For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: എന്തിനാണ് ടേണിങ് പിച്ച്? ഞെട്ടിച്ച് ദാദയുടെ ചോദ്യം, കാരണം പറഞ്ഞത് ഇങ്ങനെ

വിശാഖപട്ടണം: സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞതിനു പിന്നാലെ സര്‍പ്രൈസ് ചോദ്യവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. നാട്ടില്‍ കളിക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യ തയ്യാറാക്കുന്ന പിച്ചുകളെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. വിശാഖപട്ടണത്തെ സ്ലോ പിച്ചില്‍പ്പോലും ബുംറയ്ക്കു കസറാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്തിനാണ് നമ്മള്‍ ഈ തരത്തിലുള്ള പിച്ചുകള്‍ ഇവിടെ ഒരുക്കുന്നതെന്നാണ് ദാദയുടെ ചോദ്യം.

എക്‌സിലൂടെയായിരുന്നു ഇന്ത്യയിലെ പിച്ചുകളുടെ സ്വാഭവത്തെക്കുറിച്ച് ഗാംഗുലി അഭിപ്രായപ്രകടനം നടത്തിയത്. ബുംറ, ഷമി, സിറാജ്, മുകേഷ് എന്നിവര്‍ ബൗള്‍ ചെയ്യുന്നതു കാണുമ്പോള്‍ ഇന്ത്യയില്‍ എന്തിനാണ് നമ്മള്‍ ടേണിങ് ട്രാക്കുകള്‍ തയ്യാറാക്കുന്നതെന്നു എനിക്കു ആശ്ചര്യം തോന്നുകയാണ്. നല്ല വിക്കറ്റുകളില്‍ കളിക്കണമെന്ന എന്റെ ബോധ്യം ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ ശക്തമാവുകയാണ്.

SOURAV GANGULY

അശ്വിന്‍, ജഡേജ, കുല്‍ദീപ്, അക്ഷര്‍ എന്നിവര്‍ കൂടി ബൗളിങ് നിരയിലുള്ളപ്പോള്‍ ഏതു തരത്തിലുള്ള പിച്ചുകളിലും ടീമിനു 20 വിക്കറ്റുകള്‍ ലഭിക്കും. നാട്ടിലെ പിച്ചുകള്‍ കാരണം കഴിഞ്ഞ 6-7 വര്‍ഷത്തിനിടെ നമ്മുടെ ബാറ്റിങിന്റെ നിലവാരം കുറയുകയാണ്. നല്ല വിക്കറ്റുകള്‍ തീര്‍ച്ചയായും വേണം. അഞ്ചു ദിവസം കൊണ്ട് ഇന്ത്യക്കു ഇപ്പോഴും വിജയിക്കാന്‍ കഴിയുമെന്നുമാണ് സൗരവ് ഗാംഗുലി എക്‌സില്‍ കുറിച്ചത്.

രണ്ടാം ടെസ്റ്റില്‍ മൂന്നു ദിവസവും മുഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ 171 റണ്‍സിന്റെ ആധികാരികമായ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. 143 റണ്‍സിന്റെ ഒന്നാമിന്നിങ്‌സിന്റെ ലീഡിനു ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചത്.

ഇന്ത്യന്‍ സ്പിന്‍ ത്രയങ്ങള്‍ അരങ്ങു വാഴുമെന്നു പ്രതീക്ഷിക്കപ്പെട്ട പിച്ചില്‍ ഹീറോയായത് ബുംറയായിരുന്നു. 15.5 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെടെ 45 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. കുല്‍ദീപ് യാദവ് മൂന്നു പേരെ മടക്കിയപ്പോള്‍ അക്ഷര്‍ പട്ടേലിനു ഒരു വിക്കറ്റും ലഭിച്ചു.

ആര്‍ അശ്വിനും മുകേഷ് കുമാറിനും ഒരു വിക്കറ്റ് പോലും വീഴ്ത്താനായതുമില്ല. സ്പിന്നര്‍മാരെല്ലാം നാലില്‍ മുകളില്‍ ഇക്കോണമി റേറ്റിലാണ് റണ്‍സ് വാരിക്കോരി നല്‍കിയത്. അക്ഷറിന്റെ ഇക്കോണമി റേറ്റ് ആറും അശ്വിന്റേത് 5.10ഉം കുല്‍ദീപിന്റേത് 4.3ഉം ആയിരുന്നു.

JASPRIT BUMRAH

കഴിഞ്ഞ വര്‍ഷം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഓസ്‌ട്രേലിയന്‍ ടീം ഇവിടെയെത്തിയപ്പോള്‍ ഇന്ത്യ തയ്യാറാക്കിയ പിച്ചുകളെക്കുറച്ചു വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പിച്ചുകളായിരുന്നു ഇന്ത്യയൊരുക്കിയത്. ഈ കാരണത്താല്‍ തന്നെ ആദ്യത്തെ മൂന്നു ടെസ്റ്റുകളും വെറും മൂന്നു ദിവസം കൊണ്ടു തന്നെ അവസാനിക്കുകയും ചെയ്തിരുന്നു. മൂന്നാം ടെസ്റ്റിനു വേദിയായ ഇന്‍ഡോറിലെ പിച്ചിനെ മോശമെന്നു ഐസിസി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയതിനാല്‍ ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഒന്നാം ടെസ്റ്റില്‍ ആദ്യത്തെ രണ്ടു ദിവസവും ഇന്ത്യക്കായിരുന്നു ആധിപത്യം. 190 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡും ഇന്ത്യക്കുണ്ടായിരുന്നു.

പക്ഷെ രണ്ടാമിന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ബെന്‍ സ്റ്റോക്‌സും സംഘവും ഇന്ത്യയെ സ്തബ്ധരാക്കുകയായിരുന്നു. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് അവര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ഇത്തരമൊരു തിരിച്ചുവരവ് നടത്തുന്നതില്‍ നിന്നും ഇംഗ്ലണ്ടിനെ ഇന്ത്യക്കു തടഞ്ഞേ തീരൂ.

Story first published: Saturday, February 3, 2024, 21:18 [IST]
Other articles published on Feb 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+