അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് മലയാളി താരം സഞ്ജു സാംസണായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ നിറംമങ്ങിയിട്ടം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ ജിതേഷ് ശര്‍മയും ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് ഇന്ത്യ വീണ്ടും അവസരം നല്‍കുകയായിരുന്നു.
വിക്കറ്റിനു പിന്നില്‍ അദ്ദേഹത്തിനു സംഭവിച്ച ഒരു വലിയ പിഴവാണ് ഇപ്പാള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. ഡിആര്‍എസ് കോളിന്റെ കാര്യത്തില്‍ തന്റെ ഭാഗത്തു നിന്നും നിര്‍ദേശമോ, അഭിപ്രായമോ സഞ്ജു നല്‍കാതിരുന്നതാണ് കാരണം. സാധാരണയായി ഡിആര്‍എസ് കോളെടുക്കാന്‍ ക്യാപ്റ്റനെ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാറുള്ളത് വിക്കറ്റ് കീപ്പര്‍മാരാണ്.

പക്ഷെ ഈ കളിയില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്കു സഞ്ജുവിന്റെ സഹായം ഒട്ടും തന്നെ ലഭിച്ചില്ലെന്നു പറയേണ്ടി വരും. സ്പിന്നര്‍ രവി ബിഷ്‌നോയ് എറിഞ്ഞ 11ാം ഓവറിലായിരുന്നു സംഭവം. 16 ബോളില്‍ നിന്നും രണ്ടു ഫോറുള്‍പ്പെടെ 16 റണ്‍സെടുത്ത മാര്‍ക്ക് അഡെയറായിരുന്നു ക്രീസില്‍. അഡെയര്‍ ക്രീസിനു പുറത്തേക്കു ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ബിഷ്‌നോയ് ഗൂഗ്ലി പരീക്ഷിക്കുകയായിരുന്നു.
ആഞ്ഞുവീശിയ താരത്തിനു പാടെ പിഴച്ചു. ബോള്‍ നേരെ പാഡില്‍ പതിക്കുകയും ചെയ്തു. തുടര്‍ന്നു ബിഷ്‌നോയിയുടെ വളരെ ആത്മവിശ്വാസത്തോടെയുള്ള അപ്പീല്‍. വിക്കറ്റ് ഉറപ്പിച്ച മട്ടിലായിരുന്നു താരം അപ്പീല്‍ ചെയ്തത്. പക്ഷെ അംപയര്‍ വിധിച്ചത് നോട്ടൗട്ടെന്നായിരുന്നു.
ഇതോട ക്യാപ്റ്റന്‍ ബുംറ അവിടേക്ക് എത്തുകയും ഡിഎര്‍എസ് എടുക്കണമോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ബിഷ്‌നോയ് അതു ഔട്ട് തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. പക്ഷെ സഞ്ജുവിന് ഇക്കാര്യത്തില്‍ അത്ര ഉറപ്പില്ലായിരുന്നു.
ബോള്‍ പിച്ച് ചെയ്ത ശേഷം പുറത്തേക്കാവാം പോവുന്നതെന്ന ആംഗ്യമായിരുന്നു അദ്ദേഹം കാണിച്ചത്. പക്ഷെ ബുംറയ്ക്കും ബിഷ്‌നോയ്ക്കും അരികിലേക്കു വന്ന് തന്റെ അഭിപ്രായം പറയാനോ, ഡിആര്‍എസ് എടുക്കാമെന്നു അഭിപ്രായം പറയാനോ സഞ്ജു തയ്യാറായില്ല.

സഞ്ജുവിന്റെ ആത്മവിശ്വാസക്കുറവ് കാരണം ബുംറയും ആശയക്കുഴപ്പത്തിലാവുകയും ചെയ്തു. പക്ഷെ അപ്പോഴും ബിഷ്‌നോയിയുടെ മുഖത്ത് വിക്കറ്റ് തന്നെയാണെന്ന ആത്മവിശ്വാസം തെളിഞ്ഞു കാണാമായിരുന്നു. റിവ്യു എടുക്കാന്‍ അദ്ദേഹം ബുംറയെ പ്രേരിപ്പിക്കുകയും ചെയ്തു.
ഒടുവില്‍ ടൈമര്‍ തീരുന്നതിനു സെക്കന്റുകള്‍ ബാക്കിനില്‍ക്കെ ബിഷ്‌നോയിയെ മാത്രം വിശ്വസിച്ച് ബുംറ ഡിആര്‍എസ് എടുക്കുകയും ചെയ്തു. ബിഷ്‌നോയിയുടെ കണക്കുകൂട്ടല്‍ തെറ്റായിരുന്നില്ലെന്നു റിവ്യു തെളിയിക്കുകയും ചെയ്തു. പിച്ച് ചെയ്ത ശേഷം ബോള്‍ ലെഗ് സ്റ്റംപുകളിലാണ് പതിക്കുകയെന്നു റീപ്ലേയില്‍ വ്യക്തമായി.
ഇതോടെ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ മറ്റാരേക്കാളും സന്തോഷം ബിഷ്‌നോയ്ക്കായിരുന്നു. കാരണം അദ്ദേഹത്തിന്റെ പ്രേരണ കൊണ്ടു മാത്രമായിരുന്നു ബുംറ അവസാന നിമിഷം ഡിആര്‍എസ് കോളെടുത്തത്. അയര്‍ലാന്‍ഡ് ഇതോടെ ആറു വിക്കറ്റിനു 59 റണ്‍സിലേക്കു വീഴുകയും ചെയ്തു.
ഇന്ത്യക്കു 140 റണ്‍സ് വിജയലക്ഷ്യം
ആദ്യ ടി20യില്‍ 140 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു അയര്‍ലാന്‍ഡ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അയര്‍ലാന്‍ഡ് ഏഴു വിക്കറ്റിനു 139 റണ്‍സെടുക്കുകയായിരുന്നു. വാലറ്റത്ത് ബാരി മക്കാര്‍ത്തിയുടെ (51*) കന്നി ഫിഫ്റ്റിയാണ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.
33 ബോള്‍ നേരിട്ട താരം നാലു വീതം ഫോറും സിക്‌സറുമടിച്ചു. 39 റണ്‍സെടുത്ത കേര്‍ട്ടിസ് കാംപെറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഒരു ഘട്ടത്തില്‍ അയര്‍ലാന്‍ഡ് ആറിനു 59ലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ കാംപെര്‍-മക്കാര്‍ത്തി സഖ്യം ചേര്‍ന്നെടുത്ത 57 റണ്‍സ് അയര്‍ലാന്‍ഡിനെ രക്ഷിക്കുകയായിരുന്നു.