നാഗ്പൂര്‍: ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യന്‍ ഓപ്പണറുടെ റോളില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. വലിയ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ഈ പരമ്പര കളിക്കാനെത്തിയ അദ്ദേഹം വളരെ ആത്മവിശ്വാസത്തോടെ പോസിറ്റീവായി തുടങ്ങിയെങ്കിലും അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റാനായില്ല.
വെറും 10 റണ്‍സ് മാത്രമാണ് സഞ്ജുവിനു നേടാനായാത്. ഏഴു ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ഫോറുകളടിച്ചു. കിവികളുടെ ഉയരക്കാരനായ ബൗളര്‍ കൈല്‍ ജാമിസണാണ് അദ്ദേഹത്തെ മടക്കിയത്. മിഡ് വിക്കറ്റില്‍ ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയ്ക്കു സഞ്ജു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

കിവി നായകന്‍ മിച്ചെല്‍ സാന്റ്‌നറൊരുക്കിയ കെണിയാണ് അദ്ദേഹത്തെ കുരുക്കിയത്. പക്ഷെ അല്‍പ്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ സഞ്ജുവിനു രക്ഷപ്പെടാമായിരുന്നു. എന്താണ് സംഭവിച്ചതെന്നു നോക്കാം.
സഞ്ജുവിന്റെ പുറത്താവല്‍
നേരത്തേ പ്രതീക്ഷിക്കപ്പെട്ടതു പോലെ സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ ജോടിയാണ് ഇന്ത്യക്കു വേണ്ട ഈ മല്‍സരത്തില്‍ ഓപ്പണിങിലെത്തിയത്. നേരത്തേ ടീമിനായി പല സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കിയിട്ടുള്ള ജോടികളാണ് ഇരുവരും. അതുകൊണ്ടു തന്നെ പ്രതീക്ഷകളും വാനോശമായിരുന്നു. ജേക്കബ് ഡഫിയാണ് കിവികള്‍ക്കാി ആദ്യ ഓവര്‍ എറിയാനെത്തിയത്.
സ്‌ട്രൈക്ക് നേരിട്ടത് സഞ്ജുവുമായിരുന്നു. 137.6 കിമി വേഗതയുള്ള ഔട്ട് സ്വിങര്‍ പ്രതിരോധിച്ചാണ് അദ്ദേഹം തുടങ്ങിയത്. അടുത്ത ബോളില്‍ ടീം അക്കൗണ്ടും തുറന്നു, പക്ഷെ അതു ലെഗ്‌ബൈ ആയെന്നു മാത്രം. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഇന്ത്യക്കായി അവസാന ബോള്‍ സിക്‌സറിലേക്കു പറത്തി അഭിഷേക് വെടിക്കെട്ടിനു തുടക്കിട്ടു.
രണ്ടാം ഓവര്‍ കൈല്‍ ജാമിസണായിരുന്നു. ഫോറിലൂടെയാണ് അദ്ദേഹത്തെ സഞ്ജു വരവേറ്റത്. ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടൈ മികച്ചൊരു പുള്‍ ഷോട്ടാണ് സഞ്ജു കളിച്ചത്. അടുത്ത ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്കു പായിച്ച് അദ്ദേഹം ഡബിളെടുത്തു. മൂന്നാമത്തെ ബോളില്‍ റണ്ണില്ല. അടുത്ത ബോളില്‍ ഫോറടിച്ച് സഞ്ജു ഈ ക്ഷീണം തീര്‍ത്തു. പുള് ഷോട്ടിലൂടെയാണ് താരം ബോള്‍ ബൗണ്ടറി കടത്തിയത്.

ഈ ബോളിനു ശേഷമായിരുന്നു കിവി നായകന്‍ മിച്ചെല്‍ സാന്റ്‌നറുടെ മാസ്റ്റര്‍ സ്‌ട്രോക്ക്. അടുത്ത ബോളിനു മുമ്പ് സ്ലിപ്പ് ഫീല്‍ഡറായ രചിന്‍ രവീന്ദ്രയെ അദ്ദേഹം മിഡ് വിക്കറ്റിലേക്കു കൊണ്ടു വന്നു. പക്ഷെ ഇക്കാര്യം സഞ്ജു അത്ര ശ്രദ്ധിച്ചതുമില്ല. അതിനു കൊടുക്കേണ്ടി വന്നതാവട്ടെ സ്വന്തം വിക്കറ്റുമാണ്. തൊട്ടടുത്ത ബോളില്‍ സാന്റ്‌നറുടെ ട്രാപ്പില്‍ അദ്ദേഹം വീണു.
ഒരു ഗുഡ് ലെങ്ത്ത് ബോളായിരുന്നു ജാമിസണ്‍ പരീക്ഷിച്ചത്. സഞ്ജു അതു ലെഗ് സൈഡിലേക്കു ഫ്‌ളിക്കും ചെയ്യുകയായിരുന്നു. പക്ഷെ കണക്കുകൂട്ടല്‍ പാടെ പിഴച്ചു. നേരത്തേ സ്ലിപ്പില്‍ നിന്നും മിഡ് വിക്കറ്റ് ഏരിയയിലേക്കു വന്ന രചിന്റെ കൈകളിലേക്കാണ് സഞ്ജുവിന്റെ ഷോട്ട് വന്നത്. അദ്ദേഹം അതു വളരെ അനായാസം കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. സ്തബ്ധനായ അദ്ദേഹം നിരാശയോടെ ക്രീസില്‍ നിന്നും മടങ്ങുകയുമായിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
ന്യൂസിലാന്‍ഡ്- ടിം റോബിന്‍സണ്‍, ഡെവണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ഇഷ് സോധി, ജേക്കബ് ഡഫി.