ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് 25ന് ആരംഭിക്കുകയാണ്. ലീഡ്‌സില്‍ നടക്കുന്ന മത്സരത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇരു ടീമും. ലോര്‍ഡ്‌സില്‍ ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തോടെ ഇറങ്ങുമ്പോള്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ലീഡ്‌സിലെ പിച്ചില്‍ പരിചയസമ്പത്തുള്ളവര്‍ കുറവാണ്. അതിനാല്‍ത്തന്നെ മത്സരഫലം എന്താകുമെന്ന് കണ്ടറിയാം.
അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ലീഡ്‌സിലും ജയിക്കാനായാല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സമനില ഇന്ത്യക്കുറപ്പിക്കാം. വലിയ താരനിരയുള്ള ഇന്ത്യയുടെ നിലവിലെ ഫോമും പ്രതീക്ഷ നല്‍കുന്നതാണ്. അതേ സമയം ടീമില്‍ മാറ്റങ്ങളുമായി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ടീമില്‍ അധികം മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല. ആര്‍ അശ്വിന്‍ പ്ലേയിങ് 11ല്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. കാരണം ലീഡ്‌സില്‍ അനില്‍ കുംബ്ലെയടക്കമുള്ള പല സ്പിന്നര്‍മാരും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്.അതിനാല്‍ത്തന്നെ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള സ്പിന്നറെ ഇന്ത്യക്ക് ആവിശ്യമാണ്. രവീന്ദ്ര ജഡേജയാണ് ആദ്യ രണ്ട് ടെസ്റ്റിലും അശ്വിനെ മറികടന്ന് ടീമില്‍ ഇടം പിടിച്ചത്. ബാറ്റുകൊണ്ട് തിളങ്ങാനായെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.
അവസരം കാത്ത് പൃഥ്വി ഷായും മായങ്ക് അഗര്‍വാളും സൂര്യകുമാര്‍ യാദവും ടീമിലുണ്ട്. എന്നാല്‍ ബാറ്റിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ തുടര്‍ന്നേക്കും. മൂന്നാം നമ്പറിലെ ചേതേശ്വര്‍ പുജാരയുടെ മോശം ഫോം തലവേദനയാണെങ്കിലും ലോര്‍ഡ്‌സില്‍ നിര്‍ണ്ണായക സമയത്ത് 46 റണ്‍സുമായി തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. അതിനാല്‍ത്തന്നെ പുജാരക്ക് മൂന്നാം മത്സരത്തിലും അവസരം ലഭിക്കുമെന്നുറപ്പാണ്.
ഇന്ത്യയുടെ സാധ്യതാ 11:രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,ആര്‍ അശ്വിന്‍,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ഇഷാന്ത് ശര്‍മ/രവീന്ദ്ര ജഡേജ.