ക്രിക്കറ്റില്‍ അധികം പേര്‍ക്കുമറിയാത്ത നിയമങ്ങളിലൊന്നാണ് പിച്ച് 'കൈയേറ്റം'. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഈ നിയമം കാരണം പണിയും കിട്ടിയിരുന്നു. ഇന്ത്യന്‍ ടീം നിയമലംഘനം നടത്തിയതിനെ തുടര്‍ന്നു അഞ്ചു റണ്‍സാണ് ഇംഗ്ലണ്ടിനു പിഴയായി ലഭിച്ചത്. ഇതേ തുടര്‍ന്നു ഒന്നാമിന്നിങ്‌സില്‍ ആദ്യത്തെ ബോള്‍ നേരിടും മുമ്പ് തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുമുണ്ടായിരുന്നു.
എന്തുകൊണ്ടാണ് പിച്ചിലൂടെ ഓടുന്നത് നിയമലംഘനമാവുന്നത്. ബാറ്റര്‍മാര്‍ മാത്രമാണോ ഈ നിയമത്തിന്റെ പരിധിയില്‍ പെടുന്നത്. നിയമലംഘനം നടത്തിയാല്‍ എത്ര റണ്‍സായിരിക്കും ഒരു ടീമിനു പിഴയായി ലഭിക്കുക? കളിക്കാര്‍ പിച്ചിനു കേടുപാടുകള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തെക്കുറിച്ചു വിശദമായി നോക്കാം.

Screenshot
പിച്ചില്‍ കേടുപാട് വരുത്തല്‍
എംസിസിയുടെ (മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബ്) നിയമാവലി പ്രകാരം ബാറ്റര്‍മാരോ, ബൗളര്‍മാരോ മനപ്പൂര്‍വ്വം പിച്ചില്‍ കേടുപാടുകള്‍ വരുത്തുകയോ, സംരക്ഷിത ഏരിയയില്‍ പ്രവേശിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. ഒരു ബൗളര്‍ പന്തെറിഞ്ഞതിനു ശേഷം ഫോളോ ത്രൂയ്ക്കിടെ പിച്ചിലെ സംരക്ഷിത ഏരിയയിലേക്കു കടക്കാന്‍ പാടില്ലായെന്നു നിയമാവലിയുടെ 41.13ല്‍ പരാമര്‍ശിക്കുന്നു.
ബൗള്‍ ചെയ്താലും ഇല്ലെങ്കിലും ബൗളര്‍ ഈ തരത്തില്‍ പിച്ചിലെ നിരോധിത മേഖലയിലേക്കു പ്രവേശിക്കുകയാണെങ്കില്‍ പിച്ചിനു കേടുപാടുകളുണ്ടാക്കി അതുവഴി അന്യായ നേട്ടമുണ്ടാക്കിയതായി പരിഗണിക്കും. ഇതേ പോലെ തന്നെ നിയമാവലിയുടെ 41.14ല്‍ ബാറ്ററുടെ നിയമലംഘനത്തെക്കുറിച്ചും പറയുന്നുണ്ട്. ബോള്‍ നേരിടുമ്പോഴോ, റണ്ണിനായി ഓടുമ്പോഴോ ബാറ്റര്‍ മനപ്പൂര്‍വ്വം പിച്ചിലെ സംരക്ഷിത ഏരിയയില്‍ കടക്കുകയാണെങ്കില്‍ അതു ഗുരുതരമായ തെറ്റ് തന്നെയാണ്.
എന്താണ് പിച്ചിലെ സംരക്ഷിത ഏരിയ?
പിച്ചിന്റെ മധ്യഭാഗത്തെയാണ് സംരക്ഷിത ഏരിയ, അല്ലെങ്കില്‍ അപകട ഏരിയയായി കണക്കാക്കുന്നത്. പോപ്പിങ് ക്രീസിനു അഞ്ചടി മുന്‍വശത്തായി ആരംഭിക്കുന്ന ഇരുവശങ്ങളിലുമുള്ള ചതുരാകൃതിയിലെ ഏരിയയാണ് പിച്ചിലെ സംരക്ഷിച്ച ഏരിയയായി കണക്കാക്കുന്നത്.
കളിക്കാര്‍ക്കു മല്‍സരത്തിനിടെ ഈ ഏരിയയിലേക്കു പ്രവേശിക്കാനോ, ഓടാനോ അനുവാദമില്ല. സ്‌പൈക്ക് ധരിച്ച് കളിക്കാര്‍ ഈ ഏരിയയിലൂടെ ഓടിയാല്‍ അതു പിച്ചില്‍ കേടുപാടുകള്‍ വരാന്‍ ഇടയാക്കും. പിച്ച് ഈ തരത്തില്‍ തകര്‍ക്കപ്പെടുകയാണെങ്കില്‍ രണ്ടു ടീമുകളിലൊന്നിനു ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നു കണക്കാക്കുകയും ചെയ്യും.

Screenshot
എന്തു പിഴ ലഭിക്കും?
ഒരു ബൗളര്‍ പിച്ചിലെ സംരക്ഷിത ഏരിയയിലേക്കു പ്രവേശിക്കുകയാണെങ്കില്‍ അംപയര്‍ അയാള്‍ക്കു ആദ്യത്തെ മുന്നറിയിപ്പ് നല്‍കും. കൂടാതെ ഫീല്‍ഡിങ് ടീം ക്യാപ്റ്റനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. ഇതേ ബൗളര്‍ വീണ്ടും ഇതാവര്‍ത്തിച്ചാല്‍ അംപയര്‍ ഒരിക്കല്‍ക്കൂടി മുന്നറിയിപ്പ് നല്‍കും. പക്ഷെ മൂന്നാമതും ബൗളര്‍ ഇതേ പിഴവ് ആവര്‍ത്തിക്കുകയാണെങ്കില്‍ അയാളെ ബൗളിങില്‍ നിന്നും അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യും. ഇന്നിങ്‌സില്‍ പിന്നീട് ഈ ബൗളര്‍ക്കു പന്തെറിയാന്‍ അനുമതിയും കിട്ടില്ല.
ഇനി ബാറ്റര്‍മാരുടെ കാര്യത്തിലേക്കു വന്നാല്‍ ബാറ്റര്‍മാര്‍ സംരക്ഷിത ഏരിയയിലൂടെ റണ്ണിനായി ഓടിയതായി കണ്ടെത്തിയാല്‍ അംപയര്‍ രണ്ടു ബാറ്റര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കും. പക്ഷെ ബാറ്റര്‍മാര്‍ വീണ്ടും ഇതാവര്‍ത്തിച്ചാല്‍ അംപയര്‍ പിഴ ചുമത്തും.
ഫീല്‍ഡിങ് ടീമിനു അഞ്ചു റണ്‍സാണ് ഇതുവഴി ലഭിക്കുക. ഫീല്‍ഡിങ് ടീമാണ് ആദ്യം ബാറ്റ് ചെയ്തതെങ്കില്‍ അവരുടെ ടോട്ടലിനോടു ഈ അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കും. പക്ഷെ അവര്‍ ബാറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരുടെ അടുത്ത ഇന്നിങ്‌സിലെ ടോട്ടലിലേക്കു ഈ അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.