അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യം യാഥാര്‍ഥ്യമായില്ലെങ്കിലും ക്യാപ്റ്റനായുള്ള കന്നി പരമ്പരയില്‍ തന്നെ വമ്പന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടക്കേണ്ടിയിരുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
എങ്കിലും ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ചതിനാല്‍ പരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കി. ഈ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് നായകന്‍ ബുംറയായിരുന്നു. രണ്ടു മല്‍സരങ്ങളിലും ഉജ്ജ്വല ബൗളിങായിരുന്നു അദ്ദേഹം പുറത്തെടുത്തത്. രണ്ടിന്നിങ്‌സുകളിലായി എട്ടോവറുകള്‍ ബൗള്‍ ചെയ്ത ബുംറ വെറും 4.87 ഇക്കോണമി റേറ്റില്‍ വിട്ടകൊടുത്തത് 39 റണ്‍സ് മാത്രമാണ്.

നാലു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 15 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. ടി20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ചൂടിയ ആദ്യത്തെ ഇന്ത്യന്‍ ബൗളറെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ബുംറ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
മാത്രമല്ല നേരത്തേ ഇന്ത്യയുടെ വെറും നാലു ക്യാപ്റ്റന്‍മാര്‍ക്കു മാത്രമേ ഈ നേട്ടം സ്വന്തമാക്കാനുമായിട്ടുള്ളൂ. ഇപ്പോള്‍ ബുംറയും അവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരിക്കുകയാണ്. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് നേരത്തേ പ്ലെയര്‍ ഓഫ് ദി സീരീസായിട്ടുള്ള ഇന്ത്യന്‍ നായകര്‍.
ഇവരില്‍ ഒന്നിലേറെ തവണ പുരസ്‌കാരത്തിനു അവകാശിയായ ഏക ക്യാപ്റ്റന്‍ കോലിയാണ്. മൂന്നു തവണ അദ്ദേഹം പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയും 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും 2021ല്‍ ഇംഗ്ലണ്ടിനെതിരേയുമാണ് കോലി പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് കൈക്കലാക്കിയത്.
രോഹിത് 2021ല്‍ ന്യൂസിലാന്‍ഡിനെതിരേയും ഹാര്‍ദിക് ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേയുമാണ് ഈ നേട്ടം കുറിച്ചത്. ഏറ്റവുമാദ്യം ടി20യില്‍ പ്ലെയര്‍ ഓഫ് ദി സീരീസായ ഇന്ത്യന്‍ നായകന്‍ റെയ്‌നയാണ്. 2010ല്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു ഇത്.

കൂടാതെ ഏറ്റവുമധികം തവണ ടി20യില്‍ പ്ലെയര്‍ ഓഫ് ദി സീരീസായ ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ മൂന്നാംസ്ഥാനത്തും ജസ്പ്രീത് ബുംറ എത്തിയിരിക്കുകയാണ്. കരിയറില്‍ ഇതു രണ്ടാം തവണയാണ് അദ്ദേഹം പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. രോഹിത് ശര്‍മ, യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം മൂന്നാംസ്ഥാനം പങ്കിടുകയാണ് ബുംറ.
ഇവിടെയും കോലി തന്നെയാണ് കിങെന്നു കാണാന്‍ സാധിക്കും. ടി20യില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസായ ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. ഏഴു തവണയാണ് കോലി പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
മൂന്നു തവണ വീതം ഈ പുരസ്‌കാരം ഏറ്റുവാങ്ങിയ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവും മുന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും രണ്ടാംസ്ഥാനം പങ്കിടുകയാണ്.
പരിക്കു കാരണം 11 മാസത്തോളം കളിക്കളത്തിനു പുറത്തായിരുന്ന ബുംറയുടെ മല്‍സരരംഗത്തേക്കുള്ള മടങ്ങിവരവ് കൂടിയായിരുന്നു അയര്‍ലാന്‍ഡുമായുള്ള പരമ്പര. അതു അദ്ദേഹം ഗംഭീര പ്രകടനത്തോടെ അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. ഈ പരമ്പരയില്‍ ക്യാപ്റ്റന്‍സി ലഭിച്ചതോടെ ടി20യില്‍ ഇന്ത്യയെ നയിച്ച ആദ്യ ബൗളറെന്ന റെക്കോര്‍ഡും ബുംറയെ തേടിയെത്തിയിരുന്നു.