ഏഷ്യാ കപ്പിനു മുമ്പുള്ള അവസാനത്തെ അന്താരാഷ്ട്ര മല്‍സം കളിക്കാന്‍ കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. അയര്‍ലാന്‍ഡുമായുള്ള മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ബുധനാഴ്ച രാത്രി ഡബ്ലിനില്‍ നടക്കും. ആദ്യത്ത രണ്ടു മല്‍സരങ്ങളും ജയിച്ച് ഇതികം 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യ ഇനി പരമ്പര തൂത്തുവാരലാണ് ലക്ഷ്യമിടുന്നത്. മഴ തടസ്സപ്പെടുത്തിയ ആദ്യ ടി20യില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
രണ്ടാമങ്കത്തില്‍ 33 റണ്‍സിനും ജയിച്ച ഇന്ത്യ പരമ്പര വരുതിയിലാക്കുകയായിരുന്നു. പരമ്പര ഇതിനകം പോക്കറ്റിലാക്കിയതിനാല്‍ മൂന്നാമങ്കത്തില്‍ ചില പരീക്ഷണങ്ങള്‍ ഇന്ത്യ നടത്തിയേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിക്കാതെ പോയ ചിലരെ ഇന്ത്യ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നേക്കും.

പരമ്പരയില്‍ ടീമിനെ നയിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബുംറയ്ക്കു പകരം യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദായിരിക്കും ഇന്ത്യയെ നയിക്കുന്നത്.
വരാനിരിക്കുന്ന ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുക റുതുരാജാണ്. അതിനു മുമ്പ് ക്യാപ്റ്റനെന്ന നിലയല്‍ അദ്ദേഹത്തിന്റെ കഴിവ് അളക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരമായിരിക്കും അയര്‍ലാന്‍ഡുമായുള്ള അവസാന അങ്കം.
ബുംറയെക്കൂടാതെ മൂന്നാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്ത മറ്റൊരു താരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും. കഴിഞ്ഞ രണ്ടു ടി20കളിലും ടീമിന്റെ വിക്കറ്റ് കാത്തത് അദ്ദേഹമാണ്.
ആദ്യ മല്‍സത്തില്‍ മഴയെ തുടര്‍ന്നു ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും രണ്ടാം ടി20യില്‍ സഞ്ജു ബാറ്റിങില്‍ കസറിയിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 26 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം അടിച്ചെടുത്തത് 40 റണ്‍സായിരുന്നു.
പക്ഷെ മൂന്നാമത്തെ കളിയില്‍ സഞ്ജുവിനു വിശ്രമം നല്‍കി പകരം പുതുമുഖ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ഇന്ത്യന്‍ ഇലവനിലേക്കു കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ബാറ്റിങില്‍ കസറാനുള്ള മറ്റൊരു സുവര്‍ണാവസരം കൂടിയായിരിക്കും സഞ്ജുവിനു നഷ്ടമാവുക.
മാത്രമല്ല അടുത്തൊന്നും അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി കാണാനും സാധ്യതയില്ല. ഏഷ്യാ കപ്പിന്റെ 17 അംഗ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ട സഞ്ജു വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ലോകകപ്പിലും ടീമിലുണ്ടാവാന്‍ സാധ്യതയില്ല. കൂടാതെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല.
ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ അയര്‍ലാന്‍ഡുമായുള്ള മൂന്നാം മല്‍സരം സഞ്ജുവിനെ സംബന്ധിച്ച് അപ്രസക്തമായി മാറിയിരിക്കുകയാണ്. ഇതില്‍ കളിച്ചാലും ഇല്ലെങ്കിലും കാര്യമായൊന്നും സംഭവിക്കാന്‍ പോവുന്നില്ല.

അതുകൊണ്ടു തന്നെ ഏഷ്യന്‍ ഗെയിംസിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ ജിതേഷിന് തയ്യാറെടുപ്പിനായി ഒരു അവസരം നല്‍കാനാണ് കോച്ച് സിതാന്‍ഷു കോട്ടക് ആലോചിക്കുന്നത്. ഫിനിഷറുടെ റോളില്‍ ഇന്ത്യക്കായി തിളങ്ങറാന്‍ ശേഷിയുള്ള താരമാണ് ജിതേഷ്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ഈ റോളില്‍ താരം മിന്നിക്കുകയും ചെയ്തിരുന്നു.
ബുംറ, സഞ്ജു എന്നിവര്‍ക്കു മാത്രമല്ല പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും അടുത്ത കളിയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. ബുംറയെപ്പോലെ പരിക്കില്‍ നിന്നും മോചിതനായി വലിയൊരു ഇടവേളയ്ക്കുശേഷം പ്രസിദ്ധിന്റെ മടങ്ങിവരവ് കൂടിയാണ് പരമ്പര.
ബുംറയ്ക്കും പ്രസിദ്ധിനും വിശ്രമം നല്‍കിയാല്‍ പകരക്കാരായി ടീമിലെത്തുക മുകേഷ് കുമാറും ആവേശ് ഖാനുമായിരിക്കും. ഇരുവരും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം ഷഹബാസ് അഹമ്മദിനെയും അവസാന മല്‍സരത്തില്‍ ഇന്ത്യ കളിപ്പിച്ചേക്കും.
മൂന്നാം ടി20യിലെ സാധ്യതാ പ്ലെയിങ് 11
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്.