ന്യൂസിലാന്‍ഡുമായി ഈ മാസം 21ന് തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലുള്ള തിലക് വര്‍മ ഇന്ത്യക്കായി കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പരിക്കിനെ തുടര്‍ന്ന് ശസ്തക്രിയക്കു വിധേയനായ അദ്ദേഹം വിശ്രമത്തിലാണ്. നാലാഴ്ചയിലേറെ തിലകിനു കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടിയും വരും.
ഇതോടെ കിവികള്‍ക്കെതിരായ അഞ്ചു ടി20കളുടെ പരമ്പരയില്‍ തിലകില്ലാതെ പുതിയൊരു ടീം കോമ്പിനേഷനെയും ഇന്ത്യക്കു കണ്ടെത്തേണ്ടതായും വന്നിരിക്കുകയാണ്. അദ്ദേഹത്തിനു പകരം ആരെയും ഉള്‍പ്പൈടുത്തിയില്ലെങ്കിലും അഭാവം നികത്താനുള്ള ശേഷി ഇന്ത്യന്‍ സ്‌ക്വാഡിനുണ്ട്. തിലകില്ലാത്ത ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

പുതിയ ലൈനപ്പ് ഇങ്ങനെ
ന്യൂസിലാന്‍ഡിനെതിരേയും അതിനു ശേഷമുള്ള ടി20 ലോകകപ്പിലുമെല്ലാം ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുമായിരിക്കും. രണ്ടിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ മറ്റൊരു ഓപ്പണിങ് ജോടിയെപ്പറ്റി ഇന്ത്യ ഇനി ആലോചിക്കുകയുള്ളൂ.
എന്നാല്‍ തിലക് വര്‍മയ്ക്കു പരിക്കേറ്റതിനാല്‍ മൂന്നാം നമ്പറില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തു മറ്റൊരാളെ ആവശ്യമാണ്. ഈ റോളിന് ഏറ്റവും യോജിച്ചയാള്‍ നിലവിലെ സ്‌ക്വാഡിലുണ്ട്. അതു ഇടിവെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. സഞ്ജു ഓപ്പണറും ഫസ്റ്റ് ചോയ്‌സ് കീപ്പറുമായതിനാല്‍ ഇലവനില്‍ സ്ഥാനമുറപ്പില്ലാത്തയളാണ് അദ്ദേഹം.
എന്നാല്‍ തിലകിന്റെ അഭാവം ഇഷാന് ടീമിലേക്കു സര്‍പ്രൈസ് എന്‍ട്രിയൊരുക്കും. ഇതു അദ്ദേഹം അര്‍ഹിക്കുകയും ചെയ്യുന്നു. കാരണം ജാര്‍ഖണ്ഡിനായി ആഭ്യന്തര ക്രിക്കറ്റില്‍ അത്രയും മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ 200നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 500ന് മുകളില്‍ റണ്‍സ് ഇഷാന്‍ വാരിക്കൂട്ടിയിരുന്നു.
അതിനു ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ വെറും 33 ബോളില്‍ സെഞ്ച്വറിയോടെയും താരം മിന്നിച്ചു. ഈ ഫോമില്‍ ഇഷാനെ കളിപ്പിക്കുന്നത് തീര്‍ച്ചയായും ടീമിനു ഗുണം ചെയ്യും. കൂടാതെ ടി20 ലോകകപ്പിന് മുമ്പ് ഇഷാന് അതൊരു മികച്ച തയ്യാറെടുപ്പുമായിരിക്കും. രണ്ടു വര്‍ഷത്തിലേറെയായി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹം അവസരങ്ങള്‍ അര്‍ഹിക്കുകയും ചെയ്യുന്നു.
തിലകിനെ പോലെ ഇഷാനും ഇടംകൈയന്‍ ബാറ്ററായതിനാല്‍ അതു ടീം കോമ്പിനേഷനയും സാരമായി ബാധിക്കില്ല. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരിക്കം ക്രീസിലെത്തുക. അദ്ദേഹത്തെ സംബന്ധിച്ച് ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ഒരു ഫിഫ്റ്റി പോലും നേടാന്‍ സൂര്യക്കായിരുന്നില്ല.

അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുക സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും. മധ്യ ഓവറുകളില്‍ അതിവേഗം റണ്ണെടുക്കാന്‍ ഒരുപോലെ മിടുക്കരാണ് രണ്ടുപേരും. ഏഴാം നമ്പറില്‍ ഫിനിഷറായി റിങ്കു സിങുണ്ടാവും. എട്ടാമനായി കളിച്ചേക്കുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ബാറ്റിങിന് കൂടുതല്‍ ആഴം നല്‍കും.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇലവനിലുണ്ടാവുക ലോക ഒന്നാം നമ്പര്‍ ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിയാവും. ഇതോടെ കുല്‍ദീപ് യാദവിന്റെ സ്ഥാനം ബെഞ്ചിലുമായിരിക്കും. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറയ്ക്കും അര്‍ഷ്ദീപ് സിങിനുമായിരിക്കും.
തിലകില്ലാത്ത ഇന്ത്യന്‍ പ്ലെയിങ് 11
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.