എഡ്ബാസ്റ്റണ്‍: ലീഡ്‌സിലെ ഒന്നാം ടെസ്റ്റിലേറ്റ പരാജയം ടീം ഇന്ത്യയെ തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നത് ഉറപ്പാണ്. ജയിക്കേണ്ടിയിരുന്ന മല്‍സരമാണ് ചില പിഴവുകള്‍ കാരണം ഇന്ത്യ കൈവിട്ടു കളഞ്ഞത്. ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും ഇനി രണ്ടാമങ്കത്തിന് കച്ചമുറുക്കുക. ജൂലൈ രണ്ടു മുതല്‍ ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാം ടെസ്റ്റ്.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇതൊരിക്കലും മികച്ച വേദിയല്ലെന്നു ചരിത്രം പറയുന്നു. ഇവിടെ എട്ടു ടെസ്റ്റുകളിലാണ് ഇതു വരെ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ ഏഴിലും തോല്‍വിയായിരുന്നു ഫലം. ഒരു മല്‍സരം സമനിലയിലും കലാശിച്ചു. 2022ലെ അവസാന ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്.
ലീഡ്‌സില്‍ അഞ്ചു വിക്കറ്റിനു പരാജയപ്പെട്ട ആദ്യ ടെസ്റ്റിലെ ടീമില്‍ ചില മാറ്റങ്ങളോടെയാവും ഇന്ത്യ അടുത്ത മല്‍സരത്തില്‍ ഇറങ്ങുക. എങ്ങനെയാവും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവനെന്നു നോക്കാം.

ബുംറയില്ല, കരുണും?
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ജോലിഭാരം ഇന്ത്യക്കു വലിയൊരു തലവേദന തന്നെയാണ്. ഇംഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളിലും അദ്ദേഹത്തെ കളിപ്പിക്കുകയെന്നതു പ്രായോഗികമല്ല. അതു ബുംറയ്ക്കു പരിക്കേല്‍ക്കാനും കുറച്ചു കാലം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കാനുമെല്ലാം വഴിവച്ചേക്കും. അവസാനമായി ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ സംഭവിച്ചതും ഇതാണ്.
അന്നു അഞ്ചു ടെസ്റ്റുകളിലും തുടര്‍ച്ചയായി കളിച്ചത് ബുംറയ്ക്കു വിനയായി. പുറംഭാഗത്തിനു പരിക്കേറ്റതു കാരണം ഇന്ത്യക്കു ജയം അനിവാര്യമായിരുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും അദ്ദേഹത്തിനു ബൗള്‍ ചെയ്യാനായില്ല. ഈ ടെസ്റ്റില്‍ ടീമിന്റെ ക്യാപ്റ്റനും കൂടിയായിരുന്നു ബുംറ. അദ്ദേഹം ബൗളിങില്‍ നിന്നു മാറിനിന്നതോടെ ടീം തോല്‍വിയിലേക്കും വീണു. പരിക്കു കാരണം പരമ്പരയ്ക്കു പിന്നാലെ ബുംറ ശസ്തക്രിയക്കും വിധേയനായി.
തുടര്‍ന്നു കുറച്ചു മാസങ്ങള്‍ പുറത്തിരിക്കേണ്ടി വന്നതു കാരണം ഐസിസി ചാംപ്യന്‍സ് ട്രോഫിയും അദ്ദേഹത്തിനു നഷ്ടമായി. ഐപിഎല്ലിലൂടെയാണ് ബുംറ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിലും സമാനമായ അബദ്ധം കാണിച്ച് അദ്ദേഹത്തെ വീണ്ടും പരിക്കിലേക്കു തള്ളിയിടാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കില്ല. ഇതേ തുടര്‍ന്നാണ് ചില ടെസ്റ്റുകളില്‍ മാത്രം ബുംറയെ കളിപ്പിക്കാമെന്ന തീരുമാനം അവര്‍ എടുത്തിരിക്കുന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്കു വിശ്രമം നല്‍കും. ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റിലായിരിക്കും അദ്ദേഹം തിരിച്ചെത്തുകയെന്നാണ് സൂചനകള്‍. ബുംറയ്ക്കു പകരം ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങായിരിക്കും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വരുന്നത്. ഇടകൈയനായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ബൗളിങിനു കൂടുതല്‍ വൈവിധ്യവും നല്‍കും.

ആദ്യ ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും യാതൊരു ഇംപാക്ടും സൃഷ്ടിച്ചിട്ടില്ലാത്ത സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെയും അടുത്ത കളിയില്‍ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കും. പകരം മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയാവും ടീമിലെത്തുക. ബാറ്റിങില്‍ ശര്‍ദ്ദുലിനേക്കാള്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ നിതീഷിനു കഴിഞ്ഞേക്കും. ഓസ്ട്രലേിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് അദ്ദേഹം.
ഇന്ത്യ വരുത്തുന്ന മൂന്നാമത്തെ മാറ്റം മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ ഒഴിവാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ധ്രുവ് ജുറേലിനെ കളിപ്പിക്കുകയെന്നതാണ്. കഴിഞ്ഞ ടെസ്റ്റില്‍ തനിക്കു യോജിക്കാത്ത ആറാം നമ്പറിലാണ് കരുണ്‍ കളിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 20 റണ്‍സിനും പുറത്തായി.
ആറാമനായി കരുണിനേക്കാള്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ജുറേലിനു സാധിക്കും. മാത്രമല്ല റിഷഭ് പന്തിനു വിക്കറ്റ് കീപ്പിങില്‍ ഇടയ്‌ക്കൊരു ബ്രേക്ക് വേണ്ടി വന്നാല്‍ അദ്ദേഹത്തെ ഈ റോള്‍ ഏല്‍പ്പിക്കുകയും ചെയ്യാം. ഈ മൂന്നു മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മറ്റു മാറ്റങ്ങളൊന്നും വരുത്താനിടയില്ല.
രണ്ടാം ടെസ്റ്റിലെ സാധ്യതാ 11
യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്.