വിശാഖപട്ടണം: ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ആധിപത്യം തുടരാനുറച്ചായിരിക്കും ടീം ഇന്ത്യ നാലാമങ്കത്തില്‍ ഇറങ്ങുക. ബുധനാഴ്ച രാത്രി ഏഴു നണി മുതല്‍ വിശാഖപട്ടണത്താണ് അടുത്ത മല്‍സരം. ഹാട്രിക്ക് ജയവുമായി ഇതിനകം പരമ്പര വരുതിയിലാക്കിയ സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം തൂത്തുവാരല്‍ തന്നെയായിരിക്കും.
കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും വ്യത്യസ്ത ടീം കോമ്പിനേഷനുകളാണ് ഇന്ത്യ പരീക്ഷിച്ചത്. അടുത്ത കളിയിലും ഇതു പ്രതീക്ഷിക്കാം. വീണ്ടും മാറ്റങ്ങളുമായിട്ടാവും ടീം ഇന്ത്യ അങ്കത്തട്ടിലിറങ്ങുക. നാലാം ടി20യിലെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ടീമിലെ മാറ്റമെന്ത്?
ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലായിരുന്ന മുന്‍നിര ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മ ഈ ടി20 പരമ്പരയിലെ അവസാനത്തെ രണ്ടു മല്‍സരങ്ങൡ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരമ്പര ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും തിലക് പിന്‍മാറിയതായും ഇനി ടി20 ലോകകപ്പില്‍ മാത്രമേ ടീമിന്റെ ഭാഗമാവുകയുള്ളൂവെന്നാണ് വിവരം.
ഇതോടെ കോളടിച്ചിരിക്കുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാണ്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്ക് അവകാശവാദമുന്നയിക്കാന്‍ അദ്ദേഹത്തിനു രണ്ട് അവസരങ്ങള്‍ കൂടി ലഭിക്കും. ന്യൂസിലാന്‍ഡുമായുള്ള ശേഷിച്ച മല്‍സരങ്ങളില്‍ കൂടി അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ സഞ്ജുവുണ്ടാവും.
ഈ രണ്ടു കളിയിലും ഫിഫ്റ്റികളോ, ഒരു സെഞ്ച്വറിയോ കുറിക്കാനായാല്‍ ലോകകകപ്പില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും കാണാം. എന്നാല്‍ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലേതു പോലെ ഇവയിലും ക്ലിക്കായില്ലെങ്കില്‍ സഞ്ജുവിനു ബെഞ്ചിലിരിക്കേണ്ടി വരും. പകരം മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനായിരിക്കും ഓപ്പണറും കീപ്പറുമായി കളിക്കുക.
ആദ്യ മൂന്നു മല്‍സരങ്ങളിലും പവര്‍പ്ലേയില്‍ തന്നെ സഞ്ജുവിനു ക്രീസ് വിടേണ്ടി വന്നിരുന്നു. 10, 6 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു കളിയിലെ അദ്ദഹേത്തിന്റെ സ്‌കോറുകള്‍. ഇതോടെ മൂന്നാമത്തെ മാച്ച് ഡു ഓര്‍ ഡൈ ആയി മാറി. പക്ഷെ അതില്‍ സഞ്ജു ഏറ്റവും വലിയ ദുരന്തമായി. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്.
കിവികളുമായുള്ള നാലാം ടി20യിലും ടോപ്പ് ത്രീയില്‍ സഞ്ജു, അഭിഷേക്, ഇഷാന്‍ എന്നിവരെ കാണാം. മറ്റൊരു വെടിക്കെട്ട് ഇന്നിങ്‌സുമായി ഇലവനിലെ സ്ഥാനം ഭദ്രമാക്കുന്നതിനൊപ്പം സഞ്ജുവിന്റെ സ്ഥാനം കൂടുതല്‍ കുഴപ്പത്തിലാക്കാനുമായിരിക്കും ഇഷാന്റെ ശ്രമം.
നാലാമനായി പതിവുപോലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും. രണ്ട് തുടര്‍ ഫിഫ്റ്റികളുമായി അദ്ദേഹം പഴയ മാജിക്കല്‍ ടച്ച് തിരിച്ചുപിടിച്ച് കഴിഞ്ഞു. ഇനിയുള്ള മല്‍സരങ്ങളിലും ഫോം തുടരാനായിരിക്കും സ്‌കൈ ആഗ്രഹിക്കുക.

അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും കളിക്കും. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമല്ലാത്തതിനാല്‍ ശ്രേയസ് അയ്യര്‍ ഒരിക്കല്‍ക്കൂടി ബെഞ്ചിലായിരിക്കും. ഏഴാമനായി ഫിനിഷര്‍ റോളില്‍ റിങ്കു സിങിനെ കാണാം.
എട്ടാമന്‍ പേസര്‍ ഹര്‍ഷിത് റാണയായിരിക്കും. ഒമ്പതാമനായി വരുണ്‍ ചക്രവര്‍ത്തിയെ തിരികെ വിളിച്ചേക്കും. കുല്‍ദീപ് യാദവിനാണ് ഇതോടെ സ്ഥാനം നഷ്ടമാവുക. കഴിഞ്ഞ കളിയില്‍ മിന്നിച്ച യുവ സ്പിന്നര്‍ രവി ബിഷ്‌നോയ സ്ഥാനം നിലനിര്‍ത്തും. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക വീണ്ടും ജസ്പ്രീത് ബുംറയായിരിക്കും.
നാലാം ടി20യിലെ സാധ്യതാ 11
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ.