മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സര്‍പ്രൈസ് മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. നിലവില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ മൂന്നിലേക്കു പ്രൊമോട്ട് ചെയ്യൂവെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ലോര്‍ഡ്‌സില്‍ 22 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ മൂന്നാം ടെസ്റ്റിലെ ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പായിരിക്കുകയാണ്. കാരണം സീം ബൗൡ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കു കാരണം പരമ്പരയില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. പേസര്‍ ആകാശ്ദീപും പരിക്കിന്റെ പിടിയിലാണ്. കൈവിരലനു പരിക്കുള്ള റിഷഭ് പന്തിനു അടുത്ത ടെസ്റ്റില്‍ വിക്കറ്റ് കീപ്പിങ് ചെയ്യാനാവുമോയെന്നതിലും സംശയമുണ്ട്.

മൂന്നാമനായി വാഷിയെ പരീക്ഷിക്കൂ
ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരങ്ങള്‍ ബാറ്റിങില്‍ ക്ലിക്കായിട്ടില്ല. ആദ്യ ടെസ്റ്റില്‍ സായ് സുദല്‍ശനും തുടര്‍ന്നുള്ള രണ്ടു ടെസ്റ്റുകളില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരുമാണ് ഈ പൊസിഷനില്‍ കളിച്ചത്. പക്ഷെ ഒരു ഫിഫ്റ്റി പോലും ഇരുവരും നേടിയിട്ടില്ല.
വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങില്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ മൂന്നാം നമ്പറില്‍ അയക്കൂ. അതോടൊപ്പം കുല്‍ദീപ് യാദവിനെയും ഈ ടെസ്റ്റില്‍ കളിപ്പിക്കണം. കരുണ്‍ നായര്‍ക്കു പകരം സായ് സുദര്‍ശനെ ടീമിലേക്കു കൊണ്ടുവരൂ, അല്ലെങ്കില്‍ വാഷിങ്ടണിനു മൂന്നാം നമ്പര്‍ നല്‍കണം.
ഞാന്‍ പറയുന്നത് വാഷിങ്ടണിനെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിപ്പിക്കണമെന്നാണ്. രവീന്ദ്ര ജഡേജയും ടീമിലുണ്ട്. സായ്, ധ്രുവി ജുറേല്‍ എന്നിരിലൊരാളെയും ടീമിലുള്‍പ്പെടുത്താം. ഒരു സ്‌പെഷ്യലിസ്റ്റ് പേസര്‍ക്കു പകരം സ്പിന്നറെ (കുല്‍ദീപ് യാദവ്) പിന്തുണയ്ക്കണം. നാലാം ഫാസ്റ്റ് ബൗളറുടെ റോളാണ് കുല്‍ദീപിനു നല്‍കേണ്ടതെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ അശ്വിന്‍ വിശദമാക്കി.
കരുണിന്റെ പ്രകടനം
ഈ ടെസ്റ്റ് പരമ്പരയില്‍ ഇതിനകം കളിച്ചിട്ടുള്ള മൂന്നു മല്‍സരങ്ങളിലും കാര്യമായി തിളങ്ങാനായില്ലെങ്കിലും ഇതിന്റെ പേരില്‍ കരുണ്‍ നായരെ വിലയിരുത്താന്‍ സാധിക്കില്ലെന്നാണ് ആര്‍ അശ്വിന്റെ അഭിപ്രായം. ആദ്യ ടെസ്റ്റിന്‍ ആറാമനായും രണ്ടും മൂന്നു ടെസ്റ്റുകളില്‍ മൂന്നാം നമ്പറിലുമാണ് അദ്ദേഹം ബാറ്റ് ചെയ്തത്.

സായ് സുദര്‍ശനെ മൂന്നാം നമ്പറിലോ, ഓപ്പണിങിലോ നിങ്ങള്‍ കാണുന്നില്ലെങ്കില്‍ ആദ്യ ടെസ്റ്റില്‍ അവനെ കളിപ്പിക്കേണ്ട ആവശ്യവുമില്ലായിരുന്നു. കരുണ്‍ നായരെയാണ് മൂന്നാം നമ്പറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒന്നാം ടെസ്റ്റ്് മുതല്‍ ഇവിടെ തന്നെ ഇറക്കാമായിരുന്നു. ആദ്യ ടെസ്റ്റില്‍ സായിയെ ഇന്ത്യ മൂന്നാമനായി ഇറക്കി. അതിനു ശേഷമൊഴിവാക്കുകയും പകരം കരുണിനെ ഈ പൊലിഷനില്‍ കൊണ്ടു വരികയും ചെയ്തു.
പുറത്താവുന്നതു വരെ വളരെ ആധികാരികമായിട്ടാണ് കരുണ്‍ ബാറ്റ് ചെയ്തത്. ഒരു ഘട്ടത്തിലും അദ്ദേഹത്തെ സമ്മര്‍ദ്ദിലോ, തിരക്കുള്ളതായോ കണ്ടില്ല. വലിയൊരു സ്‌കോര്‍ നേടി ഈ സ്ഥാനം ഉറപ്പിക്കാനായിരിക്കും കരുണ്‍ ആഗ്രഹിക്കുന്നത്. പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിലും അദ്ദേഹത്തിനു അവസരം കിട്ടുന്നത് കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അശ്വിന്‍ വ്യക്തമാക്കി.
നിതീഷിന്റെ പകരക്കാരന്‍
ബാറ്റിങിലെ ആഴം കൂട്ടുന്നതിനായി നാലാം ടെസ്റ്റില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നു ആര്‍ അശ്വിന്‍ പറഞ്ഞു.
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നമ്മള്‍ ബാറ്റിങിനു നീളം കൂട്ടിയേക്കുമെന്ന ആശങ്ക എനിക്കുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിക്കു ഏറ്റവും യോജിച്ച പകരക്കാരന്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. നിതീഷിനു പകരം ശര്‍ദ്ദുല്‍ കളിക്കുമെന്നു താന്‍ സംശയിക്കുന്നതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.