IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വീരഗാഥ, പേസര്‍മാര്‍ക്ക് 'സല്യൂട്ട്', എല്ലാ റെക്കോഡുകളുമറിയാം
ലോര്‍ഡ്‌സ്: അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ വിജയാഘോഷം കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലാണ് ഇന്ത്യ 151 റണ്‍സിന്റെ ചരിത്ര ജയം നേടിയത്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ 151 റണ്‍സിനാണ് കോലിപ്പട വിജയം പിടിച്ചെടുത്തത്. അഞ്ചാം ദിനം തുടക്കത്തിലെ തന്നെ റിഷഭ് പന്തിനെ നഷ്ടമായെങ്കിലും മുഹമ്മദ് ഷമി (56) - ജസ്പ്രീത് ബുംറ (34) കൂട്ടുകെട്ട് ഇന്ത്യക്ക് ഗംഭീര ജയം നേടിക്കൊടുക്കുകയായിരുന്നു.
ഇന്ത്യ മുന്നോട്ടുവെച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 120 റണ്‍സിലാണ് കൂടാരം കയറേണ്ടി വന്നത്. ഇന്ത്യയുടെ പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ആതിഥേയരെ തകര്‍ത്തത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ (33) മടക്കിയ ജസ്പ്രീത് ബുംറയാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചെത്തിയത്. മുഹമ്മദ് സിറാജിന്റെ പ്രകടനവും ഗംഭീരമായിരുന്നു. ആവേശ പോരാട്ടത്തിലെ പ്രധാനപ്പെട്ട എല്ലാ റെക്കോഡുകളുമറിയാം.

ലോര്‍ഡ്‌സില്‍ ടെസ്റ്റ് മത്സരം ജയിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നായകനാണ് വിരാട് കോലി. 1986 കപില്‍ ദേവ്,2014ല്‍ എംഎസ് ധോണി എന്നിവര്‍ക്ക് ശേഷമാണ് കോലി ഈ നേട്ടത്തിലെത്തുന്നു. ഇന്ത്യയുടെ പല ഇതിഹാസ നായകന്മാര്‍ക്കും സാധിക്കാത്ത ചരിത്ര നേട്ടമാണ് കോലി സ്വന്തം പേരിലാക്കിയത്. കൂടാതെ 37ാം ടെസ്റ്റ് ജയവുമായി ക്ലൈവ് ലോയ്ഡിനെ മറികടന്ന് ഏറ്റവും ടെസ്റ്റ് ജയമുള്ള നാലാമത്തെ നായകനായി മാറി.

ഇംഗ്ലണ്ടിന്റെ സാം കറാന്റെ പ്രകടനം ലോര്‍ഡ്‌സില്‍ നിരാശപ്പെടുത്തുന്നതായിരുന്നു. ലോര്‍ഡ്‌സില്‍ രണ്ട് ഇന്നിങ്‌സിലും ഗോള്‍ഡന്‍ ഡെക്കാവുന്ന ആദ്യ താരമെന്ന നാണക്കേടാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇഷാന്ത് ശര്‍മയും രണ്ടാം ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജുമാണ് സാം കറാനെ പുറത്താക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ 56 റണ്‍സാണ് മുഹമ്മദ് ഷമി നേടിയത്. ലോര്‍ഡ്‌സില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക്‌സ് കാലിസ്, എബി ഡിവില്ലിയേഴ്‌സ് എന്നിവരേക്കാളൊക്കെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടമാണ് ഷമി നേടിയത്.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് സെഞ്ച്വറി നേടിയിരുന്നു. റൂട്ട് സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കുന്നത് ഇതാദ്യം. 16 ജയവും അഞ്ച് സമനിലയുമാണ് ഈ മത്സരത്തിന് മുമ്പ് വരെ റൂട്ട സെഞ്ച്വറി നേടിയപ്പോഴുള്ള ഫലം. എന്നാല്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് തോല്‍വി അറിയുന്നത്. സാം കറാന്‍ ടീമിന്റെ ഭാഗമായി നാട്ടില്‍ കളിച്ച ടെസ്റ്റില്‍ തോല്‍വി അറിയുന്നതും ഇതാദ്യം. ഇതിന് മുമ്പ് എട്ട് ജയവും രണ്ട് സമനിലയുമായിരുന്നു സാം കറാന്‍ ടീമിലുള്ളപ്പോഴുള്ള മത്സര ഫലം.

നായകനെന്ന നിലയില്‍ വിരാട് കോലി മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. സെന (SENA) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം നേടുന്ന ഏഷ്യന്‍ നായകനായി കോലി മാറിയിരിക്കുകയാണ്. കോലിയുടെ അഞ്ചാമത്തെ ജയമാണിത്. ഇന്ത്യയെക്കൂടാതെ ഏഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്താന്‍ മാത്രമാണ് ലോര്‍ഡ്‌സില്‍ വിജയം നേടിയത്.

ജസ്പ്രീത് ബുംറ (34) എല്ലാ ഫോര്‍മാറ്റിലുമായുള്ള തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് നേടിയത്. ബുംറ-ഷമി കൂട്ടുകെട്ട് ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടും ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടുമാണ്. ഇഷാന്ത് ശര്‍മ 311 ടെസ്റ്റ് വിക്കറ്റുകളാണ് നേടിയത്. സഹീര്‍ ഖാന്റെ 311 വിക്കറ്റ് നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് സഹീര്‍ ഖാന്‍.

ഇംഗ്ലണ്ടിന്റെ റോറി ബേണ്‍സ് 2021ല്‍ പൂജ്യത്തിന് പുറത്താവുന്നത് ഇത് അഞ്ചാം തവണ. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇംഗ്ലണ്ട് ഓപ്പണറായി ബേണ്‍സ് മാറി. നാട്ടില്‍ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിനിന് പുറത്താവുന്നത് ഇതാദ്യം.

ഈ നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഒമ്പത്, പത്ത് ബാറ്റ്‌സ്മാന്‍മാര്‍ ഒരു ഇന്നിങ്‌സില്‍ 25ന് മുകളില്‍ സ്‌കോര്‍ നേടുന്നത് ആദ്യമായാണ്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും ജെയിംസ് ആന്‍ഡേഴ്‌സന് നേടാനായില്ല. ലോര്‍ഡ്‌സില്‍ ആന്‍ഡേഴ്‌സന് ഒരു ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും നേടാനാവാത്തത് ഇതാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications