
ഓവലില്‍ സ്പിന്നിന് നിര്‍ണ്ണായക പങ്കുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിനെ ഇനിയും പുറത്തിരുത്താനാവില്ല. ആദ്യ മൂന്ന് മത്സരത്തിലും രവീന്ദ്ര ജഡേജയെ ഇന്ത്യ പരിഗണിച്ചപ്പോള്‍ ആര്‍ അശ്വിന് പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ നാലാം ടെസ്റ്റില്‍ രണ്ട് പേരെയും ഒന്നിച്ച് ഇന്ത്യ പരിഗണിക്കും എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രണ്ട് പേരെയും ഒന്നിച്ച് കളിപ്പിക്കുക കോലിക്ക് എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന തീരുമാനമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യുവി രാമന്‍.

'അശ്വിനെയും ജഡേജയേയും ഒന്നിച്ച് കളിപ്പിച്ചാല്‍ എന്താവും സംഭവിക്കുക? ഇവരുടെ വ്യക്തിഗത മനോഭാവം എങ്ങനെയായിരിക്കും. അശ്വിന്‍ വിക്കറ്റ് വീഴ്ത്താന്‍ ആക്രമണോത്സുകതയുള്ള താരമാണ്. ജഡേജ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുന്ന താരവും. രണ്ട് പേരുടെയും കണക്കുകള്‍ മാത്രമല്ല ഇരുവരുടെയും സ്വഭാവവും ശൈലിയും ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ വിരാട് കോലി പരിഗണിക്കേണ്ടതാണ്'-ഡബ്ല്യുവി രാമന്‍ പറഞ്ഞു.
അശ്വിന്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരമാണ്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് നിലവില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രധാന തലവേദന. റൂട്ടിനെ നിരവധി തവണ പുറത്താക്കാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ അശ്വിന്‍ തിരിച്ചെത്തിയാല്‍ ടീമിനും അത് മുതല്‍ക്കൂട്ടാവും. അതേ സമയം ബാറ്റിങ് കരുത്തിന്റെ അടിസ്ഥാനത്തിലാണ് ജഡേജക്ക് ഇന്ത്യ അവസരം നല്‍കിയത്. ജഡേജ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചെങ്കിലും ബൗളിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.

അശ്വിനെ കളിപ്പിക്കാത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ ഇതിനോടകം വിമര്‍ശനം ശക്തമാണ്. അതിനാല്‍ത്തന്നെ നാലാം മത്സരത്തിലെങ്കിലും അശ്വിന് ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ട്. എന്നാല്‍ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. അതിനാല്‍ത്തന്നെ ഇഷാന്ത് ശര്‍മയെ പുറത്തിരുത്തി ആര്‍ അശ്വിന് അവസരം നല്‍കുകയും ജഡേജക്ക് പകരക്കാരനായി ഹനുമ വിഹാരിയോ സൂര്യകുമാര്‍ യാദവോ എത്താനാണ് സാധ്യത.
അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ മോശം ഫോമിലാണുള്ളത്. എന്നാല്‍ ഇരുവരും സീനിയര്‍ താരങ്ങളും ഏത് സമയത്തും ഫോമിലേക്കുയരാന്‍ മികവുള്ളവരുമാണ്. അതിനാല്‍ത്തന്നെ ഇരുവരും പ്ലേയിങ് 11ല്‍ തുടര്‍ന്നേക്കും. ഇന്ത്യ ഒരു തവണ മാത്രം ജയിച്ചിട്ടുള്ള ഓവലില്‍ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ക്യാപ്റ്റന്‍ വിരാട് കോലിക്കും വിമര്‍ശകരുടെ വായടപ്പിക്കാന്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ 51 ഇന്നിങ്‌സില്‍ ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല.


Click it and Unblock the Notifications











