ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്നു ആരംഭിക്കാനിരിക്കെ വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനെയും ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനും സാധ്യതയുള്ള താരങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രവചനം.
ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വിരമിക്കലിനു ശേഷം പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര കൂടിയാണ് ഇംഗ്ലണ്ടിലേത്. ഇരുവരുടെയും അഭാവം നികത്താനായെങ്കില്‍ മാത്രമേ ഇംഗ്ലീഷ് മണ്ണില്‍ ചരിത്ര വിജയം കുറിക്കാന്‍ ഗില്ലിനും സംഘത്തിനും സാധിക്കുകയുള്ളൂ.

ആരാവും വിക്കറ്റ് വേട്ടക്കാരന്‍?
സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെക്കുറിച്ച് നിരീക്ഷണം നടത്തവെയാണ് കൂടുതല്‍ റണ്‍സും വിക്കറ്റും നേടാന്‍ സാധ്യതയുള്ള താരങ്ങളെക്കുറിച്ച് ആര്‍ അശ്വിന്‍ പ്രവചിച്ചത്. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സായിരിക്കും പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകള്‍ എടുത്തേക്കുകയെന്നാണ് അദ്ദേഹം പറയുന്നത്.
പരമ്പരയിലെ അഞ്ചു സ്റ്റെുകളിലും കളിക്കുകയാണെങ്കില്‍ ക്രിസ് വോക്‌സായിരിക്കും കൂടുതല്‍ വിക്കറ്റ് നേടിയേക്കുക. ചിലപ്പോള്‍ ഷുഐബ് ബഷീറാവാനും സാധ്യതയുണ്ട്. ഇന്ത്യയുടെ കാര്യത്തിലേക്കു വരികയാണെങ്കില്‍ ജസ്പ്രീത് ബുംറ മുഴുവന്‍ ടെസ്റ്റുകളിലും കളിക്കാനിടയില്ല. അതുകൊണ്ടു തന്നെ മുഹമ്മദ് സിറാജിനായിരിക്കും കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചേക്കുകയെന്നും അശ്വിന്‍ പ്രവചിക്കുന്നു.
കൂടുതല്‍ റണ്‍സടിക്കുക അവന്‍
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും വേണ്ടി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുക ആരൊക്കെയാവുമെന്നും ആര്‍ അശ്വിന്‍ പ്രവചിച്ചു. യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളോ, സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലോ ആയിരിക്കില്ല ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുക്കുകയെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
കെഎല്‍ രാഹുലിനു ഇന്ത്യയുടെ ടോപ്‌സ്‌കോററാവാന്‍ കഴിയും. പക്ഷെ ഓപ്പണറായതിനാല്‍ അദ്ദേഹത്തിനു ചില കടുപ്പമേറിയ ഒന്നാമിന്നിങ്‌സുകളുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ രാഹുലിനു പകരം റിഷഭ് പന്തിനെയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായി ഞാന്‍ തിരഞ്ഞെടുക്കുക. റിഷഭിനു മാത്രമേ സ്വയം തന്നെ പുറത്താക്കാന്‍ സാധിക്കുയുള്ളൂവെന്നും അശ്വിന്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററിലേക്കു വന്നല്‍ ജോ റൂട്ടിനെ ഒഴിവാക്കി മുന്നോട്ടു പോവാന്‍ കഴിയില്ല. കൂടാതെ ബെന്‍ ഡക്കെറ്റും അവര്‍ക്കു വേണ്ടി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തേക്കാന്‍ സാധ്യതയുള്ള താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിച്ച് നിര്‍ണായകം
ടെസ്റ്റ് പരമ്പരയിലെ വിജയികളെ നിശ്ചയിക്കുന്നതില്‍ ഓരോ മല്‍സരത്തിനും വേണ്ടി തയ്യാറാക്കുന്ന പിച്ചുകളുടെ സ്വഭാവം നിര്‍ണായകമാണെന്നും ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സ്‌കോറുകള്‍ പിറക്കാനാടയുള്ള ഫ്‌ളാറ്റ് പിച്ചുകളൊരുക്കിയാല്‍ ഈ ബാറ്റിങ് ലൈനപ്പും കുല്‍ദീപ് യാദവിനെയും വച്ച് ഇന്ത്യക്കു നല്ല സാധ്യത തന്നെയുണ്ട്.
ബാറ്റിങ് വിക്കറ്റൊരുക്കി ഷുഐബ് ബഷീറിലൂടെ ഇന്ത്യയെ പൂട്ടാനാണ് പ്ലാനെങ്കില്‍ ഇംഗ്ലണ്ടിന്റെ പ്ലാനെങ്കില്‍ അതും നടക്കില്ല. കാരണം ഇന്ത്യന്‍ താരങ്ങള്‍ സ്പിന്നിനെ നന്നായി കൈകാര്യം ചെയ്യുന്നവരുമാണ്.
എന്നാല്‍ പിച്ച് അല്‍പ്പം ജീവനുള്ളതാണെങ്കില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ബാറ്റര്‍മാര്‍ പരീക്ഷിക്കപ്പെടുകയും ചെയ്യും. അതു ഇംഗ്ലണ്ടിനു പരമ്പര നേടാനുള്ള കൂടുതല്‍ സാധ്യതയും നല്‍കുമെന്നും അശ്വിന്‍ വിലയിരുത്തി.
ഇതുവരെയുള്ള ചരിത്രമെടുത്താല്‍ വെറും മൂന്നു തവണ മാത്രമേ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കായിട്ടുള്ളൂ. 1971, 1986, 2007 വര്‍ഷങ്ങളിലാണിത്. ഏറ്റവും അവസാനമായി ഇന്ത്യന്‍ ടീം ഇവിടെ പരമ്പര വിജയം കൊയ്തത് രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ്.