മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുളള ലോര്‍ഡ്‌സിലെ മൂന്നാമങ്കത്തില്‍ പൊരുതിത്തോറ്റതോടെ ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ ഇനി നാലാം ടെസ്റ്റിലാണ്. ത്രില്ലിങ് മാച്ചില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഐതിഹാസിക വേദിയില്‍ ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടി വന്നത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് അപരാജിത ഫിഫ്റ്റിയുമായി രവീന്ദ്ര ജഡേജ അവസാനം വരെ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.
23 മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഈ പോരാട്ടം നടക്കാനിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരം ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്. കാരണം അഞ്ചു ടെസ്റ്റുകളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ത്യക്കു മാഞ്ചസ്റ്ററില്‍ ജയിച്ചേ തീരൂ. ലോര്‍ഡ്‌സില്‍ തോറ്റ ടീമില്‍ ചില മാറ്റങ്ങളോടെയാവും മാഞ്ചസ്റ്ററില്‍ ഇന്ത്യയിറങ്ങുക. നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

രണ്ടു മാറ്റങ്ങള്‍
ഇംഗ്ലണ്ട് പര്യടനത്തില്‍ തുടര്‍ച്ചയായി നാലാമത്തെ ടെസ്റ്റിലും ഇലവനില്‍ മാറ്റവുമായിട്ടാണ് മാഞ്ചസ്റ്ററിലെ നാലാമങ്കത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുക. ബാറ്റിങിലും ബൗളിങിലും ഓരോ മാറ്റങ്ങള്‍ ടീമില്‍ പ്രതീക്ഷിക്കാം. ഓപ്പണിങില്‍ ഇന്ത്യ അഴിച്ചു പണിയൊന്നും വരുത്തില്ല.
കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും തന്നെ ഓപ്പണിങില്‍ തുടരും. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജയ്‌സ്വാള്‍ ഓപ്പണിങില്‍ വന്‍ പരാജയമായിരുന്നു. അടുത്ത സ്റ്റെില്‍ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ടീം പ്രതീക്ഷിക്കുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ ഇന്ത്യ മാറ്റം വരുത്തും.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഈ റോളില്‍ ബാറ്റ് വീശിയത് മറുനാടന്‍ മലയാളി താരം കരുണ്‍ നായരാണ്. 20-30 എന്നിങ്ങനെ ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല.
ഈ പരമ്പരയില്‍ ഒരു ഫിഫ്റ്റി പോലും കരുണ്‍ ഇതുവരെ നേടിയിട്ടില്ല. അദ്ദേഹത്തെ വച്ച് വീണ്ടുമൊരു പരീക്ഷണത്തിന് ഇന്ത്യ മുതിരാനിടയില്ല. കാരണം മൂന്നാം നമ്പറെന്നത് ടെസ്റ്റില്‍ ഏറെ പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനാണ്. അതിനാല്‍ കരുണിനെ പുറത്തിരുത്തി പുതുമുഖമായ അഭിമന്യു ഈശ്വരനെയോ, ഇടംകൈയന്‍ ബാറ്ററും യുവതാരവുമായ സായ് സുദര്‍ശനെയോ മാഞ്ചസ്റ്ററില്‍ ഇന്ത്യ കളിപ്പിച്ചേക്കും.
ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് അഭിമന്യു. കഴിഞ്ഞ കുറച്ചു പരമ്പരകളായി അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.
എന്നാല്‍ മാഞ്ചസ്റ്ററില്‍ അഭിമന്യുവിന്റെ സമയം തെളിയാനിടയുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ തന്റെ സഹതാരമായതിനാല്‍ നായക്ന്‍ ശുഭ്മന്‍ ഗില്ലിനു സായിയോടു പ്രത്യേക താല്‍പ്പര്യമുണ്ടാവും. അതിനാല്‍ സായിയെ കളിപ്പിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ലീഡ്‌സിലെ ആദ്യ ടെസ്റ്റിലൂടെ അദ്ദേഹം അരങ്ങേറിയിരുന്നു.

മൂന്നാമനായാണ് സായ് ബാറ്റ് വീശിയത്. കരുണിനെ ആറാം നമ്പറിലും പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ കരുണിന്റെ ബെസ്റ്റ് പൊസിഷന്‍ മൂന്നാണെന്നു വ്യക്തമായതിനാല്‍ രണ്ടാം ടെസ്റ്റ് മുതല്‍ സായിയെ പുറത്തിരുത്തി അദ്ദേഹത്തിനു ഈ പൊസിഷന്‍ നല്‍കുകയായിരുന്നു. പക്ഷെ തനിക്കു ലഭിച്ച അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കരുണിനു സാധിച്ചിട്ടില്ല.
ഇന്ത്യക്കു വേണ്ടി നാലാമനായി പതിവുപോലെ ഗില്‍ തന്നെ തുടരും. അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ ഊഴമായിരിക്കും. കഴിഞ്ഞ ടെസ്റ്റിനിടെ കൈവിരലിനു പരിക്കേറ്റിരുന്നെങ്കിലും അതു അത്ര സാരമുള്ളതല്ലെന്നാണ് വിവരം. അതിനാല്‍ റിഷഭ് ടീമിലുണ്ടാവും.
ആറാം നമ്പറില്‍ രവീന്ദ്ര ജഡേജയും ഏഴാമനായി നിതീഷ് റെഡ്ഡിയും തന്നെ തുടര്‍ന്നും കളിക്കും. എട്ടാമനായി വാഷിങ്ടണ്‍ സുന്ദറായിരിക്കും. ഇതോടെ സ്റ്റാര്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനു വീണ്ടും കാത്തിരിക്കേണ്ടി വരും.
എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം ടീമിലേക്കു വരിക ഇനിയും ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ലാത്ത ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും. മുഹമ്മദ് സിറാജും ആകാശ്ദീപുമായിരിക്കും ടീമിലെ മറ്റു രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍.
നാലാം ടെസ്റ്റിലെ ഇന്ത്യന്‍ സാധ്യതാ 11
കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍ / സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.