റായ്പൂര്‍: ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ ഓപ്പണര്‍ ഡെവന്‍ കോണ്‍വേയെ ഒരിക്കൂടി പൂട്ടിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണ. രണ്ടാം ടി20യില്‍ തന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ കോണ്‍വേയെ അദ്ദേഹം പുറത്താക്കി. ഒമ്പതു ബോളില്‍ നിന്നും മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 19 റണ്‍സാണ് കിവി ഓപ്പണര്‍ നേടിയത്.
വളരെ അഗ്രസീവായി തുടങ്ങാന്‍ കോണ്‍വേയ്ക്കായെങ്കിലും ഹര്‍ഷിത്തിനു മുന്നില്‍ കോണ്‍വേ 'കവാത്ത്' മറക്കുകയായിരുന്നു. ഈ പര്യടനത്തില്‍ ഇതു നാലാം തവണയാണ് അദ്ദേഹത്തിന്റെ വിക്കറ്റ് ഹര്‍ഷിത് സ്വന്തമാക്കിയത്.
നേരത്തേ ഏകദിന പരമ്പരയിലെ മൂന്നു കളിയിലും കോണ്‍വേയുടെ വിക്കറ്റ് കുറിക്കപ്പെട്ടത് അദ്ദേഹത്തിന്റെ പേരിലാണ്. ഇപ്പോള്‍ ടി20യിലും കോണ്‍വേയ്ക്കുമേല്‍ ത്‌ന്റെ ആധിപത്യം തുടരുകയാണ് ഹര്‍ഷിത്, റായ്പൂരിലെ രണ്ടാമങ്കത്തില്‍ കിവി താത്തെ വീഴ്ത്താന്‍ അദ്ദേഹം പയറ്റിയ തന്ത്രമെന്താണെന്നു നോക്കാം.

ഹര്‍ഷിത്തിന്റെ വരവ്
പുതിയ ഓപ്പണിങ് ജോടികളായ ടിം സെയ്‌ഫേര്‍ട്ടും ഡെവന്‍ കോണ്‍വേയും ഇടിവെട്ട് തുടക്കമാണ് ന്യൂസിലാന്‍ഡിനു ഈ മല്‍സരത്തില്‍ നല്‍കിയത്. അര്‍ഷ്ദീപ് സിങിനെയും ഹാര്‍ദിക് പാണ്ഡ്യയെയും ഇരുവരും തുടക്കത്തില്‍ തന്നെ കടന്നാക്രമിച്ചു. അര്‍ഷ്ദീപിന്റെ ആദ്യ ഓവറില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം ലഭിച്ചത് 18 റണ്‍സ്.
ഹാര്‍ദിക്കിന്റെ രണ്ടാം ഓവറില്‍ ഒരു ഫോറടക്കം നേടിയത് ഏഴു റണ്‍സ്. മൂന്നാം ഓവറില്‍ അര്‍ഷ്ദീപ് വീണ്ടും തല്ലുവാങ്ങി. നാലു ഫോറടക്കം 18 റണ്‍സാണ് കിവികള്‍ അടിച്ചെടുത്തത്. ഇതോടെ ബൗളിങില്‍ മാറ്റം വരുത്താന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നിര്‍ബന്ധിതനായി. നാലാം ഓവറില്‍ ഹര്‍ഷിത് റാണയെ അദ്ദേഹം പരീക്ഷിക്കുകയായിരുന്നു.
കോണ്‍വേയാണ് ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്. 135 കിമി വേഗതയുള്ള ബോളാണ് ഹര്‍ഷിത് എറിഞ്ഞത്. കോണ്‍വേ അല്‍പ്പം മൂന്നോട്ടു വന്ന് ഷോട്ടിനു തുനിഞ്ഞെങ്കിലും ബീറ്റ് ചെയ്യപ്പെടുകയായിരുന്നു. അടുത്തതും വേഗമേറിയ ഒരുബോളായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. പക്ഷെ കോണ്‍വേയുടെ കണക്കുകൂട്ടല്‍ പാളി. 115.2 കിമി മാത്രം വേഗതയുള്ള സ്ലോ ബോളാണ് ഹര്‍ഷിത്തെറിഞ്ഞത്.
പക്ഷെ ആ ബോളില്‍ വലിയൊരു ഷോട്ട് കളിക്കണമെന്ന് കോണ്‍വേ മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. ടൈമിങ് പാളിയ ഷോട്ട് നേരെ മിഡ് ഓഫിനു മുകളിലേക്കാണ് ഉയര്‍ന്നത്. ഹാര്‍ദിക് പാണ്ഡ്യയുടൈ കൈകളിലേക്കു വന്ന ബോള്‍ ആദ്യമൊന്ന് തെന്നിപ്പോയെങ്കിലും അടുത്ത ശ്രമത്തില്‍ അതു പിടിയിലൊതുക്കുകയും ചെയ്തു.
നേരത്തേ ആദ്യ ടി20യില്‍ ന്യൂസിലാന്‍ഡ് പരീക്ഷിച്ചതും ഇതേ തന്ത്രമാണ്. ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങളെയും സ്ലോ ബോള്‍ കെണിയിലാണ് അവര്‍ കുരുക്കിയത്. ഈ മല്‍സരത്തില്‍ ഹര്‍ഷിത് കോപ്പിയടിച്ചതും അതേ പ്ലാന്‍ തന്നെയാണ്.
ഇന്നത്തെ കളിയിലെ പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.
ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‍ട്രി, സക്കാരി ഫോക്‌സ്, ഇഷ് സോധി, ജേക്കബ് ഡഫി.