെത്തുമ്പോള്‍ ഫിലിപ്‌സ് ക്രീസിന് എറെ പുറത്തായിരുന്നു. പക്ഷെ സഞ്ജുവിനു ആ ബോള്‍ കൈയിലൊതുക്കി സ്റ്റംപ് ചെയ്യാനായില്ല.
അദ്ദേഹം ആ സ്റ്റംപിങ് നടത്തിയിരുന്നെങ്കില്‍ വെറും 39 റണ്‍സിന് ഫിലിപ്‌സ് ക്രീസ് വിട്ടേനെ. ആയുസ് നീട്ടിക്കിട്ടിയ അദ്ദേഹം പിന്നീട് 40 ബോളില്‍ 78 റണ്‍സ് വാരിക്കൂട്ടിയാണ് പുറത്തായത്. സഞ്ജുവിന്റെ ഈ പിഴവിന് വലിയ വിലയും ഇന്ത്യക്കു നല്‍കേണ്ടി വന്നു.
നേരത്തേ ബാറ്റിങിലും സഞ്ജു പിഴവ് വരുത്തിയിരുന്നു. ഏഴു ബോളില്‍ 10 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. തൊട്ടുമുമ്പത്തെ ബോളിനു ശേഷം സ്ലിപ്പില്‍ നിന്നും മിഡ് വിക്കറ്റിലേക്കു വന്ന ഫീല്‍ഡറെ ശ്രദ്ധിക്കാതെ അദ്ദേഹം അനായാസ ക്യാച്ച് നല്‍കുകയായിരുന്നു.