ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജസ്പ്രീത് ബുംറ തിരിച്ചുവരികയാണ്. അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ബുംറയാണ്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ രണ്ട് വമ്പന്‍ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ബുംറയുടെ പ്രകടനത്തിലേക്ക് ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ജസ്പ്രീത് ബുംറയുടെ പരിശീലന വീഡിയോയിലെ വേഗവും ലൈനും ലെങ്തുമാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിന് മുമ്പായി ബംഗളൂരുവില്‍ മുംബൈയുടെ യുവതാരങ്ങളോടൊപ്പം ബുംറ പരിശീലന മത്സരം കളിച്ചിരുന്നു. ഇതില്‍ 10 ഓവര്‍ ബുംറ പന്തെറിഞ്ഞെങ്കിലും വലിയൊരു ബൗളിങ് പ്രകടനം കാഴ്ചവെച്ചില്ല. ബുംറയെ മുംബൈയുടെ യുവനിര തല്ലിപ്പറത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ബുംറക്ക് പഴയ വേഗം കണ്ടെത്താനായിട്ടില്ല. മികച്ച ലൈനോ ലെങ്‌തോ ബൗളിങ്ങിലില്ല. അതുകൊണ്ടുതന്നെ ബുംറ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയെന്ന് പറയാനാവില്ലെന്നാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ പ്രതികരിക്കുന്നത്. ബുംറയുടെ റണ്ണപ്പിലടക്കം പ്രശ്‌നം കാണുന്നുണ്ട്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താതെ ബുംറയെ കളിപ്പിക്കുന്നത് ലോകകപ്പിന് മുമ്പ് തിരിച്ചടി ആയേക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിനും ഏഷ്യാ കപ്പിനും മുമ്പ് ബുംറയെ തിരിച്ചെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
അതുകൊണ്ടാണ് അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യ ബുംറയെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബുംറക്ക് വീണ്ടുമൊരു പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളെയടക്കം അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ബുംറയുടെ ഫിറ്റ്‌നസ് ഇപ്പോഴും ഇന്ത്യക്ക് മുന്നില്‍ ചോദ്യമുയര്‍ത്തുന്നു. പരിക്കിന് ശേഷം മടങ്ങിയെത്തുമ്പോള്‍ ബുംറക്ക് പഴയ മികവിലേക്കെത്താനാവുമോയെന്നതാണ് പ്രസക്തമായ ചോദ്യം.

ബുംറയുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുമ്പോഴും അതിനൊത്തുയരാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയാല്‍ അത് പരിഹരിക്കാനാവാത്ത തലവേദനയായി മാറും. ബുംറ തന്റെ റണ്ണപ്പിന്റെ ദൂരം വീണ്ടും കുറക്കുകയും ജംപിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പരിക്ക് മൂലം കരിയര്‍ നശിച്ച ഇര്‍ഫാന്‍ പഠാനെപ്പോലെ ബുംറയാകുമോയെന്ന ആശങ്കയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഒരു കാലത്ത് ഇന്ത്യയുടെ സ്വിങ് മാസ്റ്ററായിരുന്നു ഇര്‍ഫാന്‍.
ഇടം കൈ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന പേസര്‍ക്ക് പരിക്കേല്‍ക്കുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേള എടുക്കേണ്ടി വരികയും ചെയ്തു. തിരിച്ചുവന്നപ്പോള്‍ പഴയ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോവുകയും ഇര്‍ഫാന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ഇതേ വഴിയിലൂടെയാണ് ബുംറയുടെ സഞ്ചാരമെന്നാണ് ആരാധകര്‍ പറയുന്നത്. ഫിറ്റ്‌നസ് ഇല്ലെങ്കില്‍ ബുംറയെ കളിപ്പിക്കരുതെന്നും താരത്തിന്റെ കരിയര്‍ നശിപ്പിക്കരുതെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
മുന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവ് നേരത്തെ തന്നെ വ്യക്തമാക്കിയതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നതെന്ന് പറയാം. ബുംറയുടെ ബൗളിങ് ആക്ഷന്‍ പരിക്കേല്‍ക്കാന്‍ കൂടുതല്‍ സാധ്യത ഉള്ളതാണെന്നും ഗുരുതരമായ പരിക്കേറ്റാല്‍ പിന്നീട് തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്നുമാണ് കപില്‍ പറഞ്ഞത്. ഇത് തന്നെയാണ് ബുംറക്ക് സംഭവിക്കുന്നതും. പുറം ഭാഗത്ത് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിലായിരുന്നു ബുംറ.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒരുപോലെ പ്രാധാന്യം നല്‍കുന്ന ബൗളറാണ് ബുംറ. എന്നാല്‍ ഇനി മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിച്ചാല്‍ ബുംറക്ക് അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിച്ചേക്കില്ല. ടെസ്റ്റില്‍ നിന്ന് വിരമിച്ച് പരിമിത ഓവറില്‍ കൂടുതല്‍ കളിക്കുന്നതാവും ബുംറക്ക് നല്ലത്. 2024ല്‍ ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ബുംറയുടെ ജോലി ഭാരം നിയന്ത്രിച്ച് മുന്നോട്ട് പോകാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.