
റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമുള്‍പ്പെട്ട ഓപ്പണിങ് സഖ്യം. ഇന്ത്യ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്ത കളിയില്‍ ഈ ജോടി ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 117 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്നെടുത്തത്. ഇതാണ് 154 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം ചേസ് ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചത്. ഈ സെഞ്ച്വറി കെട്ടുകെട്ടോടെ ടി20യില്‍ കൂടുതല്‍ തവണ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ സഖ്യമായി രോഹിത്തും രാഹുലും മാറി. അഞ്ചാം തവണയാണ് ഈ സഖ്യം ടി20യില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്.
പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസവും ഓപ്പണിങ് പങ്കാളിയുമായ മുഹമ്മദ് റിസ്വാനുമായിരുന്നു നേരത്തേ അഞ്ചു സെഞ്ച്വറി കൂട്ടുകെട്ടുകളുമായി റെക്കോര്‍ഡിന് അവകാശികള്‍. ഇപ്പോള്‍ രോഹിത്- രാഹുല്‍ സഖ്യവും ഇവര്‍ക്കൊപ്പമെത്തിയിരിക്കുകയാണ്. 2016 മുതല്‍ 21 വരെയുള്ള കായളവില്‍ 27 ഇന്നിങ്‌സുകളിലാണ് ഈ സഖ്യം അഞ്ചു തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും കൂടി 1519 റണ്‍സ് നേടിക്കഴിഞ്ഞു. 165 റണ്‍സാണ് സഖ്യത്തിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. ബാബര്‍- റിസ്വാന്‍ ജോടിയാവട്ടെ 2019 മുതല്‍ 21 വരെ 22 ഇന്നിങ്‌സുകളിലാണ് അഞ്ചു സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും ചേര്‍ന്ന് 1256 റണ്‍സെടുത്തപ്പോള്‍ ഉയര്‍ന്ന കൂട്ടുകെട്ട് 197 റണ്‍സാണ്.
ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍- നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ജോടിയാണ് എലൈറ്റ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. 2012 മുതല്‍ 21 വരെ 30 ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. 171 റണ്‍സാണ് ഉയര്‍ന്ന കൂട്ടുെകട്ട്. 1389 റണ്‍സാണ് രണ്ടു പേരും ചേര്‍ന്നെടുത്തിട്ടുള്ളത്. ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ജോടികളായ രോഹിത്- ശിഖര്‍ ധവാന്‍ എന്നിവരാണ് നാലു സെഞ്ച്വറി കൂട്ടുകെട്ടുകളുമായി നാലാമത്. 2013-19 വരെ 52 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു നേട്ടം. 1743 റണ്‍സ് ഒരുമിച്ചെടുത്ത സഖ്യത്തിന്റെ ഉയര്‍ന്ന കൂട്ടുകെട്ട് 160 റണ്‍സുമാണ്.

ന്യൂസിലാന്‍ഡിനെതിരായ റാഞ്ചി ടി20യില്‍ മറ്റൊരു നാഴികക്കല്ല് കൂടി രോഹിത്- രാഹുല്‍ ജോടി പിന്നിട്ടു. ഈ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ കളിയിലാണ് ഇവര്‍ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയത്. ഇതാദ്യമായാണ് ഇന്ത്യക്കു വേണ്ടി ഏതെങ്കിലുമൊരു ജോടി തുടര്‍ച്ചയായ അഞു മല്‍സരങ്ങളില്‍ ഈ നേട്ടം കുറിച്ചത്.
യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ 12ലെ മൂന്നാം റൗണ്ട് മല്‍സരത്തിലാണ് രോഹിത്- രാഹുല്‍ ജോടിയുടെ കുതിപ്പ് തുടങ്ങിയത്. ഈ കളിയില്‍ 140 റണ്‍സ് രണ്ടു പേരും കൂടി വാരിക്കൂട്ടിയിരുന്നു. സ്‌കോട്ട്‌ലാന്‍ഡിനെതിരായ അടുത്ത കളിയില്‍ 70 റണ്‍സും നമീബിയക്കെതിരേ 86 ഇവര്‍ അടിച്ചെടുത്തു. ഈ ഫോം ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും രോഹിത്- രാഹുല്‍ ജോടി ആവര്‍ത്തിച്ചു. ജയ്പൂരിലെ ആദ്യ കളിയില്‍ 50 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തിരുന്നു.