രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 2 വിക്കറ്റിന് 196 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ 322 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. ശുബ്മാന്‍ ഗില്ലും (65*) കുല്‍ദീപ് യാദവുമാണ് (3*) ക്രീസില്‍.
19 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും അക്കൗണ്ട് തുറക്കും മുമ്പ് രജത് പാട്ടീധാറിന്റേയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 104 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍ റിട്ടേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. 133 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ കസറിയത്. എന്നാല്‍ പേശിവലിന് അനുഭവപ്പെട്ടതോടെ താരം റിട്ടേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.
126 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സെത്തിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. 28 പന്തില്‍ 3 ഫോറടക്കം 19 റണ്‍സ് നേടിയ രോഹിത്തിനെ ജോ റൂട്ട് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ കൂട്ടുകെട്ടോടെ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.
രണ്ട് വിക്കറ്റിന് 209 എന്ന ശക്തമായ നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച കുതിപ്പ് നടത്താനായില്ല. ജോ റൂട്ടിനെ (18) പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. അനാവശ്യ റിവേഴ്‌സ് സ്വകൂപ്പിന് ശ്രമിച്ച റൂട്ടിനെ തേര്‍ഡ് സ്ലിപ്പില്‍ യശ്വസി ജയ്‌സ്വാള്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ പിടിമുറുക്കിയ ഇന്ത്യ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി.

അപകടകാരിയായ ജോണി ബെയര്‍സ്റ്റോ ഡെക്കിന് മടങ്ങി. കുല്‍ദീപ് യാദവിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് ബെയര്‍സ്റ്റോയുടെ മടക്കം. പതിയെ പിച്ചില്‍ താളം കണ്ടെത്തിയ കുല്‍ദീപ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒരുവശത്ത് സെഞ്ച്വറിയോടെ പിടിച്ചുനിന്നത് ബെന്‍ ഡക്കറ്റായിരുന്നു. 151 പന്ത് നേരിട്ട് 23 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 153 റണ്‍സാണ് ഡക്കറ്റ് നേടിയത്. ഇരട്ട സെഞ്ച്വറിയിലേക്ക് പോയേക്കുമെന്ന് തോന്നിച്ച ഡക്കറ്റിനെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്.
ഓഫ് സ്റ്റംപിനും പുറത്തെത്തിയ പന്തിനെ ശുബ്മാന്‍ ഗില്ലിന്റെ കൈയിലേക്ക് അനായാസമെത്തിച്ചാണ് ഡക്കറ്റിന്റെ മടക്കം. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഡക്കറ്റിന്റെ മടക്കമാണ് വലിയ തിരിച്ചടിയായത്. ഡക്കറ്റ് പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് 5 വിക്കറ്റിന് 260 റണ്‍സെന്ന നിലയിലായിരുന്നു. പിന്നാലെയെത്തിയ ബെന്‍ സ്റ്റോക്‌സ്-ബെന്‍ ഫോക്‌സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ രക്ഷിക്കുമെന്ന് തോന്നിച്ചു. 89 പന്ത് നേരിട്ട് 6 ബൗണ്ടറിയടക്കം 41 റണ്‍സ് നേടിയ സ്റ്റോക്‌സിനെ രവീന്ദ്ര ജഡേജ പുറത്താക്കി.
സിക്‌സറിന് ശ്രമിച്ച സ്റ്റോക്‌സിന് പിഴച്ചപ്പോള്‍ ജസ്പ്രീത് ബുംറയുടെ കൈയില്‍ ക്യാച്ചായി ഇത് അവസാനിച്ചു. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് സിറാജ് ബെന്‍ ഫോക്‌സിനെ (13) പുറത്താക്കി. രോഹിത് ശര്‍മക്ക് അനായാസ ക്യാച്ച് നല്‍കിയാണ് ഫോക്‌സിന്റെ മടക്കം. റഹാന്‍ അഹമ്മദിനെ (6) മുഹമ്മദ് സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ ടോം ഹാര്‍ട്ട്‌ലിയെ (9) ജഡേജയുടെ പന്തില്‍ ദ്രുവ് ജുറേല്‍ സ്റ്റംപ് ചെയ്തു.
മാര്‍ക്ക് വുഡ് (4*) പുറത്താവാതെ നിന്നപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സനെ പുറത്താക്കി സിറാജ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു. 110 റണ്‍സിനിടെയാണ് ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ വീണത്. ഇതോടെ 319 എന്ന സ്‌കോറില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യ 126 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുകയും ചെയ്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 445 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 131 റണ്‍സ് നേടിയ രോഹിത് ശര്‍മയും 112 നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. സര്‍ഫറാസ് ഖാന്‍ നിര്‍ണ്ണായകമായ 62 റണ്‍സോടെ തിളങ്ങി. ദ്രുവ് ജുറേല്‍ 46 റണ്‍സും അടിച്ചെടുത്തത്. 3ന് 33 എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവെന്നതാണ് എടുത്തു പറയേണ്ടത്.