Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: നോ ബോളുകളിലെ കിങ്, അത് അര്‍ഷ്ദീപ് തന്നെ! 20ാം ഓവറില്‍ മറ്റൊരു നാണക്കേടും

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ബൗളിങില്‍ ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. ഇന്ത്യക്കു വലിയ പ്രതീക്ഷകളുണ്ടായിരുന്ന താരം തല്ലുവാങ്ങിക്കൂട്ടി ഡെത്ത് ഓവറുകളിലെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. ഇതോടെ നേരത്തേ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നു പൊക്കി നടന്ന് വന്‍ ദുരന്തമായി തീര്‍ന്ന ഹര്‍ഷല്‍ പട്ടേലിന്റെ ഗതി തന്നെ അര്‍ഷ്ദീപിനും വരുമോയെന്ന സംശയത്തിലാണ് ആരാധകര്‍.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ഡെത്ത് ഓവറുകളില്‍ നടത്തിയ ഉജ്ജ്വല ബൗളിങ് പ്രകടനങ്ങളാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. പക്ഷെ ഇന്ത്യന്‍ കുപ്പായത്തില്‍ ലക്കും ലഗാനുമില്ലാതെ അവസാന ഓവറുകളില്‍ ബൗള്‍ ചെയ്ത് അര്‍ഷ്ദീപ് റണ്‍സ് വാരിക്കോരി നല്‍കുകയാണ്. നോ ബോളും വൈഡുകളുമടക്കം എക്‌സ്ട്രാസും യാതൊരു പിശുക്കും കാണിക്കാതെയാണ് താരം നല്‍കിക്കൊണ്ടിരിക്കുന്നത്.

ARSHDEEP SINGH

അയര്‍ലാന്‍ഡിനെതിരേ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ഇന്ത്യയുടെ മറ്റു അഞ്ചു ബൗളര്‍മാരും നന്നായി പന്തെറിഞ്ഞപ്പോള്‍ അര്‍ഷ്ദീപ് നിരാശപ്പെടുത്തി. ഡെത്ത് ഓവറില്‍ പന്തിനു മേല്‍ യാതൊരു നിയന്ത്രണവും പുലര്‍ത്താന്‍ അര്‍ഷ്ദീപിനു സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.

കഴിഞ്ഞ മല്‍സരത്തില്‍ നാലോവറില്‍ 35 റണ്‍സാണ് പേസര്‍ വഴങ്ങിയത്. ഒരു വിക്കറ്റ് ലഭിച്ചെങ്കിലും മൂന്നു വൈഡുകളും ഒരു നോ ബോളും അര്‍ഷ്ദീപ് എറിയുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അയര്‍ലാന്‍ഡ് 125 റണ്‍സ് നേടുമോയെന്ന കാര്യം പോലും സംശയമായിരുന്നു.

പക്ഷെ 20ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് അയര്‍ലാന്‍ഡിന്റെ രക്ഷയ്‌ക്കെത്തി. ഡെത്ത് ഓവര്‍ ബൗളിങ് തനിക്കു പറ്റില്ലെന്നു ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 22 റണ്‍സാണ് അര്‍ഷ്ദീപ് ഈ ഓവറില്‍ വിട്ടുകൊടുത്തത്. ഇതോടെ 19 ഓവറില്‍ ഏഴിന് 117 റണ്‍സെന്ന നിലയിലായിരുന്ന അയര്‍ലാന്‍ഡ് 20 ഓവറില്‍ 7ന് 139ലേക്കു കുതിച്ചു.

രണ്ടു സിക്‌സറുകളും ഒരു ഫോറുമടക്കമായിരുന്നു അര്‍ഷ്ദീപ് 22 റണ്‍സ് ദാനം ചെയ്തത്. ഓരോ വൈഡുകളും നോ ബോളും കൂടി ഈ ഓവറില്‍ ഉള്‍പ്പെട്ടതിനാല്‍ ആകെ എട്ടു ബോളുകളും പേസര്‍ക്കു എറിയേണ്ടതായി വന്നു. അഞ്ചാമത്തെ ബോളിലായിരുന്നു എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത ബാരി മക്കാര്‍ത്തി അര്‍ഷ്ദീപിനെ സിക്‌സറിനു പറത്തിയത്.

തൊട്ടടുത്തത് തോളിനു മുകളില്‍ ഉയരത്തില്‍ വന്ന നോ ബോളായിരുന്നു. തുടര്‍ന്നൊരു ഫ്രീഹിറ്റ്. ഈ ബോള്‍ ലോങ് ഓഫിനു മുകളിലൂടെ മക്കാര്‍ത്തി വീണ്ടും സിക്‌സറിലേക്കു പായിച്ചു. ഇതോടെ കരിയര്‍ ബെസ്റ്റ് സ്‌കോറായ 51 റണ്‍സും അദ്ദേഹം കണ്ടെത്തി.

ഈ മല്‍സരത്തിലെറിഞ്ഞ ഒരു നോ ബോളോടെ ടി20യില്‍ നോ ബോളുകളുടെ കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരു ഇന്ത്യന്‍ ബൗളറില്ലെന്നു അര്‍ഷ്ദീപ് അടിവരയിടുകയും ചെയ്തിരിക്കുകയാണ്. കരിയറില്‍ ഇതുവരെ 19 നോ ബോളുകളാണ് പേസര്‍ എറിഞ്ഞിട്ടുള്ളത്.

ARSHDEEP SINGH

ഈ ലിസ്റ്റില്‍ മറ്റാരും തന്നെ അദ്ദേഹത്തിന്റെ അരികില്‍പ്പോലുമില്ല. സ്റ്റാര്‍ പേസറും ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കാരുടെ ഈ ലിസ്റ്റിലെ രണ്ടാമന്‍. അദ്ദേഹം എട്ടു നോ ബോളുകളാണ് ഇതിനകം എറിഞ്ഞത്. അഞ്ചു നോ ബോളുകളുമായി സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് മൂന്നാംസ്ഥാനത്ത്.

ടി20യില്‍ 20ാം ഓവറില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളര്‍മാരുടെ ടോപ്പ് ഫൈവെടുത്താല്‍ അവിടെ രണ്ടു തവണ ഇടംപിടിച്ച ഏക ബൗളറും അര്‍ഷ്ദീപാണ്. 20ാം ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറെന്ന ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരില്‍ തന്നെ. ഈ വര്‍ഷം ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ അര്‍ഷ്ദീപ് വാരിക്കോരി നല്‍കിയത് 27 റണ്‍സാണ്.

2012ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ 26 റണ്‍സ് വിട്ടുകൊടുത്ത സുരേഷ് റെയ്‌നയാണ് രണ്ടാമന്‍. ദീപക് ചാഹര്‍ (24 റണ്‍സ്, 2022ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ), ഖലീല്‍ അഹമ്മദ് (23 റണ്‍സ്, 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. കഴിഞ്ഞ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെതിരേ 22 റണ്‍സ് വിട്ടുകൊടുത്തതോടെ അഞ്ചാംസ്ഥാനവും അര്‍ഷ്ദീപ് പിടിച്ചെടുത്തു.

Story first published: Saturday, August 19, 2023, 7:18 [IST]
Other articles published on Aug 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+