ഡുബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 2 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 33 റണ്‍സിന്റെ വിജയമാണ് നേടിയെടുത്തത്. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ ഉറപ്പിച്ചു. ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്. അയര്‍ലന്‍ഡിനെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യ മികവ് കാട്ടി.
രണ്ടാം ടി20യില്‍ ഇന്ത്യ മികവ് കാട്ടുകയും വിജയിക്കുകയും ചെയ്‌തെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ ബാധിച്ചിരുന്നു. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സ്‌ട്രൈക്ക് റേറ്റാണ്. റുതുരാജ് ഗെയ്ക്‌വാദ് അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയെങ്കിലും സ്‌ട്രൈക്ക് റേറ്റ് വളരെ മികച്ചതാണെന്ന് പറയാനാവില്ല. 43 പന്തില്‍ നിന്ന് 6 ഫോറും 1 സിക്‌സുമാണ് ഗെയ്ക്‌വാദ് നേടിയത്. 134.88 ആണ് സ്‌ട്രൈക്ക് റേറ്റ്.
റുതുരാജിന്റെ ഇന്നിങ്‌സ് ഇന്ത്യക്ക് അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായകമായെങ്കിലും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ടി20ക്ക് അനുയോജ്യമായിരുന്നില്ല. പ്രത്യേകിച്ച് പവര്‍പ്ലേയില്‍. റുതുരാജ് ഇന്ത്യക്കായി ടി20യില്‍ നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. ക്ലാസിക് ബാറ്റ്‌സ്മാനായ റുതുരാജിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ നിലവിലെ സ്‌ട്രൈക്ക് റേറ്റിലുള്ള പ്രകടനം മതിയാവില്ല. അതുകൊണ്ടുതന്നെ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യം റുതുരാജ് ശ്രദ്ധിക്കേണ്ടതായുണ്ട്.
മറ്റൊരു പ്രശ്‌നം തിലക് വര്‍മയുടെ ബാറ്റിങ് പൊസിഷനാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് തിലക് കാഴ്ചവെച്ചത്. അഞ്ച് മത്സരങ്ങളിലും നിര്‍ണ്ണായക സംഭാവനകള്‍ നടത്താന്‍ തിലകിനായി. എന്നാല്‍ അയര്‍ലന്‍ഡ് പരമ്പരയില്‍ മൂന്നാം നമ്പറിലാണ് തിലക് കളിക്കുന്നത്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായ താരം രണ്ടാം മത്സരത്തില്‍ ഒരു റണ്‍സെടുത്തും മടങ്ങി. തിലകിന്റെ ബാറ്റിങ് പൊസിഷനില്‍ ഇന്ത്യ മാറ്റം വരുത്തേണ്ടതായുണ്ട്.

സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് തിലകിനെ നാലാം നമ്പറിലേക്ക് എത്തിക്കണം. സഞ്ജു മൂന്നാം നമ്പറില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ്. തിലകിന് നാലാം നമ്പറിലും ഗംഭീര റെക്കോഡ് അവകാശപ്പെടാം. അതുകൊണ്ടുതന്നെ മൂന്നാം ടി20യില്‍ ഇന്ത്യ തിലകിന്റെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം തിലകിന്റെ പ്രകടനം മോശമാവുകയും താരത്തിന്റെ ആത്മവിശ്വാസത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്.
മത്സരത്തിലെ ജസ്പ്രീത് ബുംറയുടെ നായക മികവാണ് എടുത്തു പറയേണ്ടത്. ബൗളര്‍മാരെ നന്നായി ഉപയോഗിക്കാന്‍ ബുംറക്ക് സാധിക്കുന്നു. രണ്ടാം ടി20യില്‍ അയര്‍ലന്‍ഡിനെ കുടുക്കാന്‍ കൃത്യമായ തന്ത്രം ബുംറയുടെ കൈയിലുണ്ടായിരുന്നു. അയര്‍ലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ കത്തിക്കയറിയപ്പോള്‍ കൃത്യമായത്ത് സ്പിന്നറെ കൊണ്ടുവന്നു. രണ്ട് നിര്‍ണ്ണായക വിക്കറ്റുകളാണ് ബിഷ്‌നോയ് വീഴ്ത്തിയത്. വാഷിങ്ടണ്‍ സുന്ദറിനേയും ശിവം ദുബേയും ഉപയോഗിച്ച് ബാറ്റ്‌സ്മാന്‍മാരുടെ താളം നഷ്ടപ്പെടുത്താന്‍ ബുംറക്കായി.
ഡെത്തോവറില്‍ പന്തെടുത്ത ബുംറ മെയ്ഡന്‍ വിക്കറ്റും നേടി. രണ്ട് വിക്കറ്റുകളാണ് ബുംറ മത്സരത്തില്‍ നേടിയത്. പ്രസിദ്ധ് കൃഷ്ണയുടെ ന്യൂബോളിലെ മികവും എടുത്തു പറയേണ്ടതാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ പ്രസിദ്ധ് മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്നു. ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും നാലാം പേസറായി പ്രസിദ്ധ് എത്താനുള്ള സാധ്യത കൂടുതലായിരിക്കുകയാണ്.
ബുംറ ഇതേ മികവ് തുടര്‍ന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി മാറിയേക്കും. ഹാര്‍ദിക്കിനെക്കാള്‍ ടീം മാനേജ്‌മെന്റ് താല്‍പര്യപ്പെടുന്നത് ബുംറയെ നായകനാക്കാനാവും. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ സംബന്ധിച്ച് വരുന്ന പരമ്പരകള്‍ നിര്‍ണ്ണായകമാണ്. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ അദ്ദേഹത്തിന് വൈസ് ക്യാപ്റ്റന്‍സി നഷ്ടമായേക്കും.