ആരാധകരുടെ ആവേശം കൊള്ളിക്കുന്ന ഒരു കിടിലന്‍ ഇന്നിങ്‌സുമായി മലയാളി താരം സഞ്ജു സാംസണ്‍ ഒടുവില്‍ കസറിയിരിക്കുകയാണ്. അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യിലായിരുന്നു ആരാധകര്‍ കാത്തിരുന്ന യഥാര്‍ഥ സഞ്ജുവിനെ കണ്ടത്. വളരെ പതിഞ്ഞ താളത്തില്‍ സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് തുടങ്ങിയ അദ്ദേഹം കുറച്ചു ഓവറുകള്‍ക്കു ശേഷം ടോപ് ഗിയറിലേക്കു കയറുകയായിരുന്നു.
നാലാം നമ്പറില്‍ ഇറങ്ങിയ സഞ്ജു വെറും 26 ബോളില്‍ വാരിക്കൂട്ടിയത് 40 റണ്‍സായിരുന്നു അഞ്ചു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് (58) കഴിഞ്ഞാല്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തതും അദ്ദേഹമായിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താനും സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നു തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

പക്ഷെ ടി20യില്‍ സഞ്ജുവിന്റെ ഇതുവരെയുള്ള പ്രകടനമെടുക്കുകയാണെങ്കില്‍ അദ്ദേഹത്തിനു ഏറ്റവും മികച്ച റെക്കോര്‍ഡുള്ള എതിരാളി അയര്‍ലാന്‍ഡ് മാത്രമാണ്. മറ്റൊരു ടീമിനെതിരേയും ഇത്രും ആധികാരികമായി ബാറ്റ് ചെയ്യാനും റണ്‍സ് അടിച്ചെടുക്കാനും സഞ്ജുവിനായിട്ടില്ല. ടി20യില്‍ 24 മല്‍സരങ്ങളിലായി 21 ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 19.68 ശരാശരിയില്‍ നേടിയത് 374 റണ്‍സാണ്. 133.57 ആണ് സ്‌ട്രൈക്ക് റേറ്റ്.
അന്താരാഷ്ട്ര ടി20യില്‍ ഇതുവരെ ഒരേയൊരു ഫിഫ്റ്റി മാത്രമേ സഞ്ജു സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഇതു ഐറിഷ് പടയ്‌ക്കെതിരേയാണ്. കഴിഞ്ഞ വര്‍ഷം ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ രണ്ടു ടി20കളുടെ പരമ്പര അയര്‍ലാന്‍ഡില്‍ ഇന്ത്യ കളിച്ചിരുന്നു. ആദ്യ ടി20യില്‍ പ്ലെയിങ് ഇലവനില്‍ അവരം ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ കളിയില്‍ ഓപ്പണറായി സഞ്ജുവിനു പ്രൊമോഷന്‍ ലഭിച്ചു.
ഇഷാന്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായങ്കിലും സഞ്ജു കസറി. 77 റണ്‍സാണ് അന്നു അദ്ദേഹം അടിച്ചെടുത്തത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ദീപക് ഹൂഡയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിനു സാധിച്ചു. ഈ കളിയില്‍ ഹൂഡ തന്റെ കന്നി സെഞ്ച്വറിയും കുറിച്ചിരുന്നു. ഹൂഡയുടെ വണ്‍മാന്‍ ഷോയില്‍ സഞ്ജുവിന്റെ മിന്നല്‍ പ്രകടനം അന്നു മങ്ങിപ്പോവുകയും ചെയ്തു.
കരിയറിലെ രണ്ടാം ടി20 ഫിഫ്റ്റിയിലേക്കു കഴിഞ്ഞ മല്‍സരത്തില്‍ കുതിക്കവെയായിരുന്നു സഞ്ജു പുറത്തായത്. ഫിഫ്റ്റിക്കു 10 റണ്‍സ് മാത്രം അകലെ നില്‍ക്കവെ സ്പിന്നര്‍ ബെഞ്ചമിന്റെ വൈറ്റിന്റെ ബോളില്‍ ഇന്‍സൈഡ് എഡ്ജായി അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. എന്തുകൊണ്ടാണ് അയര്‍ലാന്‍ഡിനെതിരേ കസറുന്ന സഞ്ജു മറ്റു ടീമുകള്‍ക്കെതിരേ പതറുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

അയര്‍ലാന്‍ഡിനെതിരേ ഇതുവരെ സഞ്ജു നേരിട്ടത് 68 ബോളുകളാണ്. ഇവയില്‍ നിന്നും 59 എന്ന മികച്ച ശരാശരിയില്‍ 172 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെ 117 റണ്‍സെടുക്കുകയും ചെയ്തു. പക്ഷെ മറ്റു ടീമുകള്‍ക്കെതിരേ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിക്കും താഴെയാണെന്നു കാണാം. 211 ബോളുകളാണ് മറ്റു ടീമുകള്‍ക്കെതിരേ സഞ്ജു കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും നേടാനായത് 256 റണ്‍സ് മാത്രമാണ്. 121 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു എടുത്തു കാണിക്കാനുമില്ല.
ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ സഞ്ജുവിന്റെ ശരാശരി 16 മാത്രമാണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 141.17ഉം ആണ്. ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹത്തിനു ഏറ്റവും ദയനീയ ശരാശരിയുള്ളത്. വെറും അഞ്ച് മാത്രമാണ് കിവികള്‍ക്കെതിരേ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി (സ്‌ട്രൈക്ക് റേറ്റ് 100).
ശ്രീലങ്ക (ശരാശരി 14.57, സ്‌ട്രൈക്ക് റേറ്റ് 125.92), വെസ്റ്റ് ഇന്‍ഡീസ് (19.25 ശരാശരി, സ്‌ട്രൈക്ക് റേറ്റ് 124.19), സിംബാബ്‌വെ (19 ശരാശരി, സ്‌ട്രൈക്ക് റേറ്റ് 79.16) എന്നിങ്ങനെയാണ് മറ്റു ടീമുകള്‍ക്കെതിരേ അദ്ദേഹത്തിന്റെ റെക്കോര്‍ഡ്.