ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിന്റെ യുവ ഇന്ത്യന്‍ ടീം ഐതിഹാസിക സമനില നേടിയതിനു പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. ടീം തോല്‍ക്കുമ്പോള്‍ മാത്രം ഗംഭീറിന്റെ ഗെയിം പ്ലാനിനെയും ടീം സെലക്ഷനെയും വിമര്‍ശിക്കുയും ചെയ്യുന്നത് ശരിയല്ലെന്നും ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു നല്‍കണമെന്നും സിദ്ധു ആവശ്യപ്പെട്ടു.

ടീം സെലക്ഷന്‍ പൂര്‍ണമായും ഗംഭീറിന്റേതാണെന്നു താന്‍ വിശ്വസിക്കുന്നതായും അതില്‍ ഗില്ലുള്‍പ്പെടെ മറ്റാര്‍ക്കും വലിയ റോളുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓവലിലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആറു റണ്‍സിന്റെ നാടകീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഗില്ലും സംഘവും 2-2ന് അവസാനിപ്പിക്കുകയുമായിരുന്നു.
ഗംഭീറിനെ പ്രശംസിക്കൂ
വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിനടക്കമുള്ള ഇതിഹാസ താരങ്ങളുടെ അഭാവത്തിലും ഇന്ത്യന്‍ ടീമിനു ഇംഗ്ലീഷ് മണ്ണില്‍ നിന്നും തലയുയര്‍ത്തി മടങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഗൗതം ഗംഭീറിനാണെന്നു നവ്‌ജ്യോത് സിങ് സിദ്ധു പറയുന്നു. ടീം തോല്‍ക്കുമ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ജയിക്കുമ്പോള്‍ പ്രശംസിക്കാന്‍ തയ്യാറാവണമെന്നും സിദ്ധു ആവശ്യപ്പെടുന്നു.
നമ്മള്‍ ഒരുപാട് വീരപുരുഷന്‍മാരെ ആരാധിക്കുന്നവരാണ്. ഇന്ത്യന്‍ ടീം അല്‍പ്പം മോശമായി കളിക്കുമ്പോഴെല്ലാം എല്ലാവരും ഗൗതം ഗംഭീറിനെതിരേ തിരിയുകയും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ ഇന്നു എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ അിവാദ്യം ചെയ്യുമോയെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ സിദ്ധു ചോദിച്ചു.
ഈ പര്യടനത്തിനു ഒരു മാസം മുമ്പാണ് ഇന്ത്യന്‍ ബാറ്റിങിലെ നെടുതൂണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും വിരമിച്ചത്. അപ്രതീക്ഷിതമായുള്ള ഇരുവരുടെയും വിരമിക്കലിനെ തുടര്‍ന്ന് ഗംഭീര്‍ അന്നു ഏറെ വിമര്‍ശനങ്ങളും നേരിട്ടു.
രോഹിത്തിനെയും കോലിയെയും വിരമിക്കാന്‍ നിര്‍ബന്ധിതരാക്കിയത് ഗംഭീറാണെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇരുവരുമില്ലാതെ തന്നെ ഇന്ത്യക്കു നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നു അദ്ദേഹം ഇപ്പോള്‍ പുതിയ ടീമിനെ വച്ച് തെളിയിച്ചിരിക്കുകയാണ്.

അതു ഗംഭീറിന്റെ കോള്‍
ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയുടെ തുടക്കം മുതല്‍ അവസാനം വരെ ഗൗതം ഗംഭീര്‍ നേരിട്ട പ്രധാനപ്പെട്ട വിമര്‍ശനങ്ങളിലൊന്ന് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനു അവസരം നല്‍കാതെ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചതിന്റെ പേരിലായിരുന്നു. ഇത്തരമൊരു ബോള്‍ഡായ എടുത്ത ഗംഭീറിനെ അഭിനന്ദിച്ചിരിക്കുകയാണ് നവ്‌ജ്യോത് സിങ് സിദ്ധു.
ഇന്ത്യന്‍ ടീമില്‍ ഇങ്ങനെയൊരു മാറ്റത്തിനു നിര്‍ബന്ധം പിടിച്ചത് ഗൗതം ഗംഭീറാണ്. ആകാശ്ദീപിനെയും വാഷിങ്ടണ്‍ സുന്ദറിനെയും പോലെയുള്ള കളിക്കാര്‍ക്കു പ്ലെയിങ് ഇലവനില്‍ അവസരം നല്‍കിയതും അദ്ദേഹമാണ്. കുല്‍ദീപ് യാദവ് ചിലപ്പോള്‍ മെച്ചപ്പെട്ട ഓപ്ഷനായിരിക്കാം.
ഇന്ത്യ നന്ദി പറയേണ്ടത് സിറാജിനോടു മാത്രമല്ല, 'സഹായിച്ച്' ഇംഗ്ലീഷ് സൂപ്പര്‍ താരവും!! സംഭവമറിയാംപക്ഷെ തന്റെ തീരുമാനമാണ് ശരിയെന്ന ഉറപ്പ് ഗംഭീറിനുണ്ടായിരുന്നു. ഇന്നും നാളെയുമെല്ലാം മെച്ചപ്പെടാനുളള സ്‌കോപ്പുണ്ട്. പക്ഷെ ഒരുപാട് ചോദ്യം ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത ഒരാള്‍ക്ക് (ഗംഭീര്‍) അര്‍ഹമായ അംഗീകാരവും നല്‍കേണ്ടത് ആവശ്യമാണെന്നു സിദ്ധു വ്യക്തമാക്കി.
കുല്‍ദീപിനു പകരം പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയ വാഷിങ്ടണിനു ഈ പരമ്പരയില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നു. എട്ടിന്നിങ്‌സുകളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 284 റണ്‍സെടുത്ത അദ്ദേഹം ഏഴു വിക്കറ്റുകളും നേടിയിരുന്നു. ബൗളിങില്‍ വാഷിങ്ടണിനു വേണ്ടത്ര അവസരങ്ങള്‍ നല്‍കാന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തയ്യാറായിരുന്നില്ല. പല ഇന്നിങ്‌സുകളിലും വളരെ വൈകിയാണ് വാഷിയെ അദ്ദേഹം പന്തേല്‍പ്പിച്ചത്.