ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും നനഞ്ഞ പടക്കമായിരിക്കുകയാണ് ഇംഗ്ലണ്ട്. സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കിയ പല താരങ്ങള്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല.
ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ ആര്‍ അശ്വിന്‍ പുറത്താക്കിയിരിക്കുകയാണ്. 33 പന്ത് നേരിട്ട് ആറ് റണ്‍സ് നേടിയ സ്റ്റോക്‌സിനെ അശ്വിന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ആര്‍ അശ്വിന്‍. ബെന്‍ സ്റ്റോക്‌സിനെ ഇത് 12ാം തവണയാണ് അശ്വിന്‍ പുറത്താക്കുന്നത്.
ടെസ്റ്റില്‍ അശ്വിന്‍ കൂടുതല്‍ തവണ പുറത്താക്കിയ ബാറ്റ്‌സ്മാനായി സ്റ്റോക്‌സ് മാറിയിരിക്കുകയാണ്. ഇതിന് മുമ്പ് ബെന്‍ സ്‌റ്റോക്‌സിന് കൂട്ടായി ഡേവിഡ് വാര്‍ണറുമുണ്ടായിരുന്നു. എന്നാല്‍ വീണ്ടും അശ്വിന് മുന്നില്‍ വീണതോടെ നാണംകെട്ട റെക്കോഡില്‍ സ്‌റ്റോക്‌സിന് തലപ്പത്തെക്കെത്തേണ്ടി വന്നു. അലെസ്റ്റര്‍ കുക്കിനെ 9 തവണയും സ്റ്റീവ് സ്മിത്തിനെ 8 തവണയിം അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ മികച്ച റെക്കോഡാണ് അശ്വിനുള്ളത്.
ഇതില്‍ത്തന്നെ സ്‌റ്റോക്‌സിന്റെ പേടി സ്വപ്‌നമായി മാറാനും അശ്വിന് സാധിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താനും അശ്വിന് സാധിച്ചിട്ടുണ്ട്. ആറ് വിക്കറ്റുകള്‍ക്കൂടി നേടിയാല്‍ അനില്‍ കുംബ്ലെക്ക് ശേഷം 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമാകാനുള്ള അവസരം അശ്വിന് മുന്നിലുണ്ട്. ആദ്യ ടെസ്റ്റിലൂടെ ഈ നേട്ടത്തിലേക്കെത്തുക അശ്വിന് സാധിച്ചേക്കില്ല. എന്നാല്‍ രണ്ടാം ടെസ്റ്റിലൂടെ അശ്വിന് ഈ റെക്കോഡിലേക്കെത്താനായേക്കും.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ആധിപത്യമാണ് കാണുന്നത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സാണ് നേടിയത്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ നേടി. ബെന്‍ സ്റ്റോക്‌സിന്റെ 70 റണ്‍സ് പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ജോണി ബെയര്‍സ്‌റ്റോ 37 റണ്‍സും ജോ റൂട്ട് 29 റണ്‍സും ഒന്നാം ഇന്നിങ്‌സില്‍ നേടി.
രണ്ടാം ഇന്നിങ്‌സിലിറങ്ങിയ ഇന്ത്യയുടെ ടോപ് സ്‌കോററായത് രവീന്ദ്ര ജഡേജയാണ്. 87 റണ്‍സാണ് ജഡേജക്ക് നേടാനായത്. സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും ജോ റൂട്ടിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. കെ എല്‍ രാഹുലും സെഞ്ച്വറി പ്രതീക്ഷ നല്‍കിയെങ്കിലും 86 റണ്‍സാണ് നേടാനായത്. സിക്‌സറിന് ശ്രമിച്ചാണ് രാഹുലും വിക്കറ്റ് നഷ്ടപ്പെടുത്തുയത്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 80 റണ്‍സും നേടി. റൂട്ടാണ് യുവ ഓപ്പണറേയും മടക്കിയത്.
നാല് വിക്കറ്റുകളാണ് റൂട്ട് വീഴ്ത്തിയത്. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. റൂട്ടിന്റെ ബൗളിങ് കൂടി ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഇംഗ്ലണ്ടിന് നേരിടേണ്ടി വരുമായിരുന്നു. 200ന് മുകളിലേക്ക് ഇന്ത്യ ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും വാലറ്റം അല്‍പ്പം നിരാശപ്പെടുത്തിയതാണ് ഇന്ത്യയെ 190ലേക്ക് ഒതുക്കിയത്.
190 റണ്‍സ് ലീഡ് നേടിയതോടെ ഇന്നിങ്‌സ് ജയമടക്കം ഇന്ത്യ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ടോപ് ഓഡര്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയതോടെ ലീഡിലേക്കെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യക്ക് മൂന്നാം ദിനം തന്നെ വിജയത്തിലേക്കെത്താന്‍ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. സമനിലയിലേക്ക് മത്സരമെത്തിക്കുക ഇംഗ്ലണ്ടിന് ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വ്യക്തമായ വിജയ സാധ്യതയുണ്ട്.