ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റം ജയത്തോടെ ഗംഭീരമാക്കിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. അയര്‍ലാന്‍ഡിനെതിരേ ഡബ്ലിനില്‍ നടന്ന കളിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴ രസം കെടുത്തിയിരുന്നില്ലെങ്കില്‍ റണ്‍ചേസില്‍ ഇന്ത്യ ജയിക്കേണ്ട മല്‍സരം തന്നെയായിരുന്നു ഇത്.
140 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ രണ്ടു വിക്കറ്റിനു 47 റണ്‍സെടുത്ത നില്‍ക്കെയാണ് മഴ കാരണം കളി മുടങ്ങിയത്. പിന്നീട് മല്‍സരം പുനരാരംഭിക്കാനുമായില്ല. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനായതോടെ തകര്‍പ്പന്‍ റെക്കോര്‍ഡും ബുംറയെ തേടിയെത്തിയിരുന്നു. ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ആദ്യത്തെ ഫാസ്റ്റ് ബൗളറായാണ് അദ്ദേഹം മാറിയത്.

പരിക്കു കാരണം 11 മാസത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷമുള്ള ബുംറയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഈ മല്‍സരം. മാന്‍ ഓഫ് ദി മാച്ച് പ്രകടനവുമായി അദ്ദേഹം ഇതു ആഘോഷിക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് ബുംറ ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിലും ഫീല്‍ഡ് ക്രമീകരണത്തിലുമെല്ലാം മികച്ചൊരു നായകന്റെ കൈയടക്കം അദ്ദേഹത്തില്‍ കാണാമായിരുന്നു.
ഭാവിയില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവാനുള്ള എല്ലാ മിടുക്കും തനിക്കുണ്ടെന്നു ഈ മല്‍സരത്തിലൂടെ ബുംറ കാണിച്ചു തരികയും ചെയ്തു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ അടുത്ത ഭാവി ക്യാപ്റ്റനായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്.
പക്ഷെ ക്യാപ്റ്റന്റെ റോളില്‍ താന്‍ ഹാര്‍ദിക്കിനേക്കാള്‍ ഒരുപടി മുകളിലാണെന്നു ബുംറ കാണിച്ചുതന്നിരിക്കുകയാണ്. തന്റെ ആദ്യ ഓവറില്‍ തന്നെ അയര്‍ലാന്‍ഡിന്റെ രണ്ടു വിക്കറ്റുകളെടുക്കാന്‍ ബുംറയ്ക്കായിരുന്നു. നാലു റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. അടുത്ത ഓവറില്‍ ആറ് റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ.
അതിനു ശേഷം തന്റെ അടുത്ത സ്‌പെല്‍ എറിയാന്‍ ബുംറയെത്തിയത് 16ാം ഓവറിലായിരുന്നു. 19ാം ഓവര്‍ ബൗള്‍ ചെയ്ത് തന്റെ നാലോവര്‍ ക്വാട്ടയും പൂര്‍ത്തിയാക്കി. 16ാം ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്തെങ്കിലും 19ാം ഓവറില്‍ ഒരു റണ്‍സ് മാത്രമേ ബുംറ വിട്ടു നല്‍കിയുള്ളൂ. നാലോവറില്‍ 24 റണ്‍സിന് രണ്ടു വിക്കറ്റെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
പക്ഷെ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെടുത്താല്‍ അദ്ദേഹം പലപ്പോഴും സ്വയം കേമനാണെന്നു കാണിച്ച് കൈയടി നേടാന്‍ ശ്രമിക്കുന്നതും റിസ്‌കുള്ള സാഹചര്യങ്ങളില്‍ മനപ്പൂര്‍വ്വം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായി നമുക്കു കാണാന്‍ സാധിക്കും. ക്യാപ്റ്റനായതിനു ശേഷമാണ് ഹാര്‍ദിക് സ്വയം ന്യൂബോളും കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്.

ടീമില്‍ വിക്കറ്റെടുക്കുന്ന സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരുള്ളപ്പോഴും അവര്‍ക്കു ന്യൂബോള്‍ നല്‍കാതെ മാറ്റിനിര്‍ത്തിയാണ് ഹാര്‍ദിക് സ്വയം ഈ റോള്‍ ഏറ്റെടുത്ത് വീമ്പുകാണിക്കാന്‍ ശ്രമിക്കാറുള്ളത്.
ന്യൂബോള്‍ കൈകാര്യം ചെയ്യുക മാത്രമല്ല ഡെത്ത് ഓവറുകള്‍ക്കു മുമ്പ് തന്റെ ക്വാട്ട പൂര്‍ത്തിയാക്കാനും ഹാര്‍ദിക് ശ്രദ്ധിക്കാറുണ്ട്. ഡെത്ത് ഓവറുകളില്‍ എതിര്‍ ടീം ബാറ്റര്‍മാര്‍ ആഞ്ഞടിച്ച് അതിവേഗം റണ്‍സ് നേടാന്‍ ശ്രമിക്കുമെന്ന് അദ്ദേഹത്തിനറിയാം. ഇതു ബൗളിങില്‍ തന്റെ സ്റ്റാറ്റസ് മോശമാക്കുമെന്ന ഭയവും ഹാര്‍ദിക്കിനുണ്ട്.
കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കാതെ പ്രശംസ നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് അദ്ദേഹത്തെ ഇതിനു പ്രേരിപ്പിക്കുന്നതെന്നു വ്യക്തമാണ്. തനിക്കു പകരം മറ്റു ബൗളര്‍മാരെ ഡെത്ത് ഓവറുകളില്‍ 'ഇരകളാക്കാനും' ഹാര്‍ദിക് കൗശലം കാണിക്കാറുണ്ട്.
ഈ കാര്യത്തില്‍ ബുംറയെയാണ് അദ്ദേഹം കണ്ടു പഠിക്കേണ്ടത്. ഐറിഷ് ടീമുമായുള്ള കളിയില്‍ ആദ്യ രണ്ടോവറുകള്‍ ഉജ്ജ്വലമായി പൂര്‍ത്തിയാക്കിയിട്ടും ഡെത്ത് ഓവറില്‍ സ്വയം റിസ്‌കെടുത്ത് മുന്നോട്ടു വരാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു.