സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്
ബെല്‍ഫാസ്റ്റ്: അയര്‍ലാന്‍ഡുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടി20യിലും ബാറ്റിങില്‍ തികഞ്ഞ പരാജയമായിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വന്നു.
നേരത്തേ ആദ്യ ടി20യില്‍ അഞ്ചു റണ്ണെടുത്ത സഞ്ജുവിനെ മടക്കിയത് ഇന്ത്യന്‍ വംശജനായ ജയ് മൂന്ദ്രയാണ് ഇത്തവണയും വിക്കറ്റെുത്തത്. അന്നു രണ്ടാം ഓവറിലെ ആദ്യ ബോളില്‍ അദ്ദേഹത്തെ മൂന്ദ്ര ബൗള്‍ഡാക്കുകയായിരുന്നു. ഐറിഷ് പേസറുടെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

ആദ്യ മാച്ചിലെ മോശം പ്രകടനത്തിന് ഈ കളിയില്‍ മികച്ചൊരു ഇന്നിങ്‌സുമായി സഞ്ജു പ്രായശ്ചിത്തം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹം വന്നതും പോയതുമെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. ഇതോടെ ഇംഗ്ലണ്ടുമായി തുടങ്ങാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജുവിനു ഇലവനില്‍ ഇടം ലഭിക്കുമോയെന്നത് സംശയമായിരിക്കുകയാണ്.
ആരാധകര്‍ക്ക് ഷോക്ക്
ഏറ്റവും അവസാനമായി കളിച്ച ഐസിസി ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി ഹീറോയായ ശേഷം സഞ്ജു സാംസണില്‍ നിന്നും ഇത്ര ദയനീയ പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ 5, 0 എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ ഫ്‌ളോപ്പ് ഷോയില്‍ ആരാധകര്‍ കടുത്ത നിരാശയാണ് ആരാധകര്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
'2026ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം സഞ്ജു സാംസണ്‍ വിരമിക്കേണ്ടതായിരുന്നു. ആ മൂന്ന് ഇന്നിംഗ്സുകള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായിരുന്നു. ഇനിയൊരിക്കലും അദ്ദേഹം ആ പോയിന്റിലേക്ക് എത്താനും പോവുന്നില്ല'.
'ഇന്ത്യയ്ക്കായി അവസാന 12 ഇന്നിംഗ്സുകളില്‍ സഞ്ജു സാംസണിന്റെ സ്‌കോറുകള്‍- 0(1), 5(4), 89(46), 89(42), 97*(50), 24(15), 22(8), 6(6), 0(19, 6(5), 10(7) & 37(23). സ്ഥിരയില്ലായ്മയാണ് സഞ്ജുവിന്റെ പ്രശ്‌നം. തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ പ്രകടനം വട്ടപ്പൂജ്യം'.
'സഞ്ജു സാംസണിന്റെ കുഴപ്പം എന്താണ്? രണ്ടു രീതിയിലാണ് അദ്ദേഹം കൂടുതലായും ഔട്ടാവുന്നത്. ഒന്നുകില്‍ എഡ്ജ്, അല്ലെങ്കില്‍ ബൗള്‍ഡ്. അയര്‍ലാന്‍ഡിലെ ഈ സ്ലോയും ബൗണ്‍സുമുള്ള പിച്ച് ഒരിക്കലും അദ്ദേഹത്തിന് ചേരില്ല. നിങ്ങള്‍ അദ്ദേഹത്തെ 10 തവണ കളിപ്പിച്ചാല്‍, അദ്ദേഹം 8-9 തവണ സിംഗിള്‍ അക്ക സ്‌കോറിന് ഔട്ടാവുമെന്നു ബെറ്റ് വയ്ക്കുകയാണ്'.
' സഞ്ജു സാംസണ്‍, ഞാന്‍ എപ്പോഴും നിങ്ങളെ പിന്തുണയ്ക്കാറുണ്ട്, പക്ഷേ നിങ്ങള്‍ പൂജ്യത്തിന് പുറത്താകുന്നത് കാണുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് സാഹചര്യം അറിയാം. ഒന്നോ രണ്ടോ കളികളില്‍ മോശമായാല്‍ അവര്‍ നിങ്ങളെ പുറത്താക്കാന്‍ തയ്യാറാകും. നിങ്ങള്‍ ശുഭ്മന്‍ ഗില്‍ അല്ല, അവര്‍ അദ്ദേഹത്തെ പോലെ നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യില്ല'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ പ്രതികരണങ്ങള്‍.

നാണക്കേടിന്റെ റെക്കോര്‍ഡ്
അയര്‍ലാന്‍ഡിനെതിരായ രണ്ടാമങ്കത്തില്‍ സഞ്ജു സാംസണ്‍ മാത്രമല്ല, ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മയും ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ജയ് മൂന്ദ്രയ്‌ക്കെതിരേ ആഞ്ഞു വീശിയ അഭിഷേകിനെ തേര്‍ഡ് മാന്‍ ഏരിയയില്‍ മാത്യു ഹൊള്ളാര്‍ഡ് പിറകിലേക്കു വീണ് മിന്നുന്ന ക്യാച്ചെടുക്കുകയാണ്.
ഇതോടെ വലിയൊരു നാണക്കേടും ഇന്ത്യന്‍ ഓപ്പണിങ് ജോടിയെ തേടിയെത്തുകയും ചെയ്തു. ടി20യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കളിയില്‍ ഇന്ത്യയുടെ രണ്ടു ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡെക്കായത്.
ടി20യില്‍ മുമ്പ് ഒരിക്കല്‍ മാത്രമേ ഇതു സംഭവിക്കുകയും ചെയ്തിട്ടുള്ളൂ. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ബംഗ്ലാദേശ് ഓപ്പണര്‍മാരായ തമീം ഇഖ്ബാലും സൗമ്യ സര്‍ക്കാരുമാണ് ഈ തരത്തില്‍ നാണംകെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

