ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള അവസാന വട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. അടുത്ത വെള്ളിയാഴ്ച (ജൂണ്‍ 20) മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് ആദ്യ അങ്കം ആരംഭിക്കാനിരിക്കുന്നത്. അതിനു മുന്നോടിയായി ആദ്യത്തെ പരിശീലന മല്‍സരം കളിച്ചുകൊണ്ടിരിക്കുകയാണ് ശുഭ്മന്‍ ഗില്ലും സംഘവും. നേരത്തേ തന്നെ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ എ ടീമുമായിട്ടാണ് സീനിയര്‍ ടീം പോരടിക്കുന്നത്.
ഈ മല്‍സരം അടച്ചിട്ട വേദിയില്‍ നടത്തണമെന്നു ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ബിസിസിഐയോടു നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ് ടീം തങ്ങളുടെ ഗെയിം പ്ലാനുകള്‍ മനസ്സിലാക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം നടത്തിയത്.
അതുകൊണ്ടു തന്നെ ഈ കളിയുടെ തല്‍സമയ സംപ്രേക്ഷണവും വേണ്ടെന്നു വച്ചിരുന്നു. ഇപ്പോഴിതാ കളിയെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ ദേവേന്ദ്ര പാണ്ഡെയാണ് എക്‌സിലൂടെ താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുള്ളത്.

കസറിയത് സര്‍ഫറാസ്
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത യുവ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനാണ് പരിശീലന മല്‍സരത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അദ്ദേഹം കിടിലന്‍ സെഞ്ച്വറി തന്നെ കുറിച്ചിരിക്കുകയാണ്. പുറത്താവാതെ 101 റണ്‍സെടുത്ത ശേഷം സര്‍ഫറാസ് റിട്ടയേര്‍ഡ് ഔട്ടാവുകയും ചെയ്തു. ഇന്ത്യന്‍ എ ടീമിനു വേണ്ടി ഇറങ്ങിയ അദ്ദേഹം വെറും 76 ബോളിലാണ് 101ലേക്കു കുതിച്ചത്. 15 ഫോറും രണ്ടു സിക്‌സറുകളും ഇതിലുള്‍പ്പെടും.
അഭിമന്യു ഈശ്വരനു കീഴില്‍ നേരത്തേ ഇംഗ്ലണ്ട് ലയണ്‍സുമായി രണ്ടു ടെസ്റ്റുകളുടെ അനൗദ്യോഗിക പരമ്പര കളിച്ച ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായിരുന്നു സര്‍ഫറാസ്. ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ 90 പ്ലസ് സ്‌കോറും അദ്ദേഹം കുറിച്ചിരുന്നു. ഇപ്പോഴിതാ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യന്‍ സെലക്റ്റര്‍മാര്‍ക്കു ബാറ്റ് കൊണ്ടു മറുപടി നല്‍കിയിരിക്കുകയാണ് സര്‍ഫറാസ്.
ഇന്ത്യന്‍ ടീം അവസാനമായി കളിച്ച ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസും സംഘത്തിലുണ്ടായിരുന്നു. പക്ഷെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍പ്പോലും സര്‍ഫറാസിനെ കളിപ്പിച്ചില്ല. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിന്‍ യുവ ബാറ്റര്‍ ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ടത്.
അടുത്തിടെ 10 കിലോയോളം തടി കുറച്ച് കൂടുതല്‍ ഫിറ്റ്‌നസും താന്‍ കൈവരിച്ചു കഴിഞ്ഞതായി സോഷ്യല്‍ മീഡിയയിലൂടെ സര്‍ഫറാസ് ലോകത്തെ അറിയിച്ചിരുന്നു. ഇതോടെ തനിക്കു തീര്‍ച്ചയായും ഇംഗ്ലണ്ട് പര്യടനത്തില്‍ അവസരം കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.
പക്ഷെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍ഫറാസിനു സ്ഥാനമുണ്ടായില്ല. പകരം മറുനാടന്‍ മലയാളി താരമായ കരുണ്‍ നായര്‍ക്കാണ് ടീമിലേക്കു വിളിയെത്തിയത്. കൂടാതെ തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം സായ് സുദര്‍ശനും ആദ്യമായി ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചു.

മറ്റുള്ളവരുടെ പ്രകടനം
പരിശീലന മല്‍സരത്തില്‍ സര്‍ഫറാസ് ഖാന്‍ കിടിലന്‍ സെഞ്ച്വറിയോടെ കസറിയപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് പോലും ലഭിച്ചില്ലെന്നതാണ് മറ്റൊരു സര്‍പ്രൈസ്. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യയെ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാവും. എന്നാല്‍ മറ്റൊരു മുന്‍നിര പേസറായ മുഹമ്മദ് സിറാജിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്ള സായ് സുദര്‍ശനേക്കാള്‍ കൂടുതല്‍ റണ്‍സ് എ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇഷാന്‍ കിഷന്‍ നേടിയെന്നതും പരിശീലന മല്‍സത്തിലെ മറ്റൊരു പ്രത്യേകതയാണ്. സായിക്കു 38 റണ്‍സാണ് നേടാനായത്. എന്നാല്‍ ഇഷാന്‍ 45 റണ്‍സുമായി പുറത്താവാതെ ക്രീസിലുണ്ട്.
അഭിമന്യു ഈശ്വരന്‍ 39 റണ്‍സെടുത്ത് പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടു തവണ ബാറ്റ് ചെയ്‌തെങ്കിലും ഡെക്കായി മടങ്ങി. ഇഷാനോടൊപ്പം പുറത്താവാതെ 19 റണ്‍സുമായി ശര്‍ദ്ദുല്‍ ടാക്കൂറാണ് ക്രീസില്‍. എ ടീമിനായി കളിച്ച റുതുരാജ് ഗെയ്ക്വാദ് ഫ്‌ളോപ്പായി. പൂജ്യത്തിനു അദ്ദേഹം ഔട്ടാവുകയായിരുന്നു. നേരത്തേ ആദ്യദിനം ഇന്ത്യന്‍ സീനിയര്‍ ടീമിനായി ശുഭ്മന്‍ ഗില്ലും കെഎല്‍ രാഹുലും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി തിളങ്ങിയിരുന്നു.