രോഹിത് ശര്‍മയുടെ ഷോക്കിങ് വിരമിക്കലിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു പുതിയ സ്ഥിരം ക്യാപ്റ്റനെ തിരയേണ്ടി വന്നിരിക്കുകയാണ്. ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ഹിറ്റ്മാന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം വന്നത്. ഇതോടെ അഞ്ചു ടെസ്ുകളുടെ പരമ്പരയില്‍ ടീമിനെ ആരു നയിക്കുമെന്നതാണ് ചോദ്യം.
യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനാണ് പുതിയ ടെസ്റ്റ് നായകസ്ഥാനത്തേക്കു മുന്‍തൂക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തെ ഭാവിയിലെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായാണ് ബിസിസിഐ കാണുന്നത്. എന്നാല്‍ ഗില്ലിനു നായകസ്ഥാനം നല്‍കേണ്ടതില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്.

ഗില്ലിനു സ്ഥാനം പോലും ഉറപ്പില്ല
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരമാണ് ശുഭ്മന്‍ ഗില്ലെന്നും ഇങ്ങനെയൊരാളെ എങ്ങനെ സ്ഥിരം ക്യാപ്റ്റനാക്കുമെന്നുമാണ് കെ ശ്രീകാന്തിന്റെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുഭ്മന്‍ ഗില്ലിനു ടെസ്റ്റില്‍ സ്ഥാനം പോലും ഇപ്പോള്‍ ഉറപ്പില്ല. അതുകൊണ്ടു തന്നെ നായകസ്ഥാനം ജസ്പ്രീത് ബുംറയ്ക്കു നല്‍കണം. അദ്ദേഹം ഫിറ്റല്ലാതിരിക്കുകയോ, ഇംഗ്ലണ്ടില്‍ ഒരു മല്‍സരത്തിലും കളിക്കാതിരിക്കുകയോ ചെയ്താല്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊാളെ ക്യാപ്റ്റനാക്കണമെന്നും 1983ലെ ലോകകപ്പ് വിന്നിങ് സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് ആവശ്യപ്പെടുന്നു.
നാലാമന്‍ ആര്?
രോഹിത് ശര്‍മയെക്കൂടാതെ മറ്റൊരു ഇതിഹാസ ബാറ്ററും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ഒരാഴ്ചത്തെ ഇടവേളയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുതിയ നായകനെ മാത്രമല്ല, നാലാം നമ്പറില്‍ കോലിയുടെ പകക്കാരനെയും ടീമിനു ആവശ്യമായി വന്നിരിക്കുകയാണ്. ഇത് ആരാവണമെന്നും കെ ശ്രീകാന്ത് നിര്‍ദേശിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ആരു ബാറ്റ് ചെയ്യുമെന്ന ചോദ്യത്തിലേക്കു വന്നാല്‍ ഈ പൊസിഷന്‍ കെഎല്‍ രാഹുലിനു നല്‍കണമെന്നാണ് എന്റെ അഭിപ്രായം. മുന്നോട്ടു പോകവെ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായി മാറാന്‍ രാഹുലിനു സാധിക്കും. അദ്ദേഹത്തിനു വളരെ ശരിയായ ബാറ്റിങ് ടെക്‌നിക്കുണ്ട്. അതുകൊണ്ടു തന്നെ രാഹുലിനു ടീമില്‍ നാലാംനമ്പറെന്ന നിശ്ചിത റോള്‍ നല്‍കുകയും വേണമെന്നും ശ്രീകാന്ത് പറയുന്നു.
ഇന്ത്യ അവാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറുടെ റോളിലാണ് രാഹുല്‍ ഇറങ്ങിയത്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു ഇത്. പരിക്കു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ആദ്യ ടെസ്റ്റ് നഷ്ടമായതോടെ യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി രാഹുലിനെ പരീക്ഷിക്കുകയായിരുന്നു. ടീമിനു മികച്ച തുടക്കം നല്‍കി ഈ ജോടി ക്ലിക്കാവുകയും ചെയ്തു.
പിന്നീട് രണ്ടാം ടെസ്റ്റില്‍ പരിക്കു ഭേദമായി രോഹിത് മടങ്ങിയെത്തിയപ്പോള്‍ രാഹുലിനെ ഓപ്പണിങില്‍ നിന്നും മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല. പകരം ബാറ്റിങ് ഓര്‍ഡറില്‍ ഹിറ്റ്മാന്‍ താഴേക്കു ഇറങ്ങുകയായിരുന്നു. ഇപ്പോള്‍ രോഹിത് ടെസ്റ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ഇംഗ്ലണ്ടിലുമ രാഹുല്‍ തന്നെ ഓപ്പണിങില്‍ തുടരാനാണ് സാധ്യത.

കോലിയുടെ വിരമിക്കല്‍
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോലിയുടെ വിരമിക്കല്‍ നേരത്തേ ആയിപ്പോയെന്നും രണ്ട്- മൂന്നു വര്‍ഷങ്ങള്‍ കൂടി അദ്ദേഹത്തിനു തീര്‍ച്ചയായു കളിക്കാന്‍ സാധിക്കുമായിരുന്നെന്നും കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
വിരാട് കോലിയുടെ കാര്യത്തില്‍ വലിയൊരു ചോദ്യാണ് മുന്നിലുള്ളത്. തീര്‍ച്ചയായും വലിയ വിടവ് തന്നെയാണിത്. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രതീകമായിരുന്നു വിരാട്. വളരെയധികം പാഷനോടും അഗ്രഷനോടും കൂടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതാണ് വിരാടിന്റെ മഹത്വം.
സത്യം പറഞ്ഞാല്‍ അദ്ദേഹത്തിനു ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം സെലക്ടര്‍മാര്‍ നല്‍കണമായിരുന്നു. രണ്ട്- മൂന്ന് വര്‍ഷം കൂടിയെങ്കിലും വിരാട് കളിക്കുകയും വേണ്ടിയിരുന്നു. പക്ഷെ ഇപ്പോള്‍ നമുക്ക് അദ്ദേഹത്തിനു ആശംസകള്‍ നേരാന്‍ മാത്രമേ കഴിയൂയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.