IND vs IRE: സഞ്ജുവിന് പകരം ജിതേഷ്? റിങ്കു ഉറപ്പിച്ചു, ഇവര്‍ക്കു ഇന്ത്യന്‍ അരങ്ങേറ്റം
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പര ഈയാഴ്ച അവസാനിക്കുന്നതോടെ ടീം ഇന്ത്യ അയര്‍ലാന്‍ഡിലേക്കു പറക്കുകയാണ്. ഇന്ത്യയുടെ രണ്ടാംനിര ടീം അവിടെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് കളിക്കുക. 18 മുതലാണ് ഇന്ത്യയുടെ ഐറിഷ് ദൗത്യത്തിനു തുടക്കമാവുന്നത്. നിലവില്‍ വിന്‍ഡീസുമായുള്ള ടി20 പരമ്പരയിലുള്ള പല മുന്‍നിര താരങ്ങളെയും അയര്‍ലാന്‍ഡില്‍ കാണില്ല. ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവ കണക്കിലെടുത്ത് പ്രധാന കളിക്കാര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.
പരിക്കു കാരണം മാസങ്ങളോളം പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുറ അയര്‍ലാന്‍ഡുമായുള്ള പരമ്പരയോടെ മല്‍സരംഗത്തേക്കു തിരിച്ചെത്തുകയാണ്. ഈ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതും ബുംറയാണ്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്നതും അദ്ദേഹം തന്നെ. ഏഷ്യാഡിലെ സംഘത്തിലെ ഭൂരിഭാഗം പേരും ഐറിഷ് പര്യടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ചില താരങ്ങളുടെ അന്താരാഷ്ട്ര ടി20യിലെ അരങ്ങേറ്റം കൂടിയായിരിക്കും അയര്‍ലാന്‍ഡുമായുള്ള പരമ്പര. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
ഇന്ത്യയുടെ ഭാവി സൂപ്പര്‍ ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന റിങ്കു സിങാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അയര്‍ലാന്‍ഡിനെതിരേ അരങ്ങേറ്റം ഉറപ്പുള്ള താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം. ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് റിങ്കുവിനെ ആദ്യമായി ദേശീയ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി 450ന് മുകളില്‍ റണ്‍സാണ് താരം അടിച്ചെടുത്തത്. 149ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. ടീമിന്റെ ടോപ്‌സ്‌കോററും റിങ്കുവായിരുന്നു. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ നിന്നും താരം വാരിക്കൂട്ടിയത് 29 സിക്‌സറുകളായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ത്രില്ലറില്‍ 20ാം ഓവറില്‍ റിങ്കു തുടരെ പറത്തിയത് അഞ്ചു സിക്‌സറുകളാണ്.
പ്രധാനപ്പെട്ട മധ്യനിര താരങ്ങളൊന്നും ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ അയര്‍ലാന്‍ഡിനെതിരേ ഉറപ്പായും മൂന്നു മല്‍സരങ്ങളിലും റിങ്കു ഇലവനിലുണ്ടാവും. ഒരേ സമയം ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. മികച്ച ബാറ്റിങ് ടെക്‌നിക്കും റിങ്കുവിനെ സ്‌പെഷ്യലാക്കുന്നു.
യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് അയര്‍ലാന്‍ഡിനെതിരേ അരങ്ങേറാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. നിലവില്‍ മലയാളി താരം സഞ്ജു സംസണാണ് ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പായിട്ടാണ് ജിതേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം അത്ര ആശാവഹമല്ല. ആദ്യ കളിയില്‍ 12 റണ്‍സിനും രണ്ടാമത്തേതില്‍ ഏഴു റണ്‍സിനും അദ്ദേഹം പുറത്തായിരുന്നു. മൂന്നാമത്തെ കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരവും കിട്ടിയില്ല. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ കൂടി സഞ്ജു പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.
ഇവയില്‍ മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചേ തീരൂ. അവയിലും ഫ്‌ളോപ്പായാല്‍ അയര്‍ലാന്‍ഡിനെതിരേ സഞ്ജുവിനു പകരം ജിതേഷിനു അവസരം നല്‍കിയേക്കും. ഇനി സഞ്ജു ഫോമിലേക്കു തിരിച്ചെത്തിയാലും പരമ്പരയിലെ ഒരു മല്‍സരത്തിലെങ്കിലും ജിതേഷിനെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത.

കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ഫിനിഷറുടെ റോളില്‍ ജിതേഷ് മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 156ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 309 റണ്‍സാണ് താരം നേടിയത്. 21 സിക്‌സറുകള്‍ ഉള്‍പ്പെടെയായിരുന്നു ഇത്.
ആദ്യത്തെ ബോള്‍ മുതല്‍ വമ്പന്‍ ഷോട്ടുകളടിക്കാനുള്ള കഴിവാണ് ജിതേഷിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഈ വര്‍ഷമാദ്യം ശ്രീലങ്കയുമായുള്ള ടി20 പരമ്പരയ്ക്കിടെ സഞ്ജു പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ ജിതേഷിനെ പകരക്കാരനായി ടീമിലെടുത്തിരുന്നു. പക്ഷെ അന്നു കളിക്കാന്‍ അവസരം കിട്ടിയില്ല.
യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് അയര്‍ലാന്‍ഡിനെതിരേ അരങ്ങേറാന്‍ തയ്യാറെുക്കുന്ന മറ്റൊരു താരം. പരിക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന ശേഷം പ്രസിദ്ധിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ പരമ്പര. ഏകദിനത്തില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി ഇതിനകം അരങ്ങേറിക്കഴിഞ്ഞു. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെയായിരുന്നു ഇത്.
14 മല്‍സരങ്ങളില്‍ ഇതിനകം കളിച്ച പ്രസിദ്ധ് 5.32 ഇക്കോണമി റേറ്റില്‍ 25 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. പക്ഷെ ടി20യില്‍ പേസര്‍ക്കു ഇനിയും കളിക്കാനായിട്ടില്ല. ഈ കാത്തിരിപ്പ് അയര്‍ലാന്‍ഡിനെതിരേ അവസാനിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications