ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തേയും മത്സരം നാളെ ആരംഭിക്കാന്‍ പോവുകയാണ്. 3-1ന് ഇതിനോടകം ഇന്ത്യ പരമ്പര ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചാം മത്സരവും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി നാട്ടിലേക്ക് മടക്കാമെന്നാണ് ഇപ്പോള്‍ ഇന്ത്യ പദ്ധതിയിടുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ നേടിയ അട്ടിമറി ജയം അവസാന മത്സരത്തിലും ആവര്‍ത്തിക്കാമെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. അഞ്ചാം ടെസ്റ്റ് പല കാരണങ്ങളാല്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ആര്‍ അശ്വിന്റെ 100ാം ടെസ്റ്റാണ് ധരംശാലയില്‍ നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ അശ്വിന്‍ വമ്പന്‍ നേട്ടമാണ് ധരംശാലയിലെ മത്സരത്തിലൂടെ സ്വപ്‌നം കാണുന്നത്. ചരിത്ര നേട്ടത്തിലേക്ക് കടക്കുന്ന അശ്വിനെ പ്രശംസിക്കുന്നവര്‍ ഏറെയാണെങ്കിലും ഇപ്പോഴിതാ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ലക്ഷ്മണ്‍ ശിവരാമ കൃഷ്ണന്‍. വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും ബഹുമാനമില്ലാത്ത താരമാണവനെന്നുമാണ് ലക്ഷ്മണ്‍ എക്‌സിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.
'100ാം ടെസ്റ്റ് കളിക്കുന്നതില്‍ അഭിനന്ദിക്കാന്‍ അശ്വിനെ ഒന്ന് രണ്ട് തവണ ഫോമില്‍ വിളിച്ചു. എന്നാല്‍ എന്റെ ഫോണ്‍ അവന്‍ കട്ടാക്കുകയാണ് ചെയ്തത്. സന്ദേശം അയച്ചെങ്കിലും മറുപടിയില്ല. മുന്‍ താരങ്ങള്‍ക്ക് അവന്‍ നല്‍കുന്ന ബഹുമാനം ഇതാണ്' എന്നാണ് അശ്വിനെ പ്രശംസിച്ചുകൊണ്ട് ഒരു ആരാധകന്‍ കുറിച്ചതിന് മറുപടിയായി ലക്ഷ്മണ്‍ പോസ്റ്റ് ചെയ്തത്. നേരത്തെ അശ്വിനെ പരസ്യമായി അപമാനിച്ചിട്ടുള്ളവരിലൊരാളാണ് ലക്ഷ്മണ്‍.
അശ്വിന്‍ സ്വാര്‍ത്ഥനാണെന്നും സ്വന്തം റെക്കോഡുകളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവനാണെന്നും ലക്ഷ്മണ്‍ ആരോപിച്ചിരുന്നു. ഇന്ത്യയില്‍ മാത്രമാണ് അശ്വിന്‍ മികച്ചവനെന്നും സെന രാജ്യങ്ങളില്‍ അശ്വിന്റെ കണക്കുകള്‍ മോശമാണെന്നും തുറന്നടിച്ച് പല തവണ ലക്ഷ്മണ്‍ അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അശ്വിന്‍ ലക്ഷ്മണിന്റെ ഫോണ്‍ എടുക്കാന്‍ തയ്യാറാവാത്തത്. മുന്‍ സ്പിന്നറായ ലക്ഷ്മണ്‍ അശ്വിന്റെ നേട്ടങ്ങളെ വിലകുറച്ച് കാണിക്കാന്‍ പല തവണ ശ്രമിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ അശ്വിന്‍ ലക്ഷ്മണിന്റെ ഫോണെടുക്കാത്തത് നല്ല കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍ അശ്വിന്‍ ചരിത്ര നേട്ടത്തിലേക്ക് പോകുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തി സ്വന്തം വില കുറച്ചുകാണിക്കാനാണ് ലക്ഷ്മണ്‍ ശ്രമിക്കുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു. ഒരേ നാട്ടുകാരനായിരുന്നിട്ടും അശ്വിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ വളര്‍ച്ചയിലെ അസൂയകൊണ്ടാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന 14ാമത്തെ താരമാകാനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്‍. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ബൗളറും മൂന്നാമത്തെ സ്പിന്നറുമാണ് അദ്ദേഹം. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ഇഷാന്ത് ശര്‍മ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവര്‍. ഇംഗ്ലണ്ട് പരമ്പരയിലൂടെ അനില്‍ കുംബ്ലെക്ക് ശേഷം 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡിലേക്കെത്താന്‍ അശ്വിന് സാധിച്ചിരുന്നു. 98 മത്സരങ്ങളില്‍ നിന്ന് ഈ വലിയ നേട്ടത്തിലേക്കെത്താന്‍ അശ്വിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.
മറ്റൊരു വമ്പന്‍ റെക്കോഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. 100 ടെസ്റ്റിന് മുമ്പ് 500 വിക്കറ്റ് നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. 584 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് തലപ്പത്ത്. 507 വിക്കറ്റുള്ള ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. 478 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെ മൂന്നാം സ്ഥാനത്താണ്. ടെസ്റ്റില്‍ കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയവരില്‍ കുംബ്ലക്കൊപ്പമാണ് അശ്വിന്‍. 35 തവണ ഇരുവരും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 79 താരങ്ങളാണ് 100 ടെസ്റ്റ് മത്സരം കളിച്ചത്. ഇപ്പോള്‍ ആ പട്ടികയിലേക്ക് അശ്വിനും എത്തുകയാണ്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് കളിച്ചാണ് അശ്വിന്‍ തുടങ്ങിയത്. ഇതിന് ശേഷം ഇന്ത്യ നാട്ടില്‍ കളിച്ച എല്ലാ ടെസ്റ്റിലും അശ്വിന്‍ പങ്കെടുത്തുവെന്നതാണ് എടുത്തു പറയേണ്ടത്.