IND vs ENG: ജയ്‌സ്വാളിന്റെ 214, ജുറേലിന്റെ 90; ഇതിനേക്കാള്‍ പ്രധാനം മറ്റൊന്ന്! ദ്രാവിഡ് പറയുന്നു
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ആധികാരിക വിജയം കൊയ്തതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ കോച്ചും മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പര 4-1നാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളഞ്ഞത്.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ദൈര്‍ഘ്യമേറിയ ഈ പരമ്പരയില്‍ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. ഇവയില്‍ ഏറ്റവും വേറിട്ടുനില്‍ക്കുന്ന മുഹൂര്‍ത്തം ഏതായിരുന്നുവെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ദ്രാവിഡ്. മൂന്നാം ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിന്റെ 214 റണ്‍സും നാലാം ടെസ്റ്റില്‍ ധ്രുവ് ജുറേല്‍പൊരുതി നേടിയ 90 റണ്‍സുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് ഏറെ വിലപ്പെട്ട പ്രകടനങ്ങളായിരുന്നു. പക്ഷെ ഇവയൊന്നുമല്ല പരമ്പരയിലെ ഏറ്റവും അവിസ്മരണീയ നിമിഷമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ദ്രാവിഡ്.

കുടുംബപരമായ കാരണങ്ങളെ തുടര്‍ന്ന് ടീം വിട്ട സ്റ്റാര്‍ ഓഫ് സ്പിന്നറും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ മൂന്നാം ടെസ്റ്റിനിടെ മടങ്ങിയെത്തിയതാണ് അറ്റവും പ്രധാനപ്പെട്ട നിമിഷമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. മൂന്നാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ കളിക്കു ശേഷമാണ് അമ്മയുടെ അസുഖം കാരണം അശ്വിന്‍ അപ്രതീക്ഷിതമായി ടീം വിട്ടത്. ഇതോടെ ടെസ്റ്റില്‍ അദ്ദേഹം തുടര്‍ന്നു കളിക്കുമോയെന്നത് സംശയത്തിലാവുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിനു മുമ്പ് അശ്വിന്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു.
വളരെ മോശം മാനസികാവസ്ഥയിലൂടെ കടന്നുപോയതിനു ശേഷം ആര്‍ അശ്വിന്‍ ടീമിലേക്കു മടങ്ങിയെത്തിയതാണ് പരമ്പയിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായി ഞാന്‍ തിരഞ്ഞെടുക്കുക. തിരിച്ചുവരാനും ടീമിനു വേണ്ടി സംഭാവന ചെയ്യാനും ആഷ് (അശ്വിന്‍) ആഗ്രഹിച്ചിരുന്നു. ഈ ടീം എന്താണെന്നും ഈ ടീമിന്റെ സ്വഭാവം എന്താണെന്നുമാണ് ഇതു സൂചിപ്പിക്കുന്നതെന്നു ഞാന്‍ കരുതുന്നു.
പരമ്പരയില്‍ എന്നെ സംബന്ധിച്ച് ഏറ്റവും എടുത്തു പറയേണ്ട മുഹൂര്‍ത്തം ഇതു തന്നെയാണ്. ഈ തരത്തിലുള്ള ഒരു അന്തരീക്ഷം ടീമിനകത്ത് സൃഷ്ടിച്ചെടുത്തത് കാണുമ്പോള്‍ കോച്ചെന്ന നിലയില്‍ അതു നിങ്ങളുടെ ഹൃദയത്തെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്യുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
പരമ്പരയില്‍ ഏറ്റവുമധി കം വിക്കറ്റുകള്‍ കൊയ്ത ബൗളര്‍ അശ്വിനായിരുന്നു. 26 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. അഞ്ചാം ടെസ്റ്റില്‍ ഇറങ്ങിയ അശ്വിന്‍ 100 മല്‍സരങ്ങളെന്ന നാഴികക്കല്ലും പൂര്‍ത്തിയാക്കിയിരുന്നു. മല്‍സരത്തില്‍ രണ്ടിന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു.

അതേസമയം, ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകള്‍ ഈ പരമ്പരയിലൂടെ ലഭിച്ചതായി കാണാം. സര്‍ഫറാസ് ഖാന്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ എന്നിവര്‍ ഈ പരമ്പരയുടെ കണ്ടെത്തലുകളാണ്. കൂടാതെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, പേസര്‍ ആകാശ്ദീപ് എന്നിവരും ഈ പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയിരുന്നു.
അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയുമായി സര്‍ഫറാസ് വരവറിയിച്ചപ്പോള്‍ ജുറേല്‍ നാലാം ടെസ്റ്റില്‍ മാച്ച് വിന്നിങ് പ്രകടനങ്ങളുമായി പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. അഞ്ചാം ടെസ്റ്റിലായിരുന്നു ദേവ്ദത്തിന്റെ അരങ്ങേറ്റം.
കന്നി ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയുമായി താരം മിന്നിക്കുകയും ചെയ്തു. റണ്‍വേട്ട നടത്തിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം 712 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications