IND vs IRE: നയിക്കാന്‍ ഹാര്‍ദിക്ക് ഇല്ല! പുതിയ ക്യാപ്റ്റന്‍ സൂര്യയോ, സഞ്ജുവോ? സൂചന പുറത്ത്
അടുത്ത മാസം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉണ്ടാവില്ലെന്നു റിപ്പോര്‍ട്ട്. തിരക്കേറിയ മല്‍സരങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിനു ഐറിഷ് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക്കിനെക്കൂടാതെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനും ഇഷാന്‍ കിഷനും വിശ്രമം നല്‍കാന്‍ സാധ്യത കൂടുതലാണെന്നാണ് വിവരം.
സപ്തംബര്‍ അവസാനത്തോടെ ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പും ഒക്ടോബറില്‍ ഐസിസി ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്. ഇവ മുന്നില്‍ കണ്ടാണ് ചില പ്രധാനപ്പെട്ട താരങ്ങള്‍ക്കു അയര്‍ലാന്‍ഡ് പര്യടനത്തില്‍ വിശ്രമം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നത്. ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഹാര്‍ദിക്കിനും ഗില്ലിനും അയര്‍ലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വിശ്രമം നല്‍കാന്‍ സാധ്യതകള്‍ കൂടുതലാണെന്ന സൂചന നല്‍കിയത്.

അന്തിമ തീരുമാനമെടുത്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കു ശേഷം ഹാര്‍ദിക്കിനു എന്താണ് തോന്നുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അയര്‍ലാന്‍ഡ് പര്യടനത്തെക്കുറിച്ച് തീരുമാനമെടുക്കുക. ഫ്‌ളോറിഡയില്‍ നിന്നും ഡബ്ലിനിലേക്കു യാത്ര തിരിക്കും മുമ്പ് മൂന്നു ദിവസത്തെ ഇടവേള മാത്രമേ താരങ്ങള്‍ക്കു ലഭിക്കുകയുള്ളൂ.
പ്രഥമ പരിഗണന ലോകകപ്പിന് ആയതിനാല്‍ തന്നെ ഒരാള്‍ തന്റെ ജോലിഭാരവും കണക്കിലെടുക്കേണ്ടത് ആവശ്യമാണ്. ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി ഹാര്‍ദിക് ആയിരിക്കുമെന്ന കാര്യം മറക്കരുതെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.
സമീപകാലത്തു നടന്ന ടി20 പരമ്പരകളിലെല്ലാം ഇന്ത്യന്‍ ടീമിനെ നയിച്ചത് 29 കാരനായ ഹാര്‍ദിക്കാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിനു ശേഷം രോഹിത്തും വിരാട് കോലിയുമൊന്നും ഇന്ത്യക്കായി ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല.
ന്യൂസിലാന്‍ഡ് പര്യടനം, ഈ വര്‍ഷം ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരുമായി നാട്ടില്‍ നടന്ന ടി20 പരമ്പരകള്‍ എന്നിവയിലെല്ലാം ഹാര്‍ദിക്കായിരുന്നു ക്യാപ്റ്റന്‍. അധികം വൈകാതെ തന്നെ രോഹിത്തിനു പകരം ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തെ സ്ഥിരം നായകനായി പ്രഖ്യാപിക്കാനുമിരിക്കുകയാണ്.
ഹാര്‍ദിക്കിന്റെ അഭാവം അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനു ക്ഷീണമായേക്കും. അദ്ദേഹത്തിനു പകരം ടി20 പരമ്പരയില്‍ ഇന്ത്യയെ ആരു നയിക്കുമെന്നതാണ് ചോദ്യം. ഹാര്‍ദിക് ക്യാപ്റ്റനായിട്ടുള്ള ടി20 പരമ്പരകളിലെല്ലാം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരുന്നു.
അതുകൊണ്ടു തന്നെ സ്വാഭാവികമായും ഹാര്‍ദിക്ക് ഇല്ലെങ്കില്‍ ക്യാപ്റ്റന്‍സി സൂര്യയിലേക്കു തന്നെയായിരിക്കും വരിക. നിലവില്‍ ഇതുവരെ ഒരു കളിയിലും സൂര്യ ഇന്ത്യയെ നയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റമായിരിക്കും ഐറിഷ് പര്യടനം.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുകയെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇഷാനു പര്യടനത്തില്‍ വിശ്രമം നല്‍കുന്നത് കാരണമാണിത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യ ക്യാപ്റ്റനാവുകയാണെങ്കില്‍ ഒരുപക്ഷെ വൈസ് ക്യാപ്റ്റനായി സഞ്ജുവിനും നറുക്കുവീണേക്കുമെന്നാണ് വിവരം.
യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള സംഘത്തെയായിരിക്കും അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയക്കുക. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാതെ പോയ റിങ്കു സിങിനെപ്പോലെയുള്ളവര്‍ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ അരങ്ങേറ്റം കുറിക്കും. റിങ്കുവിനെക്കൂടാതെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള പല യുവതാരങ്ങളും അയര്‍ലാന്‍ഡ് പര്യടനത്തിലുണ്ടാവും.
മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന്റെ പരിശീലക സംഘവും അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം കാണില്ലെന്നാണ് നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കും വിശ്രമം അനുവദിക്കും. പകരം വിവിഎസ് ലക്ഷ്മണായിരിക്കും ടീമിനെ പരിശീലിപ്പിക്കുക. ഏഷ്യാ കപ്പ് മുന്നില്‍ കണ്ടാണ് ദ്രാവിഡിനും സംഘത്തിനും വിശ്രമം നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications