Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇടിവെട്ട് സെ‍ഞ്ച്വറിയോടെ റിഷഭ്, കട്ട സപ്പോര്‍ട്ടുമായി ജഡ്ഡു- ഇന്ത്യക്കു മികച്ച സ്‌കോര്‍

1

എഡ്ബാസ്റ്റണ്‍: വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ട ശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലേക്കു ഗംഭീര തിരിച്ചുവരവ്. അഞ്ചു വിക്കറ്റിനു 98 റണ്‍സെന്ന നിലയില്‍ മുട്ട് ഇടിച്ച ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റിനു 338 റണ്‍സെന്ന മികച്ച സ്‌കോറിലെത്തി നില്‍ക്കുകയാണ്. റിഷഭ് പന്തിന്റെ (146) ഇടിവെട്ട് സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെ (83*) ഫിഫ്റ്റിയുമാണ് ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. ജഡേജയോടൊപ്പം റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയാണ് ക്രീസില്‍. 163 ബോളില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ജഡ്ഡുവിന്റെ ഇന്നിങ്‌സ്.

വെറും 111 ബോളില്‍ 20 ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റിഷഭ് 146 റണ്‍സ് വാരിക്കൂട്ടിയത്. 89 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറി കൂടിയാണ് റിഷഭ് നേടിയത്. ഏഷ്യക്കു പുറത്ത് താരം നേടിയ നാലാമത്തെ സെഞ്ച്വറിയാണിത്. ഏഷ്യക്കു പുറത്ത് ഏറ്റവുമധികം സെഞ്ച്വറികളടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും റിഷഭിനെ തേടിയെത്തി.

2

അഞ്ചിനു 98 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യയെ ആറാം വിക്കറ്റില്‍ റിഷഭ്- ജഡേജ സഖ്യം 222 റണ്‍സിന്റെ കൂട്ടുകെട്ടുമായി രക്ഷിക്കുകയായിരുന്നു. ടീം സ്‌കോര്‍ 320ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. റിഷഭിനെ പുറത്താക്കി ജോ റൂട്ടാണ് ഇംഗ്ലണ്ടിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. സിക്‌സിനു ശേഷം തൊട്ടടുത്ത ബോളിലും വമ്പന്‍ ഷോട്ടിനു ശ്രമിച്ച റിഷഭിനെ സ്ലിപ്പില്‍ സാക്ക് ക്രോളി പിടികൂടുകയായിരുന്നു.

ശുഭ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര (13), ഹനുമാ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (15), ശര്‍ദ്ദുല്‍ ടാക്കൂര്‍ (1) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മാത്യു പോട്‌സ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

3

പുതിയ ഓപ്പണിങ് ജോടികളായ ഗില്‍- പുജാര എന്നിവര്‍ ആദ്യ വിക്കറ്റില്‍ 27 റണ്‍സാണ് നേടിയത്. ഗില്ലാണ് ആദ്യം പുറത്തായത്. പിന്നാലെ പുജാരയും സമാനമായ രീതിയില്‍ ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ സ്ലിപ്പില്‍ സാക്ക് ക്രോളിക്ക ക്യാച്ച് നല്‍കി (രണ്ടിന് 46). വിഹാരി, കോലി, ശ്രേയസ് എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ ക്രീസ് വിട്ടതോടെ ഇന്ത്യ അഞ്ചിനു 98 റണ്‍സെന്ന നിലയില്‍ പതറി. തുടര്‍ന്നായിരുന്നു കളിയിലെ വഴിത്തിരിവായ റിഷഭ്- ജഡേജ കൂട്ടുകെട്ട്.

ടോസിനു ശേഷം ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനായി ജസ്പ്രീത് ബുംറയുടെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ചേതേശ്വര്‍ പുജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. നേരത്തേ നടന്ന സന്നാഹ മല്‍സസരത്തില്‍ രണ്ടിന്നിങ്‌സുകളിലും മികച്ച പ്രകടനം നടത്തിയിട്ടും കെഎസ് ഭരതിനു ടീമില്‍ ഇടം ലഭിച്ചില്ല. പകരം ഹനുമാ വിഹാരിയാണ് ടീമിലെത്തിയത്. നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ടതാണ് ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍. രവീന്ദ്ര ജഡേജയാണ് ഏക സ്പിന്നര്‍.

4

കൊവിഡില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാല്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഈ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ബുംറയ്ക്കു കരിയറിലാദ്യമായി ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പര്യടനത്തില്‍ മാറ്റിവയ്ക്കപ്പെട്ട ടെസ്റ്റ് കൂടിയാണിത്. അന്നു അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു ലീഡ് ചെയ്യവെ അവസാന ടെസ്റ്റ് മുടങ്ങുകയും തുടര്‍ന്നു മാറ്റിവയ്ക്കുകയുമായിരുന്നു. ഇന്ത്യന്‍ ക്യാംപിലെ ചിലര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ടെസ്റ്റ് നീട്ടിവച്ചത്. പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്കു എഡ്ബാസ്റ്റണില്‍ സമനില പിടിക്കാനായാല്‍ പരമ്പര കൈക്കലാക്കാം.

ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യയെ നേരിടുന്നത്. പുതിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ടീമിനെ നയിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ പരമ്പരയിലാണ് അദ്ദേഹം ക്യാപ്റ്റനായി അരങ്ങേറിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍).

ഇംഗ്ലണ്ട്- അലെക്‌സ് ലീസ്, സാക്ക് ക്രോളി, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), മാറ്റി പോട്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Friday, July 1, 2022, 23:41 [IST]
Other articles published on Jul 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+